Kerala

ആഴക്കടല്‍ മല്‍സ്യബന്ധനം: മല്‍സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കില്ല-മുഖ്യമന്ത്രി

തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്തുന്നതിന് മുന്‍കൈയെടുത്തുകൊണ്ടിരിക്കുന്ന സര്‍ക്കാരിനെതിരെ ആരോപണവുമായി വന്നിട്ടുള്ളത് വികസനരംഗത്ത് കേരളത്തിന്റെ ചുവടുവയ്പ്പുകളെ എതിര്‍ത്തവരാണെന്ന് അദ്ദേഹം പറഞ്ഞു

ആഴക്കടല്‍ മല്‍സ്യബന്ധനം: മല്‍സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കില്ല-മുഖ്യമന്ത്രി
X

ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാട് സുവ്യക്തമാണെന്നും മല്‍സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് വ്യതിചലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി പണികഴിപ്പിച്ച ആലപ്പുഴ ബീച്ചിലെ മാരിടൈം ട്രെയിനിങ് ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്തുന്നതിന് മുന്‍കൈയെടുത്തുകൊണ്ടിരിക്കുന്ന സര്‍ക്കാരിനെതിരെ ആരോപണവുമായി വന്നിട്ടുള്ളത് വികസനരംഗത്ത് കേരളത്തിന്റെ ചുവടുവയ്പ്പുകളെ എതിര്‍ത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ പുറകെ പോകാനല്ല, വികസനലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സമാനതകളില്ലാത്ത വികസനമാണ് കേരളത്തില്‍ നടക്കുന്നത്. തുറമുഖവുമായി ബന്ധപ്പെട്ട 34.17 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ തുറമുഖത്തിന്റെ പ്രധാന പ്രവര്‍ത്തനമേഖലയായ 2010 ലെ കേരള ഉള്‍നാടന്‍ ജല നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജലയാനങ്ങളില്‍ വിവിധ വിഭാഗങ്ങള്‍ ജോലിനോക്കുന്ന വ്യക്തികള്‍ക്കുള്ള പരിശീലനവും ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ് പ്രകാരമുള്ള പരിശീലനവും സംഘടിപ്പിക്കുന്നതിന് കേരള മാരിടൈം ബോര്‍ഡ് 1.21 കോടി രൂപ ചെലവഴിച്ചാണ് ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ബോട്ട് ജീവനക്കാര്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും വിവിധ ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള പരിശീലന കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it