Kerala

കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി ഒമ്പതിന് സര്‍ക്കാരിന് കൈമാറും

കാസര്‍കോട് തെക്കില്‍ വില്ലേജിലാണ് വെന്റിലേറ്റര്‍ സൗകര്യങ്ങളോട് കൂടിയ കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്.

കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി ഒമ്പതിന് സര്‍ക്കാരിന് കൈമാറും
X

തിരുവനന്തപുരം: കാസര്‍കോഡ് ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി സെപ്തംബര്‍ ഒന്‍പതിന് സര്‍ക്കാരിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബു കൊവിഡ് ആശുപത്രി ഏറ്റുവാങ്ങും.

കാസര്‍കോട് തെക്കില്‍ വില്ലേജിലാണ് വെന്റിലേറ്റര്‍ സൗകര്യങ്ങളോട് കൂടിയ കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി കാസര്‍കോട് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചു നല്‍കുന്ന ആശുപത്രിക്കായി തെക്കില്‍ വില്ലേജില്‍ ഭൂമി കണ്ടെത്തി. ഏപ്രില്‍ ഒന്‍പതിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മൂന്ന് മാസം കൊണ്ട് കൊവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനായിരുന്നു തീരുമാനം.

കാലവര്‍ഷം പ്രതികൂലമായതും ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതും പദ്ധതി വൈകാന്‍ കാരണമായി. മൂന്നു മേഖലകളായി തിരിച്ച ആശുപത്രിയില്‍ ഒരു മേഖല പൂര്‍ണമായും ഐസൊലേഷന്‍ സംവിധാനത്തിനാണ്. 36 വെന്റിലേറ്റര്‍ കിടക്കകളും എയര്‍ലോക്ക് സിസ്റ്റത്തില്‍ നൂറോളം ഐസൊലേഷന്‍ കിടക്കകളും ടാറ്റാ ആശുപത്രിയിലുണ്ടാകും. 400 കിടക്കകളാണ് ക്വാറന്റൈന് വേണ്ടി ഉണ്ടാവുക. പൂര്‍ണമായും ഉരുക്കില്‍ നിര്‍മിച്ച 128 കണ്ടെയ്‌നറുകളാണ് ആശുപത്രിക്കായി സ്ഥാപിച്ചത്. കൊവിഡ് കണക്കുകള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കുള്ള മുതല്‍ക്കൂട്ടാകും കൊവിഡ് ആശുപത്രി.

Next Story

RELATED STORIES

Share it