Kerala

പെണ്‍കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ കണ്ടെത്തി. കാറിനുള്ളില്‍ രക്തക്കറ കണ്ടെത്തി. കുത്തിക്കൊലപ്പെടുത്തിയ ശേഷം കാട്ടില്‍ തള്ളുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം.

പെണ്‍കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളി, ആണ്‍സുഹൃത്ത് അറസ്റ്റില്‍
X

കൊച്ചി: മരട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി കാട്ടില്‍ തള്ളി. മരട് സ്വദേശിനി ഈവ(17)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് നെട്ടൂര്‍ സ്വദേശി സഫര്‍ ഷായെ (26) പോലിസ് അറസ്റ്റുചെയ്തു. പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ കണ്ടെത്തി. കാറിനുള്ളില്‍ രക്തക്കറ കണ്ടെത്തി. കുത്തിക്കൊലപ്പെടുത്തിയ ശേഷം കാട്ടില്‍ തള്ളുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം. സൗഹൃദം തുടരാനാവില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പറഞ്ഞതായി പോലിസ് അറിയിച്ചു. പെണ്‍കുട്ടി പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ മലക്കപ്പാറയിലെ കാട്ടില്‍ തിരച്ചില്‍ തുടരുകയാണ്. മരട് ഭാഗത്തുനിന്ന് ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പോലിസിനു ലഭിച്ചിരുന്നു. അവിടെ നിന്നൊരു കാറില്‍ പെണ്‍കുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു. കാറിന്റെ നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി, അതിരപ്പള്ളി ഭാഗത്ത് പോലിസ് തിരച്ചില്‍ നടത്തി. ഇതിനിടെ മലക്കപ്പാറയില്‍വച്ച് പെണ്‍കുട്ടിയും യുവാവും കാറില്‍ പോവുന്നതു കണ്ടെന്നു വിവരം ലഭിച്ചു. തുടര്‍ന്ന് തമിഴ്‌നാട് പോലിസിനെ അറിയിച്ചു.

മലക്കപ്പാറയില്‍നിന്ന് കാര്‍ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ വാല്‍പ്പാറ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടെത്തുകയായിരുന്നു. ഇതോടെ സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചുവെന്നു യുവാവ് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫര്‍ ചൂണ്ടികാട്ടിയ പ്രദേശത്ത് തമിഴ്‌നാട് പോലിസിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പോലിസിന്റെ കൂടി സഹായത്തോടെ തിരച്ചില്‍ നടത്തുകയാണ്. മരട് പോലിസ് സ്ഥലത്തേക്കു പുറപ്പെട്ടു.

Next Story

RELATED STORIES

Share it