Kerala

സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷം

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എച്ച്പിസിഎല്‍ പമ്പുകളിലേക്ക് ഇന്ധനം നല്‍കുന്നത് എറണാകുളം ഇരുമ്പനത്തെ ടെര്‍മിനലില്‍ നിന്നാണ്. 1800 മുതല്‍ 2000 വരെ കിലോ ലിറ്റര്‍ പെട്രോളാണ് എച്ച്പിസിഎല്‍ പമ്പുകളുടെ പ്രതിദിന ആവശ്യകത.

സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷം
X

കൊച്ചി: സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച് പി സി എല്‍) പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷം. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ (ബിപിസിഎല്‍) നിയന്ത്രണത്തിലുള്ള കൊച്ചിന്‍ റിഫൈനറിയില്‍ നിന്ന് ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. ഡീസലിനെ അപേക്ഷിച്ച് പെട്രോളിനാണു കൂടുതല്‍ ക്ഷാമം അനുഭവപ്പെടുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയ്ക്ക് അനുസൃതമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ നഷ്ടം നികത്താന്‍ എണ്ണക്കമ്പനികള്‍ വിതരണത്തില്‍ നിയന്ത്രണമേർപ്പടുത്തിയിരിക്കുകയാണ്. ഈ തീരുമാനമാണു എച്ച് പി സി എല്‍ പമ്പുകള്‍ക്കു തിരിച്ചടിയായത്. ബി പി സി എല്ലില്‍ ചെറിയതോതില്‍ മാത്രമാണു നിയന്ത്രണമെന്നതിനാല്‍ ഈ കമ്പനിയുടെ പമ്പുകളില്‍ കാര്യമായ ഇന്ധനക്ഷാമമില്ല. റഷ്യയില്‍ നിന്നു പകുതി വിലയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനി(ഐഒസി)ല്‍ ഒട്ടും വിതരണ നിയന്ത്രണമില്ല.

എച്ച്പിസിഎല്ലില്‍ മാര്‍ച്ച് 21 മുതല്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. പമ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കുന്ന സംവിധാനം നിര്‍ത്തിയതാണ് നിയന്ത്രണത്തിന്റെ ആദ്യ ഘട്ടം. നേരത്തെ, മാസാവസാനം അഞ്ചു ദിവസം വരെയൊക്കെ കടമായി നല്‍കിയിരുന്നു. നിലവില്‍, പണം മുന്‍കൂര്‍ നല്‍കിയാല്‍ മാത്രമേ ഇന്ധനം ലഭിക്കുകയുള്ളൂ. ഇപ്പോള്‍, ക്ഷാമം മൂലം മുന്‍കൂര്‍ പണമടച്ചിട്ടും ഇന്ധനം കിട്ടാത്ത സ്ഥിതിയാണ്.

വിപണിയില്‍ മത്സരം ലക്ഷ്യമിട്ടാണ് എച്ച്പിസിഎല്‍ ഡീലര്‍മാര്‍ക്ക് വന്‍തോതില്‍ ക്രെഡിറ്റില്‍ ഇന്ധനം നേരത്തെ ലഭ്യമാക്കിയത്. ഇതു ഒറ്റയടിക്കു നിര്‍ത്തിയതോടെ പമ്പുടമകള്‍ പ്രതിസന്ധിയിലായി. എണ്ണക്കമ്പനികള്‍ വായ്പ അനുവദിച്ച സമയത്ത് പമ്പുടമകള്‍ ക്വാറികള്‍ക്കും സ്‌കൂള്‍ ബസുകള്‍ ഉടമകള്‍ക്കും ഉള്‍പ്പെടെയുള്ള വന്‍കിട ഉപയോക്താക്കള്‍ക്കു ഇന്ധനം ധാരാളമായി കടമായി നല്‍കിയിരുന്നു. ഇതിന്റെ തുക പലര്‍ക്കും തിരിച്ചുകിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ പലരും ബാങ്ക് വായ്പയെടുത്താണ് കമ്പനിക്ക് ഇപ്പോള്‍ മുന്‍കൂര്‍ പണം നല്‍കുന്നതെന്നും എന്നിട്ടും ഇന്ധനം ലഭിക്കാതിരിക്കുന്നതു ഡീലര്‍മാരെ പ്രതിസന്ധിയിലാക്കുകയാണ്.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എച്ച്പിസിഎല്‍ പമ്പുകളിലേക്ക് ഇന്ധനം നല്‍കുന്നത് എറണാകുളം ഇരുമ്പനത്തെ ടെര്‍മിനലില്‍ നിന്നാണ്. 1800 മുതല്‍ 2000 വരെ കിലോ ലിറ്റര്‍ പെട്രോളാണ് എച്ച്പിസിഎല്‍ പമ്പുകളുടെ പ്രതിദിന ആവശ്യകത. ഇത്രയും ഇന്ധനം ലഭ്യമാക്കാന്‍ ബി പി സി എല്ലിന്റെ കൊച്ചിന്‍ റിഫൈനറിയുമായി എച്ച്പിസിഎല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ എച്ച്പിസിഎല്ലിന് ആവശ്യമുള്ള ഇന്ധനം വെള്ളിയാഴ്ച മുതല്‍ ബിപിസിഎല്‍ നല്‍കുന്നില്ല. മിക്ക ദിവസങ്ങളിലും ആവശ്യമുള്ളതിന്റെ മൂന്നില്‍ രണ്ടു ഭാഗം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് വിവരം.

Next Story

RELATED STORIES

Share it