Kerala

പിണറായിയില്‍ പൊട്ടിയത് പടക്കമെന്ന് എഫ്‌ഐആര്‍; സ്‌ഫോടനം റീല്‍സ് എടുക്കുന്നതിനിടെ

പിണറായിയില്‍ പൊട്ടിയത് പടക്കമെന്ന് എഫ്‌ഐആര്‍; സ്‌ഫോടനം റീല്‍സ് എടുക്കുന്നതിനിടെ
X

കണ്ണൂര്‍: പിണറായിയില്‍ പൊട്ടിയത് പടക്കമെന്ന് പോലിസ് എഫ്‌ഐആര്‍. പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും കണ്ടെത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകനായ കനാല്‍കര സ്‌നേഹാലയത്തില്‍ വിബിന്‍ രാജിന്റെ (25) വലതു കൈപ്പത്തിയാണ് ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ സ്‌ഫോടനത്തില്‍ ചിതറിയത്. ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിബിന്‍ പോലിസിനോട് പറഞ്ഞത്. എന്നാല്‍ റീല്‍സ് എടുക്കുന്നതിനിടെ സ്‌ഫോടനം നടന്നുവെന്നാണ് ലഭിക്കുന്ന വിവരം.

പൊട്ടാതെ കിടന്ന സ്‌ഫോടക വസ്തു പരിശോധിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. സ്‌ഫോടനം നടക്കുന്നതിന് അല്‍പം മുന്‍പ് കൈയ്യില്‍ സ്‌ഫോടക വസ്തു പിടിച്ചു നില്‍ക്കുന്ന വിബിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ചണനൂലുകൊണ്ട് കെട്ടിയ സ്‌ഫോടകവസ്തുവാണ് കൈയ്യിലുണ്ടായിരുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ നിര്‍മിച്ച പടക്കമാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറഞ്ഞത്. ഉഗ്രശേഷിയുള്ള, അനധികൃതമായി നിര്‍മിച്ച സ്‌ഫോടക വസ്തുവാണ് കയ്യിലുണ്ടായിരുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

കോണ്‍ഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ 3 കേസുകളില്‍ പ്രതിയാണ് വിബിന്‍ രാജ്. വിബിന്‍ രാജിന്റെ വീടിന്റെ സമീപത്തായി പ്രഷിന്‍ എന്നയാളുടെ സ്ഥലത്തുവച്ചാണ് സ്‌ഫോടനമുണ്ടായത്. പാനൂര്‍ പാറാട് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ സിപിഎം യുഡിഎഫ് സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതെത്തുടര്‍ന്ന് ഇടതു സൈബര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി കൊലവിളിയും ഭീഷണിയും നടക്കുന്നതിനിടെയാണ് റീല്‍സ് എടുക്കുമ്പോള്‍ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു പൊട്ടി സിപിഎം പ്രവര്‍ത്തകന്റെ കൈ തകര്‍ന്നത്. പലരും സ്‌ഫോടക വസ്തുക്കള്‍ കൈയ്യിലെടുത്തു പിടിച്ചിരിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it