Kerala

ആലപ്പുഴ ബൈപാസിനെച്ചൊല്ലി പോര് മുറുകുന്നു; ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി

ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. 2017 ആഗസ്ത് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യുഡിഎഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.

ആലപ്പുഴ ബൈപാസിനെച്ചൊല്ലി പോര് മുറുകുന്നു; ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി
X

തിരുവനന്തപുരം: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ ആലപ്പുഴ ബൈപാസിനെച്ചൊല്ലി വിവാദം മുറുകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമായി ബൈപാസ് അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് രാഷ്ട്രീയപ്പോര് രൂക്ഷമായത്. ബൈപാസ് നിര്‍മാണ ഉദ്ഘാടന പരിപാടിയില്‍നിന്ന് ആലപ്പുഴ മുന്‍ എംപി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ തഴഞ്ഞതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദിയിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നരവര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. 2017 ആഗസ്ത് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യുഡിഎഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.

കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ ചെലവ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 50-50 ആയി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ആഗസ്ത് 31ന് എടുത്തത്. തുടര്‍ന്ന് നാലുദശാബ്ദത്തിലധികം നിര്‍ജീവമായിക്കിടന്ന കൊല്ലം, ആലുപ്പുഴ ബൈപാസുകള്‍ക്ക് ജീവന്‍ കിട്ടി. ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസനമാതൃക സൃഷ്ടിച്ചു. ബീച്ചിനു മുകളിലൂടെ പോവുന്ന എലവേറ്റഡ് ഹൈവെ എന്ന പ്രത്യേകതയും ആലപ്പുഴ ബൈപാസിനുണ്ട്.

സംസ്ഥാന വിഹിതമായി കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച് 2015 ഫെബ്രു 11ന് ഉത്തരവിറക്കി. 2015 മാര്‍ച്ച് 16ന് പണി ആരംഭിച്ചു. 30 മാസത്തിനകം പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. പക്ഷേ മൂന്നരവര്‍ഷം വൈകിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ആലപ്പുഴ ബൈപാസ് നിര്‍മാണത്തില്‍ കെ സി വേണുഗോപാല്‍ എംപി നിര്‍ണായക പങ്കുവഹിച്ചു. 50-50 എന്ന ആശയം അദ്ദേഹമാണ് ആദ്യമായി അവതരിപ്പിച്ചത്. കൊല്ലം ബൈപാസും 50-50 മാതൃകയിലാണ് നിര്‍മിച്ചത്. എംപിമാരായ എന്‍കെ പ്രേമചന്ദ്രനും എന്‍ പീതാംബര കുറുപ്പും കൊല്ലത്തിനുവേണ്ടി പ്രയത്‌നിച്ചവരാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it