Kerala

ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: അന്വേഷണസംഘം മഞ്ചേരി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തു

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.നന്ദകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ജേക്കബ്, സംഭവദിവസം ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, നഴ്‌സ് എന്നിവരുടെ വിശദമൊഴിയാണ് രേഖപ്പെടുത്തിയത്.

ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: അന്വേഷണസംഘം മഞ്ചേരി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
X

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണസംഘം മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.നന്ദകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ജേക്കബ്, സംഭവദിവസം ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, നഴ്‌സ് എന്നിവരുടെ വിശദമൊഴിയാണ് രേഖപ്പെടുത്തിയത്.

രാവിലെ 10 മുതല്‍ തുടങ്ങിയ തെളിവെടുപ്പ് വൈകീട്ട് വരെ നീണ്ടു. ആരോഗ്യവകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.മിനി മലപ്പുറം, ഡെപ്യൂട്ടി ഡിഎംഒ ഡോ.ഇസ്മായീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

കഴിഞ്ഞ ഒമ്പതിന് ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി മനുവാണ് സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ മാതാപിതാക്കളായ എന്‍ സി മുഹമ്മദ് ഷെരീഫ്, സഹല തസ്‌നിം എന്നിവരില്‍നിന്നും അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

പ്രസവവേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികില്‍സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മഞ്ചേരി മെഡിക്കല്‍ കോളജിലെ കുറ്റക്കാര്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് എന്‍ സി ഷെരീഫ് ഒക്ടോബര്‍ ഏഴിന് മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സപ്തംബര്‍ 27 നാണ് ഇരട്ടഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചത്.

Next Story

RELATED STORIES

Share it