Kerala

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നൃത്തത്തിന് പിന്തുണയുമായി കത്തോലിക്ക സഭ മുഖപത്രം;വിദ്വേഷ പ്രചരണം സാമൂഹിക മനോരോഗമായി മാറിയെന്ന് വിമര്‍ശനം

ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പരസ്യമായിപോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷവ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു.വ്യത്യസ്ത മതിവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് കഴിയുന്ന സഹവര്‍ത്തിത്വത്തിന്റെ സന്തോഷം മതേതരം കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നൃത്തത്തിന് പിന്തുണയുമായി കത്തോലിക്ക സഭ മുഖപത്രം;വിദ്വേഷ പ്രചരണം സാമൂഹിക മനോരോഗമായി മാറിയെന്ന് വിമര്‍ശനം
X

കൊച്ചി: തൃശൂര്‍ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനും ജാനകിയും ചേര്‍ന്ന അവതരിപ്പിച്ച നൃത്തത്തിന് പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം.1970 കളില്‍ യുവത്വത്തിന്റെ ഹരമായിരുന്ന യൂറോ-കരീബിയന്‍ ഡാന്‍സ് ബോണി എമ്മിന്റെ റാസ്പുടിന്‍ എന്ന അനശ്വര ട്രാക്കിനൊപ്പമാണ് ഇവര്‍ ചുവടുവെച്ചത്.ചടുലമായ ചുവടുകളിലൂടെ പോസിറ്റീവ് വൈബ്‌സ് ഡാന്‍സിനെ വ്യത്യസ്തമാക്കിയതോടെ ഇരുവരും സാമൂഹിക മാധ്യമങ്ങളിലടക്കം താരമായതോടെയാണ് രണ്ടു പേരുടെയും മതപശ്ചാത്തലം വെളിപ്പെടുത്തിയുള്ള അഭിഭാഷകന്റെ വിയോജനകുറുപ്പ് എഫ്ബിയില്‍ പ്രത്യക്ഷപ്പെടുന്നത്.രണ്ടു വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു ആ വിദ്വേഷ പോസ്റ്റ്.ഇതില്‍ മാതാപിതാക്കള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പിന്റെ മുനയുണ്ടായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനു ചുവട് പിടിച്ച് യുവനര്‍ത്തകരെ അധിക്ഷേപിച്ചുകൊണ്ടുള്ള വിഷലിപ്ത പോസ്റ്റുകളും വൈറലായതോടെ മതതീവ്രവാദികള്‍ ഡാന്‍സ് ജിഹാദ് എന്ന പുതിയ സംജ്ഞയെക്കുറിച്ചുള്ള സംശയങ്ങളുമായി രംഗത്തെത്തിയെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.സംശം വ്യക്തികള്‍ക്കിടയിലെ പെരുമാറ്റ വൈകല്യമായിരുന്നത് പഴയ കഥയാണെന്നും ഇന്ന് അത് സാമൂഹിക മനോരോഗമായി അതിവേഗം മാറിത്തീര്‍ന്നുവെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.വ്യത്യസ്ത മതിവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് കഴിയുന്ന സഹവര്‍ത്തിത്വത്തിന്റെ സന്തോഷം മതേതരം കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.എതിരെ വരുന്നയാള്‍ നമ്മുടെ എതിര്‍പക്ഷത്താണെന്ന മുന്നറിയിപ്പ് മുന്‍പില്‍ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പെന്നും ഈ നടപ്പിന് യാതൊരു ദോഷവൂമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈന്‍ എന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

നമുക്കിതുവരെയും പരിചിതമല്ലാതിരുന്ന അസാധാരണമായ ഒരപരിചിതത്വ ബോധം പരസ്പരം നിറയ്ക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇക്കൂട്ടര്‍ വേഗത്തില്‍ വിജയിക്കുകയാണ്.ചുറ്റുമുള്ളവരെയും ചുറ്റുമുള്ളതിനെയും ഭയപ്പെടണമെന്നാണിവര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്.കഴിക്കുന്ന ഭക്ഷണത്തെയും സ്വീകരിക്കുന്ന മരുന്നിനെയും യാത്ര ചെയ്യുന്ന വാഹനത്തെയും കയറിക്കിടക്കുന്ന വിശ്രമമന്ദ്രിരത്തെയും സംശയത്തോടെ വീക്ഷിക്കത്തകവിധം നമ്മുടെ പൊതുബോധത്തിനു മീതെ തീവ്രമതബോധത്തിന്റെ നിഴല്‍ വീഴ്ത്തിത്തന്നെയാണ് ഈ പുതിയ മുന്നേറ്റമെന്നും സത്യദീപത്തിന്റെ മുഖ പ്രസംഗം ചൂണ്ടിക്കാട്ടുന്നു.മതതീവ്രവാദത്തിന്റെ വില്‍പന മൂല്യത്തെ ആദ്യ തിരിച്ചറിഞ്ഞത് ഇവിടുത്ത രാഷ്ട്രീയ നേതൃത്വം തന്നെയാണ്.കാലാകാലങ്ങളില്‍ അതിന്റെ തീവ്രമൃദുഭാവങ്ങളെ സമര്‍ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ജനകീയ അടിത്തറ വിപുലീകരിച്ചതും വോട്ടുബാങ്കുറപ്പിച്ചതും.ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ടുപിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കുന്നതും കണ്ടു.

അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടില്‍ രണ്ടു തട്ടിലായി പാര്‍ട്ടികളുടെ പ്രചരണ പ്രവര്‍ത്തന നയരേഖ. തീവ്ര നിലപാടുകളുടെ അത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതില്‍ പ്രീണനത്തിന്റെ ഈ പ്രതിനായകര്‍ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോള്‍ തോറ്റു പോകുന്നത് മതേതര കേരളം മാത്രമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.മതേതരത്വത്തെ ഇനി മുതല്‍ പിന്തുണയക്കേണ്ടതില്ലെന്ന മട്ടില്‍ ചില തീവ്ര ചിന്തകള്‍ ക്രൈസ്തവര്‍ക്കിടയില്‍പ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവെയ്ക്കുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.2030 ല്‍ ഇന്ത്യയെ മുസ് ലിം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പരസ്യമായിപോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷവ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു.ന്യൂനപക്ഷ അവകാശ ബോധവും അവകാശപോരാട്ടവും ഒരിക്കലും തെറ്റല്ല പക്ഷേ അതിന്റെ പേരിലുള്ള അപരവിദ്വേഷ പ്രചരണം ന്യായീകരിക്കാന്‍ കഴിയില്ല. കണക്ക് ചോദിക്കുന്നത് കണക്ക് തീര്‍ക്കാനാകരുതെന്നും മുഖപ്രസംഗം പറയുന്നു.

Next Story

RELATED STORIES

Share it