Kerala

ആധാരത്തിന്റെ പകര്‍പ്പും ഇനി ഓണ്‍ലൈനായി; പുതിയ പദ്ധതിയുമായി രജിസ്‌ട്രേഷന്‍ വകുപ്പ്

രണ്ടുമാസത്തിനകം പുതിയ സംവിധാനത്തിന് തുടക്കമാവും. നിലവിലെ സാഹചര്യത്തില്‍ നിശ്ചിതഫീസ് സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ ആധാരം കണ്ടെത്തി പകര്‍പ്പ് തയ്യാറാക്കി നല്‍കുന്നതിന് കാലതാമസം എടുക്കാറുണ്ട്. അപേക്ഷാഫീസ് ഓണ്‍ലൈനായി അടച്ചാല്‍ ഉടന്‍ സ്വന്തമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്.

ആധാരത്തിന്റെ പകര്‍പ്പും ഇനി ഓണ്‍ലൈനായി; പുതിയ പദ്ധതിയുമായി രജിസ്‌ട്രേഷന്‍ വകുപ്പ്
X

തിരുവനന്തപുരം: ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ രജിസ്ട്രാര്‍ ഓഫിസുകള്‍ കയറിയിറങ്ങി സമയം പാഴാക്കിയിരുന്നത് പഴങ്കഥയാവുന്നു. ഓണ്‍ലൈനായി അപേക്ഷ നല്‍കി ആധാരത്തിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള പുതിയ പദ്ധതിയുമായി രജിസ്‌ട്രേഷന്‍ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. രണ്ടുമാസത്തിനകം പുതിയ സംവിധാനത്തിന് തുടക്കമാവും. നിലവിലെ സാഹചര്യത്തില്‍ നിശ്ചിതഫീസ് സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ ആധാരം കണ്ടെത്തി പകര്‍പ്പ് തയ്യാറാക്കി നല്‍കുന്നതിന് കാലതാമസം എടുക്കാറുണ്ട്. അപേക്ഷാഫീസ് ഓണ്‍ലൈനായി അടച്ചാല്‍ ഉടന്‍ സ്വന്തമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്.

ആധാരത്തിന്റെ നമ്പരും വര്‍ഷവും സഹിതം അപേക്ഷിച്ചാല്‍ ആധാരത്തിന്റെ ഒന്നാം പേജ് കംപ്യൂട്ടറില്‍ കാണാനാവും. ഇതിനായി സേര്‍ച്ച് ഫീസായി 110 രൂപ ഓണ്‍ലൈനായി അടയ്ക്കണം. പകര്‍പ്പ് ആവശ്യമെങ്കില്‍ വീണ്ടും 200 രൂപ പകര്‍പ്പിനുള്ള ഫീസും 50 രൂപ ഇ-സ്റ്റാമ്പിനും അടയ്ക്കണം. അതോടെ മുഴുവന്‍ പേജുകളും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം. ഇപ്പോള്‍ പകര്‍പ്പ് ലഭിക്കുന്നതിന് 360 രൂപയാണ് മൊത്തം ചെലവ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പ് സഹിതമാണ് ഇ- സ്റ്റാമ്പ് പതിച്ച പകര്‍പ്പ് ലഭിക്കുക. 50 രൂപയുടെ മുദ്രപ്പത്രത്തിന് പകരമുള്ള ഇ- സ്റ്റാമ്പിന് ധനവകുപ്പിന്റെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. പദ്ധതി വൈകാന്‍ കാരണവും ഇതാണ്.

ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയ പത്തനംതിട്ട ജില്ലയിലെ എല്ലാ മുന്നാധാരങ്ങളുടെയും പകര്‍പ്പ് ആദ്യഘട്ടത്തില്‍ ലഭ്യമാവും. മറ്റ് ജില്ലകളില്‍ 2015നുശേഷമുള്ള രേഖകളുടെ ഡിജിറ്റൈസേഷനാണ് പൂര്‍ത്തിയായിവരുന്നത്. 2015ന് മുമ്പുള്ള ആധാരങ്ങളുടെ പകര്‍പ്പിന് അപേക്ഷ നല്‍കിയാല്‍ ആ ദിവസംതന്നെ രേഖകള്‍ കണ്ടെത്തി സ്‌കാന്‍ചെയ്ത് ഓണ്‍ലൈനായി നല്‍കാനുള്ള പദ്ധതിയാണ് തയ്യാറാക്കിവരുന്നത്. വിവിധ ജില്ലകളിലായി ഇതിനോടകം 15 ലക്ഷത്തിലധികം രേഖകള്‍ രജിസ്‌ട്രേഷന്‍ വകുപ്പ് സി-ഡിറ്റിന്റെ സഹായത്തോടെ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. അത്യാവശ്യകാര്യങ്ങള്‍ ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ രജിസ്ട്രാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്ന സാധാരണക്കാര്‍ക്ക് പുതിയ പദ്ധതി ഏറെ ഗുണംചെയ്യും.

Next Story

RELATED STORIES

Share it