Kerala

ഏകീകൃത കുര്‍ബാന:ഓശാന ഞായര്‍ മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കണം;നിലപാടില്‍ മാറ്റമില്ലെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിക്ഷിപ്തമാണ്. ഈ സാഹചര്യത്തില്‍ ഇന്നലെ നല്‍കിയിരിക്കുന്ന സര്‍ക്കുലറിലെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി

ഏകീകൃത കുര്‍ബാന:ഓശാന ഞായര്‍ മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കണം;നിലപാടില്‍ മാറ്റമില്ലെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
X

കൊച്ചി: സിനഡ് തീരുമാനമപ്രകാരമുള്ള ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം ഓശാന ഞായര്‍ മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന വ്യക്തമാക്കി സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.ഓശാന ഞാറാഴ്ച മുതലോ ഈസ്റ്റര്‍ ദിനം മുതലോ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടപ്പിലാക്കില്ലെന്നും ഇത് ആവശ്യപ്പെട്ടുള്ള കര്‍ദ്ദിനാളിന്റെ സര്‍ക്കുലര്‍ കാനന്‍ നിയമപ്രകാരം അസാധുവാണെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ഇതു സംബന്ധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശദീകരണം നല്‍കിയത്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 6, 7 തീയതികളില്‍ ഓണ്‍ലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റ തീരുമാനമനുസരിച്ച് അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പ് എന്ന നിലയില്‍ താനും അതിരൂപതയ്ക്കു വേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി ആര്‍ച്ച്ബിഷപ് ആന്റണി കരിയിലും സംയുക്തമായി പുറപ്പെടുവിച്ച സര്‍ക്കുലറിലെ തീരുമാനങ്ങള്‍ അതിരൂപതയില്‍ നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.

ഇതു സംബന്ധിച്ച് ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനാണ് ഈ അറിയിപ്പു നല്‍കുന്നതെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2022 മാര്‍ച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലും പൗരസ്ത്യസഭകള്‍ ക്കായുള്ള കാര്യാലയം ആര്‍ച്ച്ബിഷപ് ആന്റണി കരിയിലു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിക്ഷിപ്തമാണ്. ഈ സാഹചര്യത്തില്‍ ഇന്നലെ നല്‍കിയിരിക്കുന്ന സര്‍ക്കുലറിലെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

Next Story

RELATED STORIES

Share it