Kerala

കിഫ്ബി റോഡുകളുടെ ഉത്തരവാദിത്വം പിഡബ്ല്യുഡിക്കില്ല; ഐസക്കിനെതിരേ പരോക്ഷവിമര്‍ശനമുന്നയിച്ച് സുധാകരന്‍

പദ്ധതി വിഴുങ്ങാനിരിക്കുന്ന ബകനെ പോലെയാണ് അവിടത്തെ ഉദ്യോഗസ്ഥര്‍. പദ്ധതികളുടെ പണം ചെലവഴിക്കല്‍, ടെന്‍ഡര്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാമെടുക്കുന്നതു കിഫ്ബിയാണ്. എന്നാല്‍, റോഡ് പണിക്കാവശ്യമായ പണം പിഡബ്ല്യുഡിക്ക് ധനവകുപ്പില്‍നിന്നു ലഭിക്കുന്നില്ല.

കിഫ്ബി റോഡുകളുടെ ഉത്തരവാദിത്വം പിഡബ്ല്യുഡിക്കില്ല; ഐസക്കിനെതിരേ പരോക്ഷവിമര്‍ശനമുന്നയിച്ച് സുധാകരന്‍
X

ആലപ്പുഴ: അരൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ഉടലെടുത്ത ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു. അരൂരിലെ തോല്‍വിക്ക് കാരണം ജി സുധാകരന്റെ 'പൂതന' പരാമര്‍ശമാണെന്നാരോപിച്ച് മറുപക്ഷം കടന്നാക്രമണം നടത്തുന്നതിനിടെയാണ് തോമസ് ഐസക്കിനെയും ധനവകുപ്പിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി പരസ്യവിമര്‍ശനവുമായി സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. ആലപ്പുഴയില്‍ ദിവസങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള പോര്. കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്വം പിഡബ്ല്യുഡിക്കില്ലെന്നും റോഡുകളെക്കുറിച്ച് പരാതി കേള്‍ക്കേണ്ടിവരുന്നതു പൊതുമരാമത്ത് വകുപ്പാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

പദ്ധതി വിഴുങ്ങാനിരിക്കുന്ന ബകനെ പോലെയാണ് അവിടത്തെ ഉദ്യോഗസ്ഥര്‍. പദ്ധതികളുടെ പണം ചെലവഴിക്കല്‍, ടെന്‍ഡര്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാമെടുക്കുന്നതു കിഫ്ബിയാണ്. എന്നാല്‍, റോഡ് പണിക്കാവശ്യമായ പണം പിഡബ്ല്യുഡിക്ക് ധനവകുപ്പില്‍നിന്നു ലഭിക്കുന്നില്ല. പിഡബ്ല്യുഡി ഫയലുകള്‍ ധനവകുപ്പ് അനാവശ്യമായി പിടിച്ചുവയ്ക്കുകയാണ്. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്ത് പദ്ധതി കൊടുത്താലും കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ തളളുന്ന സ്ഥിതിയാണ്. ധനവകുപ്പ് ഉദ്യോഗസ്ഥരെ പിഡബ്ല്യുഡിയ്ക്ക് അകത്ത് നിയമിക്കണം. നിങ്ങള്‍ അത് ചെയ്യില്ലല്ലോ. ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പാരാവാരം പോലത്തെ സ്ഥലത്ത് എവിടേലുമല്ലല്ലോ പോയി ഇരിക്കണ്ടത്. ധനമന്ത്രിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധികജോലി ഏറ്റെടുക്കുന്നതിനാല്‍ കിഫ്ബിയുടെ പേരില്‍ പൊതുമരാമത്ത് വകുപ്പിനു പഴികേള്‍ക്കേണ്ടിവരുന്നു. ഇതിന്റെ ആവശ്യമില്ല.

പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റോഡുകള്‍ കിഫ്ബി ഏറ്റെടുത്ത് നിര്‍മാണങ്ങള്‍ നടത്തട്ടെ. നിലവില്‍ കെഎസ്ഇബിക്ക് റോഡുകള്‍ നല്‍കുന്നുണ്ട്. അതുപോലെ കിഫ്ബിയും റോഡുകള്‍ ഏറ്റെടുക്കണം. മോശം പൈപ്പ് വാങ്ങുന്നതുകൊണ്ടാണ് റോഡുകളില്‍ പൈപ്പുകള്‍ പൊട്ടുന്നത്. ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. തെറ്റുചെയ്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ ഈ സര്‍ക്കാരിനു ഭയമില്ല. ദേശീയപാതവികസനം ഈ സര്‍ക്കാരിന്റെ കാലത്ത് തീരില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, ആലപ്പുഴയിലെ കുടിവെള്ളപ്രശ്‌ന വിഷയത്തില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് പങ്കൊന്നുമില്ലെന്നാണ് മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. കിഫ്ബിയുടെ റോഡാണ്. ആ പ്രോജക്ട് കമ്മീഷന്‍ ചെയ്തിട്ടില്ല. എന്നുവച്ച് കുടിവെള്ളം മുട്ടാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it