Top

ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തെ സിപിഎം ദുര്‍ബലപ്പെടുത്തുന്നു: പോപുലര്‍ ഫ്രണ്ട്

ഡല്‍ഹിയില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും അടക്കം ഫാഷിസ്റ്റ് വിരുദ്ധ നിലപാടുയുര്‍ത്തിപ്പിടിക്കുന്ന അനവധി സംഘടനകള്‍ കൈകോര്‍ത്ത സമരമുഖത്തേക്കാണ് സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ അണിനിരന്ന് അറസ്റ്റുവരിച്ചത്.

ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തെ സിപിഎം ദുര്‍ബലപ്പെടുത്തുന്നു: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരരംഗത്ത് സിപിഎം ദേശീയ നേതൃത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധത ഭരണതലത്തില്‍ പ്രകടിപ്പിക്കുന്നതില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. സര്‍ക്കാരിനും ഭരണമുന്നണിക്കും നേതൃത്വം നല്‍കുന്ന സിപിഎം കേരള നേതൃത്വത്തിന്റെ സങ്കുചിത രാഷ്ട്രീയനിലപാടുകള്‍ സംസ്ഥാനത്ത് രൂപപ്പെട്ടുവരുന്ന ഫാഷിസ്റ്റ് വിരുദ്ധ മനോഭാവത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയെയും എസ്ഡിപിഐയെയും ഒഴിവാക്കുമെന്നാണ് കേരളത്തിലെ സിപിഎം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും അടക്കം ഫാഷിസ്റ്റ് വിരുദ്ധ നിലപാടുയുര്‍ത്തിപ്പിടിക്കുന്ന അനവധി സംഘടനകള്‍ കൈകോര്‍ത്ത സമരമുഖത്തേക്കാണ് സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ അണിനിരന്ന് അറസ്റ്റുവരിച്ചത്. പ്രക്ഷോഭം ആളിക്കത്തിയ രാജ്യതലസ്ഥാനത്തുകണ്ട പരിമിതികളില്ലാത്ത സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധത കേരളത്തിലെത്തുമ്പോള്‍, സങ്കുചിതവും കാപട്യം നിറഞ്ഞതുമായി മാറുകയാണ്. ഏക ബിജെപി എംഎല്‍എയെ ആനയിച്ചിരുത്തി സാമൂഹ്യ, മതസംഘടനകളുടെ യോഗം ചേരുന്ന മുഖ്യമന്ത്രിയുടെ നിലപാടോടുകൂടി ഇക്കാര്യത്തിലെ ഇരട്ടത്താപ്പാണ് വ്യക്തമാവുന്നത്. ആര്‍എസ്എസ്സുകാരാനായ സി പി സുഗതനെ മുന്‍നിര്‍ത്തി നവോഥാന സമിതി രൂപീകരിച്ച ചരിത്രമുള്ള സിപിഎം കേരളഘടകത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ യാദൃശ്ചികമായി കാണാനാവില്ല.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നടത്തിയ ഉപവാസം സംയുക്തസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ നാടകമായിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍തന്നെ വ്യക്തമാക്കിയതാണ്. ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി കേരളത്തില്‍ ഉയര്‍ന്നുവരുന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളെ ദുര്‍ബലപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങളുടെ ലക്ഷ്യം ജനം തിരിച്ചറിയും. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ പോലിസ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നേരിടുന്നത് എന്നതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം തൃശൂരില്‍ പാട്ടുസമരത്തില്‍ പങ്കെടുത്തതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കേസെടുത്ത പോലിസ് നടപടി ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ്.

ഡിസംബര്‍ 17ന് സംയുക്ത സമിതി നടത്തിയ ഹര്‍ത്താല്‍ അടക്കമുള്ള സമരങ്ങളോട് പോലിസ് സ്വീകരിച്ച അടിച്ചമര്‍ത്തല്‍ സമീപനത്തിന്റെ ആവര്‍ത്തനമാണിത്. രാഷ്ട്രീയമായി ഐക്യദാര്‍ഢ്യം പുലര്‍ത്തേണ്ട ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങളോടുണ്ടാവുന്ന ഇത്തരം സമീപനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കേരള പോലിസിന്റെ സംഘപരിവാര സേവയെക്കുറിച്ച് നിരന്തരം ആക്ഷേപങ്ങളുയര്‍ന്നിട്ടും ഇത് നിയന്ത്രിക്കാന്‍ നടപടികളുണ്ടാവാത്തത് ദുരൂഹമാണെന്നും സെക്രട്ടേറിയറ്റ് യോഗം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, കെ മുഹമ്മദാലി, ടി കെ അബ്ദുസ്സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it