Kerala

അപകടകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ച് കൊന്നു

അപകടകാരിയായ പന്നികളെ ഇല്ലായ്മ ചെയ്യാമെന്ന ഉത്തരവ് പ്രകാരമുള്ള ആദ്യ നടപടിയാണിത്.

അപകടകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ച് കൊന്നു
X

കോന്നി: കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോന്നിയില്‍ വനം വകുപ്പ് സ്‌ക്വാഡ് ഒരു പന്നിയെ വെടിവച്ചു കൊന്നതായി ഡിഎഫ്ഒ കെ എന്‍ ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. അപകടകാരിയായ പന്നികളെ ഇല്ലായ്മ ചെയ്യാമെന്ന ഉത്തരവ് പ്രകാരമുള്ള ആദ്യ നടപടിയാണിത്.

കഴിഞ്ഞദിവസം രാത്രി 11.20 ന് അരുവാപ്പുലം ശ്രീകൃഷ്ണ വിലാസം വെഞ്ചോലില്‍ അനിതകുമാരിയുടെ ഉടമസ്ഥതയിലുളള റബ്ബര്‍ തോട്ടത്തിനും കൃഷിയിടത്തിനും ഇടയില്‍ 50 മീറ്റര്‍ ഉളളില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജെ സി സലിന്‍ ജോസിന്റെ നേതൃത്വത്തിലുളള സംഘം കണ്ടെത്തി വെടിയുതിര്‍ക്കുകയായിരുന്നു. യൂണിഫോമിലുളള ഉദ്യോഗസ്ഥനായ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജെ സി സലിന്‍ ജോസിന്റെ തോക്കില്‍ നിന്നു വെടിയേറ്റ അഞ്ചു വയസ് തോന്നിക്കുന്ന ഒരു പെണ്‍ കാട്ടുപന്നി മരണപ്പെട്ടു. രാത്രി 7.30 ന് ഇവിടെ നിന്നു 300 മീറ്റര്‍ മാറി സന്തോഷ് എന്ന ആളിന്റെ കൃഷിസ്ഥലത്ത് മറ്റൊരു കാട്ടുപന്നിയെ വെടിവച്ചെങ്കിലും ഒരു വെടിയേറ്റ ശേഷം അത് ഓടിപോയതായി കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

കാട്ടു പന്നിക്കൂട്ടത്തിനു നേരേ വെടിവച്ച റബ്ബര്‍ തോട്ടം ജനവാസ പ്രദേശമായ അരുവാപ്പുലം തോപ്പില്‍ കോളനിക്ക് തെക്കാണ്. മരണപ്പെട്ട കാട്ടുപന്നിക്ക് 100 കിലോഗ്രാം ഭാരമുണ്ട്. സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കുന്നതിന് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ കോന്നി വിജയകുമാര്‍, 13-ാം വാര്‍ഡ് മെമ്പര്‍ സ്മിത എന്നിവരുടെ സഹായ സഹകരണവും സാന്നിധ്യവും ഉണ്ടായിരുന്നു. കൊവിഡ് 19 ലോക്ക്ഡൗണ്‍ കാലഘട്ടമായതിനാലും അര്‍ധരാത്രിയോട് അടുത്തായതിനാലും സമീപവാസികളായ ജനങ്ങള്‍ വീടിനകത്ത് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു നടപടികള്‍. വിവരം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പോലിസിനെയും അറിയിച്ചു.

കോന്നി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ശ്യാം ചന്ദ്രന്‍ കാട്ടുപന്നിയുടെ പോസ്റ്റ്മോര്‍ട്ടം ജോലികള്‍ നിര്‍വഹിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കാട്ടുപന്നിയുടെ മൃതശരീരം റബര്‍തോട്ടത്തില്‍ തന്നെ അഞ്ച് അടി താഴ്ചയില്‍ കുഴിയെടുത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം മറവുചെയ്തു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണിയും രണ്ട് പഞ്ചായത്ത് മെമ്പര്‍മാരും സന്നിഹിതരായിരുന്നു.

നിരന്തരം കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് 2014 മുതല്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടായിരുന്നു. ഇതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉളളതായി കണ്ട് 2019 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്തു. അതേ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ അനുമതിയോടെ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കാട്ടുപന്നികളെ കൊല്ലുന്നതിന് ഉത്തരവിടാനുളള അധികാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് കൈമാറി ഉത്തരവായി. കാട്ടുപന്നികള്‍ മനുഷ്യനെ ആക്രമിച്ച സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അരുവാപ്പുലം പഞ്ചായത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങളിലെ ശല്യക്കാരായ കാട്ടുപന്നികളെ നിയമാനുസൃതം ഒഴിവാക്കുന്നതിനായി മാര്‍ച്ച് ഏഴിന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി ഈ ഉത്തരവ് നടപ്പാക്കുന്നതിനായി കോന്നി റെയിഞ്ചിലെ ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തി വരുകയായിരുന്നു. മേയ് എട്ടിന് കോന്നിയില്‍ വച്ച് വനം വകുപ്പുമന്ത്രി കെ രാജു ഉത്തരവ് ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it