Top

കൊവിഡ് 19 പ്രതിരോധം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിന്തുണ നൽകി യുഡിഎഫ്

കേരളം ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണം. കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത് നന്നായിരിക്കും.

കൊവിഡ് 19 പ്രതിരോധം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  പിന്തുണ നൽകി യുഡിഎഫ്

തിരുവനന്തപുരം: കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണ നൽകി യുഡിഎഫ്. ഇത് രാഷ്ട്രീയ വേര്‍തിരിവിന്റെ കാലമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളം ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണം. കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത് നന്നായിരിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍, ദിവസ - ആഴ്ച വേതനക്കാര്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കയര്‍, കശുവണ്ടി, കൈത്തറി തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍, അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, തൊഴിലുറപ്പ് ജീവനക്കാര്‍, മറ്റ് കൂലിവേലക്കാര്‍, വീട്ടു ജോലിക്കാര്‍, കടകളിലും മറ്റും നില്‍ക്കുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കെല്ലാം 1000 രൂപയില്‍ കുറയാത്ത ഒരു സംഖ്യ അടിയന്തരമായി കയ്യില്‍ കിട്ടുന്ന സംവിധാനം ഉണ്ടാക്കണം. ക്ഷേമനിധികളില്‍ നിന്ന് എടുത്ത് ഈ പണം വിതരണം ചെയ്യാവുന്നതാണ്.

ഒറ്റക്കെട്ടായി നിന്നാലെ നമുക്ക് ഈ വൈറസിന്റെ ആക്രമണത്തെ ചെറുക്കാനാവൂ. വൈറസ് വ്യാപനം തടയുന്നതിന് സാഹസികമായ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിന്ദിക്കുന്നു. പോലിസ്, ഫയര്‍ഫോഴ്‌സ് എന്നിവയും അഭിനന്ദാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്.

ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമെന്ന പ്രതിപക്ഷ ആവശ്യം അല്പം വൈകിയാണെങ്കിലും അംഗീകരിച്ചത് നന്നായി. വൈകി വന്ന വിവേകമാണിത്. വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിക്കുന്നതിനും പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ പലതും സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി പറയട്ടെ.

ലോക്ക് ഡൗണില്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ദീര്‍ഘകാലത്തെ ലോക്കഔട്ട് അവരുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ വഴി മുട്ടിക്കും. പല സര്‍ക്കാരുകളും പാക്കേജുകള്‍ പ്രഖ്യാപച്ചിട്ടുണ്ട്. ഉദാഹരണം തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നലെ 3280 കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചു. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും 1000 രൂപയും, സൗജന്യമായ അരി, പരിപ്പ്, എണ്ണ, പഞ്ചസാര എന്നിവയാണ് നല്‍കുന്നത്.


കേരളത്തില്‍ 20,000 കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യപിച്ചിട്ടുണ്ട്. അത് ഉടന്‍ നടപ്പാക്കണം. അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ അനുഭാവ പൂര്‍ണ്ണമായ തീരുമാനം എടുക്കണം. നിസ്സാഹായ അവസ്ഥയിലാണവര്‍. അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് Community Kitchen ഒരുക്കി, ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കുന്ന സംവിധാനം ആലോചിക്കവുന്നതാണ്.

കോവിഡ് ബാധയോടൊപ്പം കടബാദ്ധ്യതയും ജപ്തി ഭീഷണിയും ജനത്തെ ഉലയ്ക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുത്ത ബാങ്കേഴ്സ് യോഗത്തില്‍ കടങ്ങള്‍ക്ക് മോറട്ടോറിയം നല്കാന്‍ അനുകൂലമായ നിലപാട് ബാങ്കുകള്‍ എടുത്തെങ്കിലും 2020 ജനുവരി 31 വരെ കുടിശ്ശിക ഇല്ലാതെ തിരിച്ചടവ് നല്കിയ ഇടപാടുകാര്‍ക്കായി ഈ ആനുകൂല്യം പരിമിതപ്പെടുത്തിയാണ് ഉത്തരവ് ഇറങ്ങിയത്. ഈ ഉത്തരവ് അനുസരിച്ച് അര്‍ഹിക്കുന്ന ഒരാള്‍ക്കു പോലും ആനുകൂല്യം ലഭിക്കുകയില്ല. മുഖ്യമന്ത്രി ഈ കാര്യത്തില്‍ വീണ്ടും ഇടപെട്ട് ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേയ്ക്ക് നിര്‍ത്തിവയ്പ്പിക്കുകയും കടങ്ങള്‍ക്ക് പരമാവധി ഇളവ് നല്‍കുവാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുകയും വേണം.

സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് ഒരു മൊറിറ്റോറിയം അനുവദിച്ചു എങ്കിലും, ജനുവരി 31 വരെ കുടിശ്ശിക വരുത്താത്തവര്‍ക്ക് മാത്രമേ അത് ബാധകമാകുകയുള്ളൂ എന്ന നിബന്ധന ഉള്‍പ്പെടുത്തിയതിനാല്‍ 60 ശതമാനം വ്യക്തികളും ഈ സ്‌കീമില്‍ നിന്നും പുറത്തായ അവസ്ഥയാണ്. ഈ നിബന്ധന ഒഴിവാക്കണം. മറ്റൊരു പ്രധാനപ്പെട്ട കാര്യം മരുന്നുകളുടെ ലഭ്യത ആണ്. എല്ലാം നിയന്ത്രണ വിധേയം ആണെന്ന് പറയുമ്പോഴും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വിതരണക്കാര്‍ക്ക് പലര്‍ക്കും ആവശ്യമായ മരുന്നുകള്‍ സൂപ്പര്‍ സ്റ്റോകിസ്റ്റുകളുടെ കയ്യില്‍ നിന്ന് ലഭിക്കുന്നില്ല. പല സൂപ്പര്‍ സ്റ്റോകിസ്റ്റുകളും പ്രവര്‍ത്തനം നിര്‍ത്തി എന്നും അറിയുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ പലതും ഷോർട്ടേജ് ആണെന്നും അറിയുന്നു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇത് പരിഹരിക്കണം. മാസ്‌ക്കുകളും സാനിറ്റൈസറുകളും കിട്ടാക്കനിയായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി അവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇടപെട്ട് നെല്ല് സംഭരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നെല്ല് മാറ്റുന്നതിന് വാഹനസൗകര്യം സര്‍ക്കാര്‍ ഒരുക്കണം. അതോടൊപ്പം നെല്ല് സൂക്ഷിക്കാന്‍ ഗോഡൗണ്‍ സൗകര്യവും ഓര്‌ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങള്‍ക്കൊപ്പം സ്വകാര്യ ഗോഡൗണാകളും ഒഴിഞ്ഞ കെട്ടിടങ്ങളും ഉപയോഗപ്പെടുത്താന്‍ സാധിക്കും. സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുന്ന കര്‍ഷകന് കൈകാര്യചിലവ് സര്‍ക്കാര്‍ നല്‍കണം. തുടര്‍ച്ചയായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തേണ്ടതുമുണ്ട്..

ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിര്‍ദ്ദേശങ്ങലും നിരക്ക് വര്‍ദ്ധനയും ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. അതിന്റെ തീയതി നീട്ടണം. ആരോഗ്യ വകുപ്പില്‍ ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നല്‍കണം.

Next Story

RELATED STORIES

Share it