Kerala

സയനൈഡ് കഴിച്ചാല്‍ തല്‍ക്ഷണം മരിക്കുമോ?

സയനൈഡ് കഴിച്ചാല്‍ തല്‍ക്ഷണം മരിക്കുമോ?
X

ലോകത്ത് ഏറ്റവും കുപ്രസിദ്ധമായ മാരക വിഷമാണ് പൊട്ടാസ്യം സയനൈഡ്. ശ്രീലങ്കയിലെ തമിഴ്പുലികള്‍ പിടിയിലാകുമെന്നുറപ്പായാല്‍ ആത്മഹത്യയ്ക്ക് ഇത് ഉപയോഗിച്ചതിലൂടെയാണ് മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ പരിചിതമായത്. അതുവഴി മലയാള സിനിമകളിലും കടന്നുവന്നു. സയനൈഡിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഒരു തരി പൊട്ടാസ്യം സയനൈഡ് കഴിച്ചാല്‍ അനായാസം മരിക്കാമെന്ന പലരുടെയും ധാരണ തെറ്റാണ്.

എന്താണ് സത്യത്തില്‍ ഈ സയനൈഡ്?

അതിവേഗം പ്രവര്‍ത്തിക്കുന്ന ജീവഹാനിയയുണ്ടാക്കുന്ന ഒരു രാസവസ്തുവാണ് സയനൈഡ്. വിവിധ രൂപങ്ങളില്‍ അതിനെ കാണാനാകും. ഹൈഡ്രജന്‍ സയനൈഡ് അല്ലെങ്കില്‍ സയനോജെന്‍ ക്ലോറൈഡ് നിറമില്ലാത്ത വാതകമാണ്. സോഡിയം സയനൈഡ് (NaCN), പൊട്ടാസ്യം സയനൈഡ് (KCN) എന്നിവയ്ക്ക് ക്രിസ്റ്റല്‍ രൂപമാണ്. കൂടത്തായിയില്‍ ആറുപേരെ കൊല്ലാന്‍ ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡ് എന്നാണ് സംശയം.

സയനൈഡ് കഴിച്ചാല്‍ ഉടന്‍ മരിക്കുമോ?

സയനൈഡ് കഴിച്ചാല്‍ തല്‍ക്ഷണം മരിക്കും എന്ന പൊതുധാരണ തെറ്റാണ്. ബോധം നഷ്ടപ്പെടും. 3- 15 മിനിറ്റിനുള്ളില്‍ ആണ് മരണം സംഭവിക്കുക. രക്തത്തില്‍ കലര്‍ന്നാലോ, ശ്വസിച്ചാലോ ആണ് വേഗം മരിക്കുക. വിഷം അകത്തു ചെന്ന് മൂന്നു മിനിറ്റോളം നെഞ്ച് പിളര്‍ക്കുന്ന വേദന അനുഭവപ്പെടും. മരച്ചീനിക്കട്ടിന്റെയോ പച്ച ആല്‍മണ്ടിന്റെയോ ഗന്ധം. 'ഉള്ളില്‍ ചെന്നാല്‍ കഠിനമായ വേദന കാരണം പലരും അലറി വിളിക്കും. വെപ്രാളം കാണിക്കും. ഛര്‍ദിയും തളര്‍ച്ചയും തലവേദനയും ആദ്യഘട്ടത്തില്‍ ഉണ്ടാകും.

എങ്ങനെയാണ് ഇത് മരണത്തിലേക്ക് നയിക്കുന്നത്?

പൊട്ടാസ്യം സയനൈഡ് ശരീര ദ്രാവകങ്ങളില്‍ അടങ്ങിയിരിക്കുന്ന വെള്ളവുമായി പ്രവര്‍ത്തിച്ച് ഹൈഡ്രോസയാനിക് ആസിഡ് ഉണ്ടാക്കുന്നു. ഈ ആസിഡ് രക്ത ധമനികളിലേക്ക് നുഴഞ്ഞുകയറുന്നു. തുടര്‍ന്ന് ചുവന്ന രക്താണുക്കളെ ഓക്‌സിജന്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കോശങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടാതെയാകുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. പൊട്ടാസ്യം സയനൈഡ് കഴിച്ചാലുള്ള മരണനിരക്ക് 95 ശതമാനമാണ്.

രക്ഷപ്പെടുത്താന്‍ എന്തെങ്കിലും വഴിയുണ്ടോ?

കൃത്യസമയത്ത് സള്‍ഫര്‍ അടങ്ങിയ മറുമരുന്ന് നല്‍കിയാല്‍ ചില സാഹചര്യങ്ങളില്‍ ആളുകളെ രക്ഷിക്കാന്‍ കഴിയും. സള്‍ഫര്‍ രാസവസ്തുവുമായി പ്രവര്‍ത്തിച്ച് സള്‍ഫോസയനൈറ്റ് ആയി വിഷത്തെ നിര്‍വീര്യമാക്കുന്നു. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് പ്രതിരോധ മരുന്നുകള്‍ നല്‍കി രക്ഷപ്പെടുത്താന്‍ കഴിഞ്ഞാലും തലച്ചോറിലും ഹൃദയത്തിലും സംഭവിച്ച തകരാറുകള്‍ നല്‍കുന്ന ശാരീരിക അവശതകളോടെയാകും പിന്നീടുള്ള ജീവിതം.

തമിഴ് പുലികള്‍ അതിവേഗ മരണം ഉറപ്പാക്കിയത് എങ്ങനെയാണ്?



തമിഴ് പുലികള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിക്കപ്പെടുമ്പോള്‍ മരിക്കാനായി ഈ വിഷം ഉപയോഗിക്കാറുണ്ട്. കഴുത്തില്‍ ഒരു ഗ്ലാസ് ഗുളികയിലാണ് സൂക്ഷിക്കുക. കടിച്ച് പൊട്ടിക്കുമ്പോള്‍ നാക്ക് ഗ്ലാസ് കൊണ്ട് മുറിയുമെന്നും, വിഷം രക്തവുമായി വേഗത്തില്‍ കലരും എന്നതുകൊണ്ടാണ് ഇത് ചെയ്യുന്നത്. അപ്പോള്‍ മരണം വേഗം നടക്കുന്നു.

മരണകാരണമാകുന്ന അളവ് എത്രയാണ്?

ഒരു ടീസ്പൂണ്‍ അളവില്‍ ഇത് ശരീരത്തില്‍ കടക്കുമ്പോഴാണ് പൊതുവെ മരണം സംഭവിക്കുന്നത്. ശ്വസിക്കുന്നതിലും രക്തത്തില്‍ അലിഞ്ഞു ചേരുന്ന അളവിലും വ്യത്യാസം വരാം. ശരീരത്തിന്റെ തൂക്കം, ഉള്ളില്‍ ചെന്ന സയനൈഡിന്റെ അളവ്, അത് ശരീരത്തിലെത്തിയ രീതി എന്നിവയാണ് മരണത്തിലേക്ക് ഒരാളെ തള്ളിവിടുന്നതിന്റെ വേഗം തീരുമാനിക്കുന്നത്. ഒരാള്‍ 5 മിനിറ്റില്‍ മരിക്കുമെങ്കില്‍ മറ്റൊരാള്‍ മരിക്കുന്നത് 30 മിനിറ്റു കൊണ്ടാകും. 50 മുതല്‍ 60 വരെ മില്ലീഗ്രാം ഹൈഡ്രജന്‍ സയനൈഡ് ശരീരത്തിലെത്തിയാല്‍ മരണകാരണമാകും. 200 മുതല്‍ 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ഉള്ളില്‍ ചെന്നാല്‍ മരണകാരണമാകും.

ഭക്ഷണ വസ്തുക്കളില്‍ സയനൈഡ് ഉണ്ടോ?



നാം നിത്യേന കഴിക്കുന്ന പല ഭക്ഷണ വസ്തുക്കളിലും വളരെ ചെറിയ അളവില്‍ സയനൈഡ് ഉണ്ട്. ബദാം, മരച്ചീനി, ചോളം, ലിമ ബീന്‍സ്, സോയ, ചെഞ്ചീര, മുളന്തണ്ട്, കസാവയുടെ വേര്, ആപ്പിള്‍ കുരു, പീച്ച്, ആപ്രിക്കോട്ട്, ചെറി എന്നിവയിലെല്ലാം സയനൈഡ് അംശം ഉണ്ട്. എന്നുവെച്ച് കഴിക്കാന്‍ പേടിക്കണ്ട. അതൊന്നും അപകടകാരണമല്ല. ആപ്പിളിന്റെ അരി വലിയ അളവില്‍ കടിച്ചു പൊട്ടിച്ചു കഴിക്കാത്തതിനാല്‍ ശരീരത്തിന് ദോഷം സംഭവിക്കുന്നില്ല.

ജ്വല്ലറിയും സയനൈഡുമായി എന്ത് ബന്ധം?

സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ അയിരുകള്‍ വേര്‍തിരിച്ചെടുക്കാന്‍ സയനൈഡ് ഉപയോഗിക്കാറുണ്ട്. ഇതിനു പുറമെ മറ്റ് രാസവസ്തുക്കളുമായി ചേര്‍ത്ത് സയനൈഡ് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ട്. പൊട്ടാസ്യം സയനൈഡ്, സോഡിയം സയനൈഡ് എന്നിവ ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നു. സില്‍വര്‍ പ്ലേറ്റിംഗിലും ഇത് ഉപയോഗിക്കപെടുന്നു.

സയനൈഡ് ആര്‍ക്കും വാങ്ങാന്‍ കഴിയുമോ?

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇത് വാങ്ങുന്നത് നിയമപരമാണ്. എന്നാല്‍ സാധാരണഗതിയില്‍ ലൈസന്‍സ് ഇല്ലാതെ ഇത് വാങ്ങാന്‍ സാധിക്കില്ല. സയനൈഡ് വിലകൂടിയ വസ്തുവാണ്. ജ്വല്ലറികള്‍ കൂടുതലുള്ളതിനാല്‍ കേരളത്തില്‍ സയനൈഡിന്റെ ഉപയോഗവും കൂടുതലാണ്. നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ലാബുകളില്‍നിന്ന് സ്വര്‍ണപ്പണിക്കാര്‍ക്കു സയനൈഡ് നല്‍കുന്നത്.

സൈനൈഡിന്റെ രുചി അറിഞ്ഞവര്‍ ഉണ്ടോ?

സയനൈഡിന് കയ്പുള്ള ബദാമിന്റെ മണമാണെന്ന് ശാസ്ത്രലോകം പറയുന്നു. പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത ഒരു സ്വര്‍ണ്ണപണിക്കാരന്‍ അതിന്റെ രുചി എന്താണെന്ന് രേഖപ്പെടുത്തിയാണ് മരിച്ചത്. കൊച്ചിയിലെ സ്വര്‍ണപ്പണിക്കാരനായിരുന്ന എം പി പ്രസാദാണ് പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ സയനൈഡ് കഴിച്ചശേഷം മരിക്കുന്നതിനു മുന്‍പ് അതിന്റെ രുചി പേപ്പറില്‍ രേഖപ്പെടുത്തിയത്. മദ്യത്തില്‍ കലര്‍ത്തിയാണ് പ്രസാദ് സയനൈഡ് ഉപയോഗിച്ചത്. 'പൊട്ടാസ്യം സയനൈഡ് ഞാന്‍ രുചിച്ചു. നാക്കിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എരിവാണ്' പ്രസാദ് പേപ്പറില്‍ എഴുതി.

Next Story

RELATED STORIES

Share it