Kerala

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി: പാലക്കാടും ബിജെപിയില്‍ അച്ചടക്ക നടപടി; മൂന്ന് പഞ്ചായത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

പൂക്കോട്ടുകാവ്, തേങ്കുറിശി, കണ്ണാടി പഞ്ചായത്തുകളിലെ ബിജെപി കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിനാണ് സംസ്ഥാന കൗണ്‍സില്‍ അംഗം എ കെ ലോകനാഥനെ പുറത്താക്കിയത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി: പാലക്കാടും ബിജെപിയില്‍ അച്ചടക്ക നടപടി; മൂന്ന് പഞ്ചായത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടു
X

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തൃശൂരിന് പിന്നാലെ പാലക്കാട് ജില്ലാ ഘടകത്തിലും അച്ചടക്ക നടപടി. പാലക്കാട് ജില്ലയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ടുപേരെയാണ് ആറുവര്‍ഷത്തേക്ക് ബിജെപി പുറത്താക്കിയത്. മൂന്ന് പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിട്ടു. പൂക്കോട്ടുകാവ്, തേങ്കുറിശി, കണ്ണാടി പഞ്ചായത്തുകളിലെ ബിജെപി കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിനാണ് സംസ്ഥാന കൗണ്‍സില്‍ അംഗം എ കെ ലോകനാഥനെ പുറത്താക്കിയത്.

ജില്ലാ കമ്മിറ്റി അംഗം ബി കെ ശ്രീലത, ലക്കിടി പേരൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം എന്‍ തിലകന്‍, കര്‍ഷകമോര്‍ച്ച ലക്കിടി പേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ലക്കിടി പേരൂരിലെ അശോക് കുമാര്‍, തേങ്കുറിശ്ശിലെ എം ശ്യാംകുമാര്‍, മരുതറോഡിലെ ശ്രീജ രാജേന്ദ്രന്‍, ഒറ്റപ്പാലത്തെ സ്മിത നാരായണന്‍ എന്നീ നേതാക്കളെയും പാര്‍ട്ടില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് അറിയിച്ചു. ബിജെപി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തൃശൂരിലെ പാര്‍ട്ടി ജില്ലാ ഘടകത്തില്‍നിന്നും നേതാക്കളെ പുറത്താക്കിയിരുന്നു.

തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായ പാര്‍ട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റ സംഭവത്തിലാണ് ഒമ്പത് നേതാക്കളെ തൃശൂര്‍ ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ആറുവര്‍ഷത്തേക്കാണു അച്ചടക്ക നടപടി. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ കേശവദാസ്, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക തുടങ്ങിയവരെ അടക്കമാണ് പുറത്താക്കിയത്. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ട കുട്ടന്‍കുളങ്ങരയിലെ വാര്‍ഡിലെ സിറ്റിങ് കൗണ്‍സിലറായിരുന്നു ലളിതാംബിക.

ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന വാര്‍ഡില്‍ ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയായി. കേശവദാസിന്റെ ഭാര്യാമാതാവായ ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ ഇത്തവണ വാര്‍ഡില്‍ മല്‍സരിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയില്‍നിന്ന് രാജിവച്ചിരുന്നു. വാര്‍ഡില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ലളിതാംബികയെ മറികടന്നാണ് ഗോപാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കിയതെന്നാരോപിച്ച് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പിനു മുമ്പുതന്നെ തോല്‍ക്കുമെന്ന സൂചനകള്‍ ഗോപാലകൃഷ്ണനും മാധ്യമങ്ങളോട് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it