Kerala

ജനാഭിമുഖ കുര്‍ബാന മാറ്റാന്‍ അനുവദിക്കില്ല;എറണാകുളം-അങ്കമാലി അതിരൂപതയില്‍ നാളെ വിശ്വാസികളുടെ മഹാ സംഗമം

ഏകീകൃത കൂര്‍ബ്ബാന നടപ്പിലാക്കണമെന്ന സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ നാളെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസകളുടെ നേതൃത്വത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ വിശ്വാസ സംരക്ഷണ മഹാ സംഗമം.

ജനാഭിമുഖ കുര്‍ബാന മാറ്റാന്‍ അനുവദിക്കില്ല;എറണാകുളം-അങ്കമാലി അതിരൂപതയില്‍ നാളെ വിശ്വാസികളുടെ മഹാ സംഗമം
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാന മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് വിശ്വാസികളും വൈദികരും.ഏകീകൃത കൂര്‍ബ്ബാന നടപ്പിലാക്കണമെന്ന സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ നാളെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസകളുടെ നേതൃത്വത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ വിശ്വാസ സംരക്ഷണ മഹാ സംഗമം.

ഉച്ചകഴിഞ്ഞ് 2.30 ന് ജപമാലയോടെ ആരംഭിക്കുന്ന വിശ്വാസ സംരക്ഷണ മഹാസംഗമത്തില്‍ റാലിയും പൊതു സമ്മേളനവും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.അതിരൂപത സംരക്ഷണ സമിതി, അല്‍മായ മുന്നേറ്റം, ദൈവജനക്കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസിവൈഎം, സിഎല്‍സി, സിഎംഎല്‍, വിന്‍സെന്റ്് ഡി പോള്‍ സംഘടനകളുടെ നേതൃത്വത്തില്‍ അതിരൂപതയിലെ മുഴുവന്‍ ഇടവകകളില്‍ നിന്നും വിശ്വാസികള്‍ സമ്മേളന നഗരിയില്‍ സംഗമിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടു പ്രശ്‌നങ്ങളില്‍ അതിരൂപതയ്ക്കു നഷ്ടപ്പെട്ട തുക റെസ്റ്റിറ്റിയൂഷന്‍ പ്രക്രിയയുടെ ഭാഗമായി തിരിച്ചു നല്‍കുക, കാരണം കാണിക്കല്‍ നോട്ടീസു പോലും നല്‍കാതെ രാജി വെപ്പിക്കുകയും ഊരുവിലക്കേര്‍പ്പെടുത്തുകയും ചെയ്ത ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനോട് സിനഡ് നീതി പുലര്‍ത്തുക, സിനഡ് ബിഷപ്പ് മാര്‍ വിശ്വാസികളെയും വൈദികരെയും കേള്‍ക്കുക എന്നീ ആവശ്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗമം നടത്തുന്നത്. ജനാഭിമുഖ കുര്‍ബാന ഒരു വിഭാഗം വൈദികരുടെയോ വിശ്വാസികളുടെയോ മാത്രം ആവശ്യമല്ല.അതിരൂപതയയിലെ വൈദികരില്‍ 99 ശതമാനവും വിശ്വാസികളില്‍ മഹാഭൂരിപക്ഷവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുറവിയുള്ള ജനാഭിമുഖ കുര്‍ബാനയില്‍ ഉറച്ച നിലപാടുള്ളവരാണെന്ന് സാക്ഷ്യപ്പെടുത്താനാണ് സംഗമം.

വിശ്വാസസംരക്ഷണ സമ്മേളനത്തില്‍ ഷൈജു ആന്റണി, ബിജു തോമസ്, ഫാ. സണ്ണി കളപുരക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. സംഗമത്തില്‍ ഫാ. കുര്യാക്കോസ് മുണ്ടാടാന്‍ ആമുഖ പ്രഭാഷണം നടത്തും, മോണ്‍.വര്‍ഗീസ് ഞാളിയത് അധ്യക്ഷത വഹിക്കും. അതിരൂപതയുടെ ആവശ്യങ്ങള്‍ കാണിച്ചുകൊണ്ട് അഡ്വ. ബിനു ജോണ്‍ പ്രമേയം അവതരിപ്പിക്കും, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ് ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടിയുള്ള പ്രതിജ്ഞക്ക് നേതൃത്വം നല്‍കുമെന്ന് സംഘാടക സമിതി മീഡിയ കമ്മിറ്റി കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it