Kerala

രാഖിയുടെ മരണം ഒഴിവാക്കാമായിരുന്നു: പുറത്തേക്ക് ഓടിയിട്ട് ആരും തടഞ്ഞില്ല-കാമറ ദൃശ്യങ്ങള്‍ പുറത്ത്

പ്രധാന കവാടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നിട്ടും കുട്ടിയെ തടഞ്ഞുനിറുത്തി ഓടുന്നതിന്റെ കാരണം അന്വേഷിച്ചില്ല. പിതാവിനെ വിളിച്ചുവരുത്തിയവര്‍ അദ്ദേഹം എത്തും വരെ പെണ്‍കുട്ടിയെ നിരീക്ഷിച്ച് പിതാവിനൊപ്പം എന്തുകൊണ്ട് പറഞ്ഞയിച്ചില്ലെന്ന പൊലീസിന്റെ ചോദ്യത്തിന് കോളേജ് അധികൃതര്‍ വ്യക്തമായി ഉത്തരം നല്‍കിയിട്ടില്ല.

രാഖിയുടെ മരണം ഒഴിവാക്കാമായിരുന്നു: പുറത്തേക്ക് ഓടിയിട്ട് ആരും തടഞ്ഞില്ല-കാമറ ദൃശ്യങ്ങള്‍ പുറത്ത്
X

കൊല്ലം: കോപ്പിയടി ആരോപിക്കപ്പെട്ട് പിടിക്കപ്പെട്ട രാഖി കൃഷ്ണയുടെ മരണത്തിന് കോളേജ് അധികൃതര്‍ ഉത്തരവാദികളാണെന്ന് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഭയപ്പാടോടെ പെണ്‍കുട്ടി കോളേജിന്റെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് ഓടുന്നതിന്റെ കാമറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഈ സമയം പ്രധാന കവാടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നിട്ടും കുട്ടിയെ തടഞ്ഞുനിറുത്തി ഓടുന്നതിന്റെ കാരണം അന്വേഷിച്ചില്ല. പിതാവിനെ വിളിച്ചുവരുത്തിയവര്‍ അദ്ദേഹം എത്തും വരെ പെണ്‍കുട്ടിയെ നിരീക്ഷിച്ച് പിതാവിനൊപ്പം എന്തുകൊണ്ട് പറഞ്ഞയിച്ചില്ലെന്ന പൊലീസിന്റെ ചോദ്യത്തിന് കോളേജ് അധികൃതര്‍ വ്യക്തമായി ഉത്തരം നല്‍കിയിട്ടില്ല. ടോയ്‌ലറ്റില്‍ പോകാനെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടി നേരെ പുറത്തേക്കാണ് ഓടിയത്. ആരും തടഞ്ഞില്ല.

പെണ്‍കുട്ടിക്കെതിരെയുള്ള ആരോപണം തെളിയിച്ച് ഭാവി പരീക്ഷകളില്‍ അയോഗ്യയാക്കാന്‍ വസ്ത്രത്തിലെ എഴുത്തുകളുടെ ഫോട്ടോയെടുത്തിരുന്നു്. ആളെ തിരിച്ചറിയാന്‍ മുഖത്തിന്റെ ചിത്രവും എടുത്തിരുന്നു. സ്വയംഭരണം ഉള്‍പ്പടെയുള്ള എല്ലാ സര്‍വകലാശാലകളിലും കോപ്പിയടി സംബന്ധിച്ച് ഒരേ നയമാണ് ഉള്ളത്. ഇതില്‍ ഫോട്ടോയെടുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിക്കപ്പെട്ട പെണ്‍കുട്ടിയെ ക്ലാസ് മുറികള്‍ മാറി മാറി ചോദ്യം ചെയ്തതായും പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ ഇക്കാര്യം നിരീക്ഷണ കാമറകളെ അവലംബിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.

പിതാവിനോട് കോളേജ് അധികൃതര്‍ വളരെ പരുഷമായാണ് സംസാരിച്ചത്. ഇത് രാഖിയില്‍ കൂടുതല്‍ ഭയപ്പാടുണ്ടാക്കിയെന്നും ഇത് മരണത്തിലേക്ക് നയിക്കുന്നതിന് ഇടയാക്കിയെന്നും സംശയിക്കുന്നു. പെണ്‍കുട്ടിക്ക് ഇനി വിദ്യാഭ്യാസ ഭാവിയില്ലെന്ന് സ്‌ക്വാഡിലെ ഒരംഗം ഫോണില്‍ പിതാവിനോട് പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ മുന്നില്‍ വച്ചായിരുന്നു ഫോണ്‍ സംഭാഷണം. ഇത് രാഖിയുടെ ഭീതി ഇരട്ടിക്കാന്‍ കാരണമായെന്ന സംശയം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പിതാവിനെ അഭിമുഖീകരിക്കാനാകാതെ ജീവനൊടുക്കാന്‍ രാഖി തീരുമാനിച്ചിരിക്കണമെന്നാണ് അനുമാനം. പെണ്‍കുട്ടികളെ അച്ചടക്കത്തോടെ വളര്‍ത്താത്തിന്റെ ദോഷണമാണ് കോപ്പിയടിയില്‍ കലാശിച്ചതെന്നും പറഞ്ഞുവത്രെ. അടുത്ത ദിവസങ്ങളില്‍ പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുമ്പോള്‍ ഈ വിവരങ്ങള്‍ നിര്‍ണായകമാകും.

ഇന്നലെ കൊല്ലം ഈസ്റ്റ്് പൊലീസ് പരീക്ഷാ സ്‌ക്വാഡിലുണ്ടായിരുന്ന രണ്ട് വനിതകളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പരീക്ഷാ ഹാളില്‍ ഈ സമയം ഉണ്ടായിരുന്നവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനിടെ പിതാവ് രാധാകൃഷ്ണന്‍ ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസിന് പരാതി നല്‍കി. തന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ടത് കോളേജിലെ അദ്ധ്യാപകരുടെ കടുത്ത മാനസിക പീഡനമാണെന്നും അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.


Next Story

RELATED STORIES

Share it