Kerala

വെണ്ടേക്കുംപൊയിലിലെ ആദിവാസി ഊരിനോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കുക: പുരോ​ഗമന യുവജന പ്രസ്ഥാനം

ആദിവാസികൾ തങ്ങളുടെ മുൻകൈയ്യിൽ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതും പ്രതിഷേധിക്കുന്നതിനെയും പകയോടെ നേരിടാനുള്ള ഭരണകൂട സമീപിനത്തിൽ നിന്നാണ് ഇപ്പോൾ "കോളനിയിൽ അതിക്രമിച്ചു കയറി" എന്ന് പറഞ്ഞകൊണ്ട് കള്ളക്കേസ് ചുമത്തിയിരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

വെണ്ടേക്കുംപൊയിലിലെ ആദിവാസി ഊരിനോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കുക: പുരോ​ഗമന യുവജന പ്രസ്ഥാനം
X

മലപ്പുറം: വെണ്ടേക്കുംപൊയിലിലെ ആദിവാസി ഊരിനോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് പുരോ​ഗമന യുവജന പ്രസ്ഥാനം (പിവൈഎം). പതിറ്റാണ്ടുകളായി ഊര് നിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കുമെതിരേ ഊര് സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭവുമായി മുന്നോട്ട് വരുന്നതിനെ സർക്കാരും പോലിസും ഭീകരപ്രവർത്തനമായി കാണുകയാണെന്നും പിവൈഎം വാർത്താക്കുറിപ്പിൽ ആരോപിച്ചു.

വെണ്ടേക്കുംപൊയിലിലെ ആദിവാസികൾ നടത്തുന്ന സമരത്തോട് ഐക്യപ്പെട്ട് പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരുടെ സാനിധ്യത്തിൽ ഊര് സന്ദർശിക്കുകയും ഊരിലെ പ്രശ്നങ്ങൾ ഉന്നയിച് കലക്ടർക്ക് നൽകാനുള്ള പരാതി എഴുതി തയ്യാറാക്കാൻ സഹായിക്കുകയും വിഷയം വാർത്ത നൽകുകയും ചെയ്തിരുന്നു. ഇതിനെ ഭീകരപ്രവർത്തനമായി കാണുകയും മെമ്പറുടെ പരാതിയുണ്ടെന്ന് കാണിച്ച് സംഘടനാ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കുമെതിരേ അരീക്കോട് പോലിസ് കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്.

ഇത്രയും കാലം സർക്കാരിൽ നിന്നും അതിന്റെ ഉദ്യോഗസ്ഥ മേധാവിത്വത്തിൽ നിന്നും ആദിവാസികൾ നേരിട്ട വിവേചനങ്ങളും അവകാശ നിഷേധങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചയാകുമെന്നും ആദിവാസികൾ തങ്ങളുടെ മുൻകൈയ്യിൽ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതും പ്രതിഷേധിക്കുന്നതിനെയും പകയോടെ നേരിടാനുള്ള ഭരണകൂട സമീപിനത്തിൽ നിന്നാണ് ഇപ്പോൾ "കോളനിയിൽ അതിക്രമിച്ചു കയറി" എന്ന് പറഞ്ഞകൊണ്ട് കള്ളക്കേസ് ചുമത്തിയിരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

ഊരിലുള്ള പ്രശ്നങ്ങളെ കുറിച്ച് അറിഞ്ഞ് എത്തിയ ഞങ്ങളോടും മാധ്യമ പ്രവർത്തകരോടും "തന്റെ അനുവാദമില്ലാതെ ഊരിൽ പ്രവേശിക്കാൻ പാടില്ല" എന്നാണ് വാർഡ് മെമ്പർ പറഞ്ഞത്. ഊരിലെ ആളുകൾ മെമ്പറോട് തങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ പലതരം ന്യായീകരണങ്ങളാണ് നിരത്തിയത്. റിസോർട്ട് മാഫിയയുടെ ശല്യത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ 'പരാതി ഉണ്ടെങ്കിൽ എഴുതിത്തരണമെന്നും ഇങ്ങനെ പറഞ്ഞാൽ നടപടിയെടുക്കാനാവില്ലെന്നും' മെമ്പർ പറഞ്ഞു . സാക്ഷരതാ ക്ലാസ് നടത്തുന്നതിന്റെ പേര് ചേർക്കാൻ അവിടെ എത്തിയ മെമ്പർ തങ്ങളോട് പരാതി എഴുതി നൽകാൻ പറയുന്നതിന്റെ അനൗചിത്യവും പകരം തങ്ങൾക്കൊപ്പം നിന്ന് പരാതി തയ്യാറാക്കാൻ സഹായിച്ചു കൂടെ എന്നും ഊര് നിവാസികൾ ചോദിച്ചു ഇതിൽ കുപിതയായ മെമ്പർ തന്റെ അധികാരം ആരും പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പിവൈഎം ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നും കൂടെനിൽക്കണമെന്നും ആവശ്യപെട്ടപ്പോൾ "എനിക്ക് സൗകര്യമില്ല " എന്നുമാണ് പറഞ്ഞത്. ഇത്രയും പ്രകടനം നടത്തിയ തന്നെ "ഊര് നിവാസികൾ ശത്രുവായി കണ്ടു" എന്ന് മെമ്പർ പറയുന്നതിൽ വലിയ അത്ഭുതം ഒന്നും തോന്നാനില്ല. ഊര് സംരക്ഷണ സമിതിയുടെ സമരത്തെ തകർക്കാൻ വേണ്ടി സർക്കാരും, പോലിസും, വാർഡ് മെമ്പറും കെട്ടഴിച്ചുവിടുന്ന നുണപ്രചാരണങ്ങൾ കൊണ്ടോ കള്ളക്കേസുകൾ കൊണ്ടോ പിന്നോട്ട് പോകാൻ പിവൈഎം തയ്യാറല്ലെന്നും കൂടുതൽ ശക്തമായി തന്നെ സമരത്തിൽ അണിനിരക്കുമെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും പ്രസ്താവനയിൽ പറയുന്നു.

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് വെണ്ടേക്കുംപൊയിൽ ആദിവാസി ഊര് സ്ഥിതി ചെയ്യുന്നത്. 1969 മുതൽ പ്രദേശത്ത് താമസിച്ചു വരുന്ന മുതുവാൻ വിഭാഗത്തിലെ 23ഓളം കുടുംബങ്ങൾക്കും തൊട്ടടുത്ത ഊരുകളിലായി താമസിക്കുന്നവർക്കും തങ്ങൾ ജീവിക്കുന്ന ഭൂമിക്കുമേൽ ഇതുവരേയും പട്ടയം ലഭിച്ചിട്ടില്ല. എന്നാൽ ആദിവാസി ഊരിനോട് അതിർത്തി പങ്കിടുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിക്കും റിസോർട്ടുകൾക്കും പട്ടയമുണ്ട്. ഊരിലെ വീടുകൾ എല്ലാം തന്നെ തകർന്ന് നിലംപൊത്തറായ സ്ഥിതിയാണുള്ളത്. താത്കാലികമായി മുളവടികളിൽ ഊന്നു നൽകിയും വീടിനടുത്ത് ഷെഡുകൾ കെട്ടിയുമാണ് അന്തിയുറക്കം. വെണ്ടേക്കുംപൊയിൽ ആദിവാസി ഊരിലെ ദുരിത ജീവിതം തേജസ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

Next Story

RELATED STORIES

Share it