Kerala

ഈദുല്‍ ഫിത്വര്‍: മാനവികതയുടേയും സഹാനുഭൂതിയുടെയും സന്ദേശമെന്ന് മുഖ്യമന്ത്രി

ചെറിയ പെരുന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

ഈദുല്‍ ഫിത്വര്‍: മാനവികതയുടേയും സഹാനുഭൂതിയുടെയും സന്ദേശമെന്ന് മുഖ്യമന്ത്രി
X


തിരുവനന്തപുരം: മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കര്‍മ്മങ്ങളുടെയും ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിതറും മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ ഈദുല്‍ ഫിത്ര്‍ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണ പരിസമാപ്തിയുടെ ആഹ്ലാദത്തിലാണ്.

ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.

മഹാവ്യാധിക്ക് മുന്‍പില്‍ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോള്‍ അതിജീവനത്തിന്റെ ഉള്‍ക്കരുത്ത് നേടാന്‍ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകര്‍ന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാല്‍ കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം. റമദാന്‍ മാസക്കാലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചു വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനകളുമാണ് നടന്നത്. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു. ഈദ് ദിന പ്രാര്‍ഥന വീട്ടില്‍ നടത്തുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സ്വയം പാലിക്കാന്‍ തയാറാകണം. ചെറിയ പെരുനാളിനോട് അനുബന്ധിച്ചുള്ള പ്രാര്‍ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുകയെന്നും മുഖ്യമന്ത്രി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it