പരിക്കേറ്റ് താരം അരമണിക്കൂര്‍ ഗ്രൗണ്ടില്‍, തിരിഞ്ഞുനോക്കാതെ സംഘാടകര്‍; വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് അധ്യാപകര്‍

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മല്‍സരത്തിനിടെ എളന്തിക്കര എച്ച്എസ്എസിലെ ഐവിന്‍ ടോമിയാണ് കടുത്ത പേശിവലിവ് മൂലം മൈതാനത്ത് വീണത്. കുട്ടികള്‍ക്കു കുടിവെള്ള സൗകര്യമോ മറ്റു സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല.

പരിക്കേറ്റ് താരം അരമണിക്കൂര്‍ ഗ്രൗണ്ടില്‍, തിരിഞ്ഞുനോക്കാതെ സംഘാടകര്‍; വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് അധ്യാപകര്‍

കൊച്ചി: സംഘാടകരുടെ പിഴവിനെത്തുടര്‍ന്ന് പാലായില്‍ ഹാമര്‍ തലയില്‍വീണ് വിദ്യാര്‍ഥി ദാരുണമായി മരിക്കാനിടയായ ദുരന്തത്തിന്റെ ആഘാതം വിട്ടുമാറുന്നതിന് മുമ്പ് റവന്യൂ ജില്ലാ കായികമേളയുടെ സംഘാടനത്തില്‍ വീണ്ടും ഗുരുതരമായ വീഴ്ച. മല്‍സരത്തിനിടെ പരിക്കേറ്റുവീണ താരത്തിന് മൈതാനത്ത് കിടക്കേണ്ടിവന്നത് അരമണിക്കൂറിലധികമാണ്. കോതമംഗലം എംഎ കോളജ് ഗ്രൗണ്ടില്‍ നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്കിടെയാണ് സംഭവം. രാവിലെ 8.30ന് തുടങ്ങേണ്ട മേള ട്രാക്കിലെ ചില അസൗകര്യങ്ങള്‍ കാരണം 10 മണിക്കാണ് ആരംഭിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മല്‍സരത്തിനിടെ എളന്തിക്കര എച്ച്എസ്എസിലെ ഐവിന്‍ ടോമിയാണ് കടുത്ത പേശിവലിവ് മൂലം മൈതാനത്ത് വീണത്. കുട്ടികള്‍ക്കു കുടിവെള്ള സൗകര്യമോ മറ്റു സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല.

ഡോക്ടറെത്തി പരിശോധിച്ച് പ്രാഥമികചികില്‍സ നല്‍കിയെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനുള്ള നടപടികള്‍ വൈകിയതിനെതിരേ കായികാധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വേദന സഹിക്കാനാവാതെ മൈതാനത്ത് കിടന്ന ഐവിനെ ആശുപത്രിയില്‍ കൊണ്ടുപോവണമെന്നു സഹപാഠികളും കായികാധ്യാപകരും ആവശ്യപ്പെട്ടു. ആംബുലന്‍സ് സമീപമുണ്ടായിരുന്നെങ്കിലും ഗ്രൗണ്ടിലേക്ക് ഇറക്കാന്‍ മാര്‍ഗമില്ലായിരുന്നു. ഇതിനിടെയാണ് മീറ്റിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഈ സമയം മറ്റു വിഷയങ്ങളില്‍ പ്രതിഷേധിക്കാന്‍ കാത്തുനിന്ന കായികാധ്യാപകര്‍ താരം അരമണിക്കൂര്‍ മൈതാനത്ത് കിടന്നിട്ട് സംഘാടകര്‍ തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ച് പ്രതിഷേധം തുടങ്ങി. സ്‌ട്രെച്ചറില്ലെന്നായിരുന്നു പ്രധാന ആരോപണം.

ബഹളം കനത്തതോടെ നിമിഷങ്ങള്‍ക്കകം സ്‌ട്രെക്ച്ചര്‍ എത്തിച്ച് വിദ്യാര്‍ഥിയെ ആംബലന്‍സില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി. ഉദ്ഘാടനച്ചടങ്ങിനിനിടെ മേളയുടെ ഒഫീഷ്യലുകളായ കായികാധ്യപകര്‍ കറുത്ത തുണിയില്‍ വായ് മൂടിക്കെട്ടി ട്രാക്കിലിറങ്ങിയാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചത്. ഉദ്ഘാടകനായ ഡീന്‍ കുര്യാക്കോസ് എംപി പ്രസംഗിക്കുമ്പോള്‍ വേദിക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. കായികാധ്യാപക തസ്തിക മാനദണ്ഡം പരിഷ്‌കരിക്കുക, തുല്യജോലിക്ക് തുല്യവേതനം, ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് അധ്യാപകര്‍ 163 ദിവസമായി ചട്ടപ്പടി സമരത്തിലാണ്. സംയുക്ത കായികാധ്യാപക സംഘടന ജില്ലാ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

RELATED STORIES

Share it
Top