Kerala

ഫിലമെന്റ് രഹിത കേരളം പദ്ധതി: കെഎസ്ഇബി എൽഇഡി ബൾബുകൾ നൽകും

ഒമ്പത് വാട്ടിന്റെ ബൾബാണ് നൽകുക. പരമാവധി പത്തു ബൾബുകൾ വരെ ലഭിക്കും. ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.kseb.in) രജിസ്റ്റർ ചെയ്യണം.

ഫിലമെന്റ് രഹിത കേരളം പദ്ധതി: കെഎസ്ഇബി  എൽഇഡി ബൾബുകൾ നൽകും
X

തിരുവനന്തപുരം: ഊർജ കേരള മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രകാരം കെഎസ്ഇബിയിൽ നിന്നും ഉപഭോക്താക്കൾക്ക് എൽഇഡി ബൾബുകൾ നൽകും. ഒമ്പത് വാട്ടിന്റെ ബൾബാണ് നൽകുക. പരമാവധി പത്തു ബൾബുകൾ വരെ ലഭിക്കും. ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.kseb.in) രജിസ്റ്റർ ചെയ്യണം.

കഴിഞ്ഞ ഏപ്രിൽ 30 വരെയായിരുന്നു രജിസ്ട്രേഷൻ നടത്താൻ അവസരം ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ജൂൺ 30 വരെ രജിസ്ട്രേഷൻ സമയം നീട്ടാനാണ് തീരുമാനം. അടുത്ത ആഴ്ച ഇതുസംബന്ധിച്ച ഉത്തരവിറങ്ങും. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം ആവശ്യമായ ബൾബുകൾ വാങ്ങിയശേഷം മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാവും നൽകുക. വര്‍ഷത്തില്‍ 25,000 മണിക്കൂറാണ് ഇത്തരം ബള്‍ബുകളുടെ പ്രവര്‍ത്തനശേഷി.

വൈദ്യുതി ഏറേ വേണ്ടിവരുന്ന സാധാരണ ബൾബുകളും സിഎഫ്എൽ ബൾബുകളും ഒഴിവാക്കി കുറഞ്ഞ വൈദ്യുതി ചിലവുള്ള എൽഇഡി ബൾബുകൾ വീടുകളിൽ വ്യാപകമാക്കി വൈദ്യുതി ലാഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം ഇത്തരം ബൾബുകൾ പരിസ്ഥിതി സൗഹാർദ്ദമാണെന്നതും പദ്ധതിയുടെ മേൻമയാണ്.

സാധാരണ ഒരു ബൾബ് കത്തിക്കുന്ന വൈദ്യുതിയാൽ അഞ്ച് എൽഇഡി ബൾബുകൾ വരെ കത്തിക്കാം. സിഎഫ്എൽ ബൾബിൽ മെർക്കുറി നിറച്ചിരിക്കുന്നതിനാൽ ചൂടാവുന്ന മുറക്ക് പുറം തള്ളുന്ന പദാർത്ഥം പരിസ്ഥിതിക്ക് ദോഷകരമാണ്. മാത്രമല്ല, ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന സിഎഫ്എൽ ബൾബുകൾ പൊട്ടി വെള്ളത്തിലൂടെ ഒഴുകിയെത്തി കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നതും ദോഷകരമാണ്. എന്നാൽ, എൽഇഡി ബൾബുകളിൽ മെർക്കുറി ഇല്ലാത്തതിനാൽ പ്രകൃതിക്ക് ദോഷകരമാവില്ല. എൽഇഡി ബൾബുകൾ നൽകുന്ന മുറയ്ക്ക് വീടുകളിൽ ഉപയോഗിച്ചിരുന്ന സിഎഫ്എൽ ബൾബുകൾ കെഎസ്ഇബി തിരിച്ചെടുക്കും.

എനർജി മാനേജ്മെന്റ് സെന്ററുമായി സഹകരിച്ചാണ് കെഎസ്ഇബി പദ്ധതി നടപ്പാക്കുന്നത്. മൂന്നു രീതിയിൽ ബൾബിന്റെ പണം നൽകാം. നേരിട്ടോ, മാസ ബില്ലിനൊപ്പമോ, കെഎസ്ഇബിയുടെ കൗണ്ടറുകളിലോ പണമടച്ച് പദ്ധതിയുടെ ഭാഗമാവാം. ആകർഷകമായ വിലയിലാവും ബൾബുകൾ ലഭിക്കുക. എൽഇഡി ബൾബുകളുടെ ഉപയോഗത്തോടെ വൈദ്യുതി ബില്ലുകളിൽ വലിയ കുറവുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.

Next Story

RELATED STORIES

Share it