Kerala

തൊഴിലാളികള്‍ക്ക് വേതന നിഷേധവും വഞ്ചിക്കലും; കരാര്‍ കമ്പനിയില്‍ അടിമ വേലയെന്ന് പരാതി

പുത്തനത്താണിക്ക് അടുത്തുള്ള പൂവന്‍ചിനയില്‍ തൊഴിലാളികള്‍ക്ക് താമസസ്ഥലം ഒരുക്കുന്നതിന്റെ കരാര്‍ മുഷ്താഖ് എഞ്ചിനീയറിങ് ആന്റ് കോണ്‍ട്രാക്ടര്‍ കമ്പനിക്കാണ്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് വേതനം നല്‍കാതെ വഞ്ചിക്കുന്നത്.

തൊഴിലാളികള്‍ക്ക് വേതന നിഷേധവും വഞ്ചിക്കലും; കരാര്‍ കമ്പനിയില്‍ അടിമ വേലയെന്ന് പരാതി
X

മലപ്പുറം: നിര്‍മാണത്തൊഴിലാളികളെ നാമമാത്ര വേതനം നല്‍കിയും അടിമവേല ചെയ്യിപ്പിച്ചും കരാര്‍ കമ്പനി വഞ്ചിക്കുന്നു. പനവേല്‍ - കന്യാകുമാരി ദേശീയപാത 66 കേരളത്തില്‍ 6 വരിയാക്കുന്ന പദ്ധതിയുടെ കരാറുകാരനില്‍ നിന്നും സബ് കോണ്‍ട്രാക്ട് എടുത്ത മുഷ്താഖ് എഞ്ചിനീയറിങ് ആന്റ് കോണ്‍ട്രാക്ടര്‍ എന്ന കമ്പനിയാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. രാമനാട്ടുകാര- വളാഞ്ചേരി ബൈപാസ് മുതല്‍ കാപ്പിരിക്കാട് വരെ ദേശീയപാത വികസനത്തിന് കരാറെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ട് എടുത്ത സ്ഥാപനമാണ് ഫാറൂഖ് എളയേടത്ത് പറമ്പിലെ മുഷ്താഖ് എഞ്ചിനീയറിങ് ആന്റ് കോണ്‍ട്രാക്ടര്‍ കമ്പനി.

പുത്തനത്താണിക്ക് അടുത്തുള്ള പൂവന്‍ചിനയില്‍ തൊഴിലാളികള്‍ക്ക് താമസസ്ഥലം ഒരുക്കുന്നതിന്റെ കരാര്‍ മുഷ്താഖ് എഞ്ചിനീയറിങ് ആന്റ് കോണ്‍ട്രാക്ടര്‍ കമ്പനിക്കാണ്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് വേതനം നല്‍കാതെ വഞ്ചിക്കുന്നത്. ജോലിക്കെത്തുന്നവരെ കുറഞ്ഞ വേതനം നല്‍കുന്നതിന് ഹെല്‍പര്‍ എന്ന പേരിലാണ് നിയമിക്കുന്നത്. ഇവര്‍ക്ക് 600 രൂപയാണ് വേതനം നല്‍കുന്നത്. ഇതില്‍ നിന്നും ഭക്ഷണത്തിന്റെ പേരില്‍ പണം വീണ്ടും കുറക്കുകയും ചെയ്യും. 9 മണിക്കൂര്‍ ജോലി ചെയ്യിക്കുന്നതിനാണ് 600 രൂപ മാത്രം നല്‍കുന്നത്. ഇതുപോലും നല്‍കാതെ തൊഴിലാളികളെ പറഞ്ഞയക്കുന്നുമുണ്ട്.

വേതനം ലഭിക്കാത്തതു കാരണം പല തൊഴിലാളികളും ജോലി മതിയാക്കി പോകുന്നുണ്ട്. പിന്നീട് പല പ്രാവശ്യം കമ്പനിയുമായി ബന്ധപ്പെടുമ്പോള്‍ ഓഫിസിലേക്ക് വിളിച്ചുവരുത്തി പേപ്പറുകളില്‍ ഒപ്പിടുവിച്ച ശേഷം നല്‍കാനുള്ള തുകയുടെ നാലിലൊന്നും അതില്‍ കുറവും നല്‍കി ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്ന് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ പറയുന്നുണ്ട്.

നിലമ്പൂര്‍ സ്വദേശിയായ റഷീദ് എന്ന യുവാവിനെ കഴിഞ്ഞ മാസമാണ് ഹെല്‍പര്‍ എന്ന പേരില്‍ ജോലിക്കെടുത്തത്. ആയാസം കുറഞ്ഞ ജോലിയാണ് എന്ന പേരിലാണ് 600 രൂപ ശമ്പളം നിശ്ചയിച്ചത്. എന്നാല്‍ കഠിനമായ ജോലികളാണ് എടുപ്പിച്ചതെന്നും ദിവസവും 9 മണിക്കൂര്‍ ഇത്തരത്തില്‍ തൊഴിലെടുപ്പിച്ചതായും ഇദ്ദേഹം പറയുന്നു. ഇത്തരത്തില്‍ 5 ദിവസം ജോലി ചെയ്തതിന് 3000 രൂപ മാത്രമാണ് ഇദ്ദേഹത്തിന് നല്‍കിയത്. ഇതില്‍ നിന്നും ഭക്ഷണച്ചിലവിന്റെ പേരില്‍ 900 രൂപ കുറക്കുകയും ചെയതു. ബാക്കി 5 ദിവസത്തെ കഠിനമായ ജോലിക്ക് വേതനമായി 2100 രൂപയാണ് മുഷ്താഖ് എഞ്ചിനീയറിങ് ആന്റ് കോണ്‍ട്രാക്ടര്‍ കമ്പനി നല്‍കിയത്. ഇതു തന്നെ പൂര്‍ണമായി നല്‍കിയില്ല എന്നും തൊഴിലാളി പറയുന്നു. വേതനം ലഭിക്കാത്തതിനാല്‍ ജോലി അവസാനിപ്പിച്ച് പോകുകയാണ് എന്നറിയിച്ചിട്ടും കുടിശ്ശിക തീര്‍ത്ത് നല്‍കിയില്ല. പലപ്രാവശ്യം ഫോണില്‍ ബന്ധപ്പെടുകയും നിലമ്പൂരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാവ് വിളിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 15ന് ഓഫിസിലെത്താന്‍ ഉടമസ്ഥനായ ഷരീഫ് ആവശ്യപ്പെടുകയായിരുന്നു. നല്‍കാനുള്ള തുക തീര്‍ത്ത് നല്‍കാമെന്നും അറിയിച്ചിരുന്നു. ഇതു പ്രകാരം ഓഫിസിലെത്തിയപ്പോള്‍ നാലായിരത്തിലധികം രൂപ നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് 850 രൂപ മാത്രമാണ് നല്‍കിയത്. പണം തീര്‍ത്ത് നല്‍കാമെന്ന് പറഞ്ഞ് വൗച്ചറുകളില്‍ ഒപ്പിടുവിച്ച ശേഷമായിരുന്നു വഞ്ചിച്ചതെന്നും ബി കോം ബിരുധാരി കൂടിയായ റഷീദ് പറയുന്നു.

തൊഴിലുടമയായ ഷരീഫ് ഇത്തരത്തില്‍ മുന്‍പും പലരെയും വേതനം നല്‍കാതെ വഞ്ചിച്ചിട്ടുണ്ടെന്ന് കമ്പനിയിലെ മറ്റു തില തൊഴിലാളികളും പറയുന്നുണ്ട്. കള്ളക്കണക്കെഴുതിയാണ് പണം കൊടുക്കാതെ തൊഴിലാളികളെ പറഞ്ഞയക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ജോലി ചെയ്തതിന്റെ പ്രതിഫലം ലഭിക്കാന്‍ ഇടപെടണമെന്നും തൊഴിലാളികളെ വഞ്ചിക്കുന്ന തൊഴിലുടമ ഷരീഫിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ലേബര്‍ ഓഫിസര്‍ക്കും പോലിസിനും പരാതി നല്‍കിയതായും റഷീദ് പറഞ്ഞു.

Next Story

RELATED STORIES

Share it