Kerala

ജന്‍ഡര്‍ നൂട്രാലിറ്റി: മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കാന്തപുരം

ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ പാരമ്പര്യത്തിനും ബഹുസ്വരതക്കും യോജിച്ച നിലപാടാണ്.

ജന്‍ഡര്‍ നൂട്രാലിറ്റി: മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കാന്തപുരം
X

കോഴിക്കോട്: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂനിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത് കേരളമുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ സ്വാഗതം ചെയ്തു.

ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ പാരമ്പര്യത്തിനും ബഹുസ്വരതക്കും യോജിച്ച നിലപാടാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതിമതലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്ന സര്‍ക്കാര്‍ തീരുമാനം കേരളത്തിന്റെ ഭാവിയെ കൂടുതല്‍ മനോഹരമാക്കുകയും സമൂഹങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമിടയില്‍ അനൈക്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.

ജനവികാരം മനസ്സിലാക്കി സര്‍ക്കാര്‍ നിലപാടുകള്‍ കൈകൊള്ളുന്നത് ജനാധിപത്യസംവിധാനത്തെ കൂടുതല്‍ തെളിച്ചമുള്ളതാക്കും. ഒരേ വേഷവും ഒരുമിച്ചിരുത്തലും നടപ്പാക്കുന്നതിന് പകരം ലിംഗനീതി ഉറപ്പാക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ രണ്ടാംതരം പൗരന്മാര്‍ അല്ല. അവര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകളെ മാനിക്കാന്‍ പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. ക്ലാസ്‌റൂമില്‍ ഇടകലര്‍ത്തിയിരുത്തിക്കൊണ്ട് ഉണ്ടാക്കിയെടുക്കേണ്ട ബോധമല്ല അത്. സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ പ്രകൃത്യാ ഉള്ള വൈജാത്യങ്ങള്‍ ഇല്ലാതാക്കാന്‍ വേഷം മാറിയത് കൊണ്ടും കാര്യമില്ല. തെറ്റായ തീരുമാനങ്ങളിലൂടെ ശരിയിലേക്ക് എത്താനാകില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം കൈവരിച്ച മികവുകളെ ഇല്ലാതാക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ നിമിത്തമാകൂ. അതുള്‍ക്കൊണ്ട് തീരുമാനം പുനഃപരിശോധിക്കാനും തിരുത്താനും തയാറായ വിദ്യാഭ്യാസവകുപ്പ് അഭിനന്ദനമര്‍ഹിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി സ്‌കൂള്‍ യൂണിഫോം വിഷയത്തിലും പാഠ്യപദ്ധതി കരടിലുണ്ടായിരുന്ന പരാമര്‍ശങ്ങളിലും സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്ന് 11-08-2022 ന് ചേര്‍ന്ന സമസ്ത മുശാവറ പ്രമേയം പാസാക്കിയിരുന്നു. കേരള മുസ്‌ലിം ജമാഅത്തിന്റെയും സുന്നിസംഘടനകളുടെയും ഈ വിഷയത്തിലുള്ള ആശങ്കയും അഭിപ്രായവരും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it