Kerala

കുട്ടിയുടെ ചോറൂണിന് ശേഷം ദലിത് കുടുംബത്തെ കൊണ്ട് ക്ഷേത്രം ശുദ്ധി കര്‍മ്മം ചെയ്യിച്ചു

കുട്ടിയുടെ ചോറൂണിന് ശേഷം ദലിത് കുടുംബത്തെ കൊണ്ട് ക്ഷേത്രം ശുദ്ധി കര്‍മ്മം ചെയ്യിച്ചു
X

കാസര്‍കോട്: ക്ഷേത്രത്തില്‍ കുട്ടിയുടെ ചോറൂണ് നടത്തിയ ദലിത് കുടുംബത്തെ കൊണ്ട് ക്ഷേത്രം ശുദ്ധി കര്‍മ്മം ചെയ്യിച്ചതായി പരാതി. കാസര്‍കോട് കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. സംഭവത്തില്‍ പട്ടികവര്‍ഗമായ മാവിലന്‍ സമുദായത്തില്‍പ്പെട്ട മൂന്നാട് ചുള്ളിവീട്ടില്‍ കെ പ്രസാദ്് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. ചോറൂണിന് ശേഷം ക്ഷേത്രത്തില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചതായാണ് ആരോപണം.

കഴിഞ്ഞ ഒക്ടോബര്‍ 20നായിരുന്നു സംഭവം നടന്നത്. മകളുടെ ചോറൂണ്‍ ചടങ്ങിനായി പെരിയ കൂടാനം സ്വദേശിയായ പ്രസാദ്, ഭാര്യ കുമാരി, ഇളയമ്മ കാര്‍ത്ത്യായനി, മക്കളായ സജിത, സരിത എന്നിവര്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ചോറൂണിന് ശേഷം ചടങ്ങ് നടന്ന സ്ഥലം അടിച്ചുവൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യാന്‍ ഓഫിസ് സെക്രട്ടറി ആവശ്യപ്പെട്ടെന്നാണ് ആരോപണം. നിര്‍ബന്ധമാണോയെന്ന് ചോദിച്ചപ്പോള്‍ ആണെന്നായിരുന്നു മറുപടിയെന്നു പറഞ്ഞു. സാധാരണകാര്യമാണെന്ന് കരുതി ചെയ്തു. ജാതീയ വിവേചനമാണ് കാട്ടിയതെന്ന് പിന്നീടാണ് മനസ്സിലായതെന്നും പ്രസാദ് പരാതിയില്‍ പറയുന്നു.

ക്ഷേത്രത്തില്‍ ജാതി വിവേചനം കാണിക്കുകയും അനാചാരം നടപ്പാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ക്ഷേത്രഭാരവാഹികളുടെ പേരില്‍ നടപടി വേണമെന്നുമാണ് പ്രസാദിന്റെ പരാതിയിലെ ആവശ്യം. എന്നാല്‍ ക്ഷേത്രത്തിലെ ബലിക്കല്ലിന് മുന്നില്‍ ചോറൂണ് നടക്കാറില്ല. ആചാരപ്രകാരം ശുദ്ധിചെയ്യുന്നതിനും ഭക്ഷണാവശിഷ്ടം നീക്കാനുമായി ചാണകവെള്ളം തളിക്കണമെന്നാവശ്യപ്പെടുന്നത് പതിവാണെന്നാണ് ക്ഷേത്രാധികൃതരുടെ നിലപാട്. ഇതില്‍ ജാതി തിരിവില്ലെന്നും ഭാരവാഹികള്‍ പറയുന്നു. പരാതി ദലിത് വിഭാഗക്കാരുടെ കേസുകളന്വേഷിക്കുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്എംഎസ്) വിഭാഗത്തിന് കൈമാറി.




Next Story

RELATED STORIES

Share it