Kerala

അവര്‍ നാളെയെത്തും: കേരളം സജ്ജം; കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്.

അവര്‍ നാളെയെത്തും: കേരളം സജ്ജം; കാത്തിരിക്കുന്നത് വലിയ വെല്ലുവിളി
X

തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസികള്‍ നാളെ മുതല്‍ കേരളത്തിലെത്തി തുടങ്ങുമ്പോള്‍ സാധ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് കേരളം. എന്നാല്‍ കേരളം നേരിടാന്‍ പോവുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതുവരെ കേരളത്തിലേക്ക് മടങ്ങിയെത്തി ഹോം ക്വാറൻ്റൈനില്‍ കഴിഞ്ഞവരില്‍ ഭൂരിഭാഗവും ഐസൊലേഷന് വീട്ടില്‍ തന്നെ സൗകര്യമുള്ളവരാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ കൂടുതലും സാധാരണ ജീവിത സാഹചര്യങ്ങളില്‍ ഉള്ളവരാണ്. അതിനാല്‍ തന്നെ ഹോം ക്വാറന്റൈന്‍ എടുത്താലും രോഗസാധ്യത ഉള്ളവരാണെങ്കില്‍ സമ്പര്‍ക്കം മൂലം മറ്റുള്ളവര്‍ക്കും പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ പറയുന്നത്.

എന്നാല്‍ പ്രായോഗികമായി അത് മാത്രമേ നിലവിലെ സാഹചര്യത്തില്‍ ചെയ്യാനാവൂവെന്നും ആ വെല്ലുവിളിയാണ് കേരളം നേരിടാന്‍ പോവുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. പ്രാഥമികമായി എടുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ തന്നെയായിരിക്കും ഇനിയും തുടരുക. സാമൂഹിക അകലവും സ്വയം സുരക്ഷയും എന്ന തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാവും നടത്തുക. നിലവില്‍ താരതമ്യേന കൊവിഡ് വ്യാപന നിരക്കും മരണവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.

എന്നാല്‍ ഇപ്പോള്‍ തിരിച്ചെത്തുന്നത് രോഗവ്യാപനം ഏറി നില്‍ക്കുന്നയിടങ്ങളില്‍ നിന്നുള്ളവരാണ്. ഇത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ത്താനുള്ള സാധ്യത ആരോഗ്യ വകുപ്പ് മുന്നില്‍ കാണുന്നുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ തുടങ്ങി. എന്നാല്‍ അതിതീവ്രമായ ജാഗ്രതയിലൂടെയും നിരീക്ഷണ സംവിധാനത്തിലൂടെയും മാത്രമേ സംസ്ഥാനത്ത് വന്‍ തോതിലുള്ള രോഗവ്യാപനം തടയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ രോഗവ്യാപനമുണ്ടാവുകയും കൊവിഡ്-19 രോഗികളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്താല്‍ കേരളത്തിലെ ആശുപത്രികള്‍ എത്രത്തോളം അത് നേരിടാന്‍ സജ്ജമാണെന്ന സംശയം ഉയരുന്നുണ്ട്. പൊതുജനാരോഗ്യ സംവിധാനം ദുര്‍ബലവും പരിമിതവുമായ ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിൽ രോഗവ്യാപനമേറിയാല്‍ സ്ഥിതി ഗുരുതരമാവുമെന്നാണ് കണക്ക് കൂട്ടല്‍. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെ ഹോം ക്വാറന്റൈനില്‍ അയയ്ക്കും. വിദേശത്ത് നിന്ന് വരുന്നവര്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും ഒരു പക്ഷേ രോഗവാഹകരായിരിക്കാം. ഇത്തരം സാഹചര്യത്തില്‍ ഹോം ക്വാറന്റൈന്‍ പോലും സുരക്ഷിതമാണോ എന്ന കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സംശയമുന്നയിക്കുന്നുണ്ട്. ഇപ്പോള്‍ ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍, ആയുര്‍വേദ സെന്ററുകള്‍, ഐടിഐകള്‍ എന്നിവയടക്കം ആകെ 27,000ത്തിലധികം കെട്ടിടങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. 6701 സര്‍ക്കാര്‍ ആശുപത്രികളിലായി 5549 കിടക്കകള്‍ സജ്ജീകരിക്കും. 1311 സ്വകാര്യ ആശുപത്രികളിലായി 72380, 747 ഹോസ്റ്റലുകളില്‍ 80842, 57 ഐടി ഐകളില്‍ 440, 1659 ഹോട്ടലുകളില്‍ 35650, 2184 ലോഡ്ജുകളില്‍ 33773, 723 റിസോര്‍ട്ടുകളില്‍ 11285, 128 ആയുര്‍വേദ സെന്ററുകളില്‍ 1858 എന്നിങ്ങനെ കിടക്കകള്‍ സജ്ജീകരിക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയം എന്നിവിടങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കും. രണ്ട് ലക്ഷം കിടക്കകളാണ് ലക്ഷമിട്ടതെങ്കിലും അരലക്ഷത്തില്‍ കൂടുതല്‍ കിടക്കകള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

നിലവില്‍ പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, എംഎല്‍എ/എംഎല്‍എയുടെ പ്രതിനിധി, പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി, പിഎച്ച്സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്റെ പ്രതിനിധി എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നതായിരിക്കും സമിതി.

ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതും അവലോകനം നടത്താനും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതും ജില്ലാ കലക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയായിരിക്കും. ആരോഗ്യ സംബന്ധ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനായിരിക്കും. ആവശ്യമായ സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പോലീസിന്റെ ചുമതലയായിരിക്കും. സംസ്ഥാനത്തിന്റെ പൊതുവായ കാഴ്ചപ്പാട് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവിധത്തില്‍ വിവിധ കമ്മിറ്റികളെ സജ്ജരാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഓരോ കമ്മിറ്റിക്കും നല്‍കുന്നതിനും നടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ ചെയ്യുമെന്നാണ് വിവരം.

മടങ്ങി വരവ് രാജ്യത്തെ ആദ്യ ഏഴ് ദിവസം, 64 വിമാനങ്ങള്‍ ഇങ്ങനെ

(മേയ്-7)

അബുദാബി-കൊച്ചി(200 യാത്രക്കാര്‍), ദുബൈ-കോഴിക്കോട് (200), റിയാദ്-കോഴിക്കോട് (200), ഖത്തര്‍- കൊച്ചി(200), ലണ്ടന്‍- മുംബൈ (250), സിംഗപ്പൂര്‍- മുംബൈ (250), ക്വാലലംപൂര്‍- ഡല്‍ഹി (250), സാന്‍ഫ്രാന്‍സിസ്‌കോ- മുംബൈ വഴി ഹൈദരാബാദ് (300), മനില-അഹമ്മദാബാദ് (250), ധാക്ക -ശ്രീനഗര്‍ (200)

മേയ്-8

ബഹ്‌റൈന്‍- കൊച്ചി(200), ദുബൈ-ചെന്നൈ(2 സര്‍വീസ്, 200 വീതം), ക്വാലലംപൂര്‍- മുംബൈ (250), ന്യൂയോര്‍ക്ക്- മുംബൈ വഴി അഹമ്മദാബാദ് (300), ധാക്ക-ഡല്‍ഹി(200), കുവൈത്ത്-ഹൈദരാബാദ് (200), സിംഗപ്പൂര്‍- അഹമ്മദാബാദ് (250), ലണ്ടന്‍-ബംഗളൂരു(250).

മേയ്-9

കുവൈത്ത്-കൊച്ചി(200), മസ്‌കത്ത്- കൊച്ചി(250), റിയാദ്-ഡല്‍ഹി (200), ക്വാലലംപൂര്‍-ട്രിച്ചി(250), ചിക്കാഗോ- മുംബൈ വഴി ചെന്നൈ(300), ധാക്ക-മുംബൈ(200) മനില- മുംബൈ (250), ലണ്ടന്‍- ഹൈദരാബാദ് (250), ഷാര്‍ജ-ലക്നോ (200).

മേയ്-10

ഖത്തര്‍-തിരുവനന്തപുരം (200), ക്വാലാലംപൂര്‍- കൊച്ചി (250), കുവൈത്ത് - ചെന്നൈ (200), സിംഗപ്പൂര്‍ - തൃച്ചി (250), ലണ്ടന്‍- മുംബൈ (250), ധാക്ക-ഡല്‍ഹി (200), അബൂദാബി -ഹൈദരാബാദ് (200), വാഷിങ്ടണ്‍- ഡല്‍ഹി വഴി ഹൈദരാബാദ് (300).

മേയ്-11

ദമാം-കൊച്ചി (200), ബഹ്‌റൈന്‍- കോഴിക്കോട് (200), ക്വാലാലംപൂര്‍- ചെന്നൈ (250), മനില- ഡല്‍ഹി (250), ലണ്ടന്‍-അഹമ്മദാബാദ് (250), ദുബായ്- കൊച്ചി (200), ധാക്ക-ശ്രീനഗര്‍( 200), സാന്‍ഫ്രാന്‍സിസ്‌കൊ- ഡല്‍ഹി വഴി ബെംഗളൂരു (300).

മേയ്-12

ക്വാലലംപൂര്‍ - കൊച്ചി (250), മസ്‌കത്ത് - ചെന്നൈ (200), ലണ്ടന്‍- ചെന്നൈ (250), ജിദ്ദ - ഡല്‍ഹി (200), കുവൈത്ത് - അഹമ്മദാബാദ് (200), ദുബായ് -ഡല്‍ഹി (2 സര്‍വീസ് 200 വീതം)മനില- ഹൈദരാബാദ് (250), ധാക്ക- ശ്രീനഗര്‍ (200), സിംഗപ്പൂര്‍- ബെംഗളൂരു (250), ന്യൂയോര്‍ക്ക്- ഡല്‍ഹി വഴി ഹൈദരാബാദ് (300).

മേയ്-13

കുവൈത്ത് - കോഴിക്കോട് (200) മനില- ചെന്നൈ (250) ധാക്ക- ചെന്നൈ (200) ലണ്ടന്‍- ഡല്‍ഹി (250) ചിക്കാഗോ- ഡല്‍ഹി വഴി ഹൈദരാബാദ് (300) ജിദ്ദ- കൊച്ചി(200) ക്വാലാലംപൂര്‍- ഹൈദരാബാദ് (250), ദുബായ്- അമൃത്സര്‍ (200).

എന്നാൽ, കേരളത്തിൽ ആദ്യഘട്ടത്തിൽ എത്തിച്ചേരുക 2250 പേർ മാത്രമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ്. കേന്ദ്രസർക്കാർ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്. കേരളം കണക്കാക്കിയ അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുൻഗണനാ പട്ടിക 1,68,136 പേരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it