Kerala

കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; നേവി ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; നേവി ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
X

കല്‍പ്പകഞ്ചേരി: വന്‍ മയക്കുമരുന്നുമായി അഞ്ചംഗസംഘത്തെ കല്‍പ്പകഞ്ചേരി പോലിസ് അറസ്റ്റുചെയ്തു. വൈലത്തൂരില്‍ മയക്കുമരുന്ന് കൈമാറ്റത്തിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ലോക്ക് ഡൗണിനിടക്കും ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സിന്തറ്റിക് ഡ്രഗ് (എംഡിഎംഎ,) ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്‌നാട് മദ്യം എന്നിവ പിടികൂടിയത്.

പ്രതികളായ കോഴിച്ചെന പരേടത്ത് മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍ കുഴി മുബാരിസ് (26), വാളക്കുളം കോഴിക്കല്‍ റെമീസ് സുഹസാദ് (24), കോഴിച്ചെന വലിയപറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ അഹമ്മദ് സാലിം (21) എന്നിവരടങ്ങുന്ന വന്‍മയക്കുമരുന്ന് വിതരണ സംഘത്തെയാണ് പിടികൂടിയത്. ബംഗളൂരുവില്‍നിന്നും വരുന്ന ചരക്കുവാഹനങ്ങളിലും മെഡിസിന്‍ കൊണ്ടുവരുന്ന വാഹനങ്ങളിലുമായാണ് പ്രതികള്‍ മയക്കുമരുന്ന് ജില്ലയിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയുന്നത്.

പ്രതികള്‍ ഇങ്ങനെയെത്തുന്ന കഞ്ചാവ് ചെറിയ പായ്ക്കറ്റുകള്‍ ആക്കി 500, 2,500 4,000 രൂപകളുടെ പായ്ക്കറ്റുകളാക്കിയാണ് ആവശ്യക്കാര്‍ക്ക് വിതരണം. എസ് കമ്പനി എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് അറിയുന്ന ആളുകള്‍ക്കുമാത്രം കഞ്ചാവ് നല്‍കുകയുള്ളൂ. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഏജന്റുമാര്‍ വിതരണത്തിനും സപ്ലൈ ചെയ്യുന്ന സമയം പോലിസിനെ നിരീക്ഷിക്കുന്നതിനായുമുണ്ട്. ബംഗളൂരുവില്‍നിന്നും കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്ന പാര്‍ട്ടി ആളൊഴിഞ്ഞ സ്ഥലത്ത് സാധനം വച്ച് അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റുമാര്‍ക്ക് അയച്ചുകൊടുക്കുകയും ഏജന്റ് സാധനം കലക്ട് ചെയ്തുകഴിഞ്ഞാല്‍ ഫോട്ടോ ഡിലീറ്റ് ചെയ്യും. കാഷ് ട്രാന്‍സഷന്‍ ഓണ്‍ലൈനായി മാത്രമാണ്.

ശേഷം ഏജന്റ് ചെറിയ ചെറിയ പായ്ക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. ഇത്തരത്തില്‍ എംഡിഎംഎ ശേഖരിച്ച് വൈലത്തൂര്‍- കരിങ്കപ്പാറ റോഡില്‍ ഇതിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും ബ്ലാക്ക് നിസാന്‍ കാറില്‍വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്ത് അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയില്‍നിന്നും കാറില്‍നിന്നുമായി കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.

പ്രതികള്‍ ഉപയോഗിച്ച കാറും ബുള്ളറ്റും പിടിച്ചെടുക്കുകയും ചെയ്തു. ഇവരില്‍നിന്നും കിട്ടിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവും തമിഴ്‌നാട് മദ്യവും വില്‍പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പരപ്പനങ്ങാടി ഭാഗത്ത് വിതരണം ചെയ്യാന്‍ പോയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും പ്രതിയായ സൈഫുദ്ദീന്‍ എന്നയാളെ കഞ്ചാവ് വാങ്ങാണെന്ന വ്യാജേന വിളിച്ചുവരുത്തി അന്വേഷണസംഘം സാഹസികമായി പിന്തുടര്‍ന്ന് പരപ്പനങ്ങാടി പായനിങ്ങല്‍വച്ച് പിടികൂടുകയായിരുന്നു.

ഇയാളില്‍നിന്ന് 6 കുപ്പി തമിഴ്‌നാട് മദ്യവും 175 ഗ്രാം കഞ്ചാവും 1 ബോട്ടില്‍ ഹാഷിഷ് ഓയിലും ഇയാളുടെ അടുത്തുനിന്നും പിടിച്ചെടുത്തു. കഞ്ചാവ് വിതരണം ചെയ്യാന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ഇയാള്‍ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി 500 രൂപയ്ക്ക് ദിവസേന 20 പായ്ക്കറ്റുകള്‍ വില്‍ക്കാറുണ്ടെന്നും തമിഴ്‌നാട് മദ്യം 500 എംഎല്‍ കുപ്പി 1200 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്നും പറഞ്ഞു.

ശേഷം സൈഫുദ്ദീനില്‍ നിന്നും ലഭിച്ച വിവരപ്രകാരം മയക്കുമരുന്നും മദ്യവും സൈഫുദീനെത്തിച്ചുനല്‍കുന്ന കഞ്ചാവ് റാക്കറ്റിലെ പ്രധാന കണ്ണികളായി ആളുകളെ മനസ്സിലാക്കുകയും അവരാണ് കല്‍പകഞ്ചേരി വൈരാങ്കോട് ഭാഗങ്ങളില്‍ ഏജന്റ് മാര്‍ക്ക് വിതരണം ചെയ്യുന്നതെന്നും മനസ്സിലാക്കി. അന്വേഷണസംഘം പ്രതികളായ രഞ്ജിത്ത്, റിയാസ് എന്നിവരെ നമ്പരിടാത്ത ബൈക്കില്‍ കഞ്ചാവ് സഹിതം തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവരില്‍നിന്നും കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. സംഘത്തിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി താനൂര്‍ ഡിവൈഎസ്പി എം ഐ ഷാജി അറിയിച്ചു.

Next Story

RELATED STORIES

Share it