Kerala

റീബില്‍ഡ് കേരള: ലോകബാങ്കില്‍ നിന്നും 3500 കോടി വായ്പയെടുക്കാന്‍ അംഗീകാരം

ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസത്തോടെ വായ്പ ലഭിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

റീബില്‍ഡ് കേരള: ലോകബാങ്കില്‍ നിന്നും 3500 കോടി വായ്പയെടുക്കാന്‍ അംഗീകാരം
X

തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ പഠനം യുഎന്‍ ഏജന്‍സികളും ലോക ബാങ്കും ചേര്‍ന്ന് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കേരള നിര്‍മ്മിതിക്ക് ഏകദേശം 32,000 കോടി രൂപ ആവശ്യമാണെന്ന് കണ്ടെത്തി.ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന പുനര്‍നിര്‍മ്മാണ സംവിധാനത്തിന് രൂപം നല്‍കി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകബാങ്കിന്റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. 70:30 അനുപാതത്തിലാകും വായ്പ ലഭ്യമാക്കുക. ലോകബാങ്ക് 3500 കോടി രൂപ ലഭ്യമാക്കുമ്പോള്‍ പദ്ധതി പ്രവര്‍ത്തനത്തിനായി ആകെ 5000 കോടിയിലധികം രൂപ കേരളത്തിന് ഉപയോഗിക്കാനാകും. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസത്തോടെ വായ്പ ലഭിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഇതിനു പുറമെ, ബൃഹത്തായ പുനര്‍നിര്‍മ്മാണത്തിനായി ദുരന്തനിവാരണം, പരിസ്ഥിതി, സ്ഥാപന ശാക്തീകരണം, വിവര സമുച്ചയങ്ങളുടെ ഉപയോഗം എന്നീ നാലു തലങ്ങളും ജലവിഭവം, ജലവിതരണം, സാനിറ്റേഷന്‍, നഗരമേഖല, റോഡുകളും പാലങ്ങളും, ഗതാഗതം, വനം, കൃഷിയും അനുബന്ധ മേഖലകളും, മല്‍സ്യബന്ധനം, ഉപജീവനം, ഭൂവിനിയോഗം എന്നീ 11 മേഖലകളും ഉള്‍പ്പെടുന്ന റീബില്‍ഡ് കേരള വികസന പദ്ധതിയുടെ കരട് രേഖ മന്ത്രിസഭ പരിഗണിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഈ രേഖ ഇന്ന് വൈകീട്ട് വിലയിരുത്തും.

പൊതുജനങ്ങളുടെയും വിദേശ മലയാളികളുടെയും പ്രഫഷണലുകളുടെയും ആര്‍കെഐ ഉപദേശകസമിതിയുടെയും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ കൂടി ശേഖരിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും അംഗീകാരങ്ങള്‍ നല്‍കാനും ചീഫ് സെക്രട്ടറിയെയും ആര്‍കെഐ സിഇഒയെയും മന്ത്രിസഭ ചുമതലപ്പെടുത്തി. വായ്പ ലഭ്യമാക്കുന്നതിനു മുന്നോടിയായി അംഗീകരിക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അതത് വകുപ്പുകളെ ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it