Kerala

കാസര്‍ഗോഡ് സഹോദരങ്ങള്‍ മരിച്ചത് 'മിലിയോഡോസിസ്' ബാധിച്ചെന്ന് സ്ഥിരീകരണം

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം വ്യക്തമായത്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണപദാര്‍ഥങ്ങളിലൂടെയും പടരുന്ന രോഗമാണിത്. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍ഗോഡ് ഡിഎംഒ അറിയിച്ചു. ബദിയടുക്ക കന്യാപാടി സിദ്ദീഖിന്റെ ആറ് മാസവും നാലര വയസും പ്രായമുള്ള മക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

കാസര്‍ഗോഡ് സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിരീകരണം
X

കാസര്‍ഗോഡ്: ബദിയടുക്ക കന്യാപാടിയില്‍ സഹോദരങ്ങള്‍ മരിച്ചത് 'മിലിയോഡോസിസ്' ബാധിച്ചെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം വ്യക്തമായത്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണപദാര്‍ഥങ്ങളിലൂടെയും പടരുന്ന രോഗമാണിത്. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍ഗോഡ് ഡിഎംഒ അറിയിച്ചു. ബദിയടുക്ക കന്യാപാടി സിദ്ദീഖിന്റെ ആറ് മാസവും നാലര വയസും പ്രായമുള്ള മക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. പനിബാധിച്ച് ചികില്‍സയിലായിരുന്നു ഇരുവരും. എന്താണ് മരണകാരണമെന്ന് ആദ്യഘട്ടത്തില്‍ സ്ഥിരീകരിക്കാനാവാത്തതാണ് ആശങ്കയ്ക്കിടയാക്കിയത്.

വൈറസ് ബാധയല്ല മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞെങ്കിലും എന്തുരോഗം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന സംശയം ബാക്കിയായി. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഡിഎംഒയോട് വിശദമായ റിപോര്‍ട്ട് തേടിയിരുന്നു. നേരത്തെ കുട്ടികള്‍ ചികില്‍സയിലായിരുന്ന മംഗളൂരു ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ നടത്തിയ സാമ്പിളുകളുടെ പരിശോധനയിലും മിലിയോഡോസിസ് സ്ഥിരീകരിച്ചിരുന്നു. ഇനി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് പരിശോധനാഫലംകൂടി വരാനുണ്ട്. മലിനമായ വെള്ളത്തില്‍നിന്നോ ചെളിയില്‍നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്.

കനത്ത മഴയെത്തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇപ്പോഴും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. മഴക്കാലത്ത് ഈ രോഗം പടരാന്‍ സാധ്യതയേറെയാണ്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് രോഗം പ്രധാനമായും ബാധിക്കുക. ചികില്‍സ വൈകുന്തോറും മരണസാധ്യതയും കൂടും. കുട്ടികളെ പരിചരിച്ച മാതാപിതാക്കളടക്കം നാലുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കൂടാതെ കുട്ടികളുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവിദഗ്ധര്‍ വിശദമായ പരിശോധനകള്‍ നടത്തുന്നുണ്ട്. രോഗത്തിന്റെ പ്രഭവകേന്ദ്രം കണ്ടുപിടിക്കുന്നതിനായി പരിശോധന തുടരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it