Kerala

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സി പി എം ഇരട്ട റോള്‍ കളിക്കുന്നത് അവസാനിപ്പിക്കണം: യൂത്ത് ലീഗ്

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സി പി എം ഇരട്ട റോള്‍ കളിക്കുന്നത് അവസാനിപ്പിക്കണം: യൂത്ത് ലീഗ്
X
കോഴിക്കോട് : പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സി പി എം ഇരട്ട റോള്‍ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകള്‍ രാജ്യത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുകയാണ്. മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കി ആറ് മത വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിത ശ്രമമാണ്. ഇതിനെതിരെ മതേതര വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കണം. എന്നാല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണ്.

നേരത്തേ സി.എ.എ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് കേസെടുക്കില്ലെന്ന് പറഞ്ഞ പിണറായി സര്‍ക്കാര്‍ നിരവധി കേസുകളാണ് സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് പിന്‍വലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും നടപടികളൊന്നും എടുത്തിട്ടില്ല. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് മാത്രം ലക്ഷങ്ങളാണ് ഈ കേസുകളില്‍ പിഴയായി അടക്കേണ്ടി വന്നത്. നിയമസഭ തല്ലിപ്പൊളിച്ച കേസുള്‍പ്പടെ ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളെല്ലാം പിണറായി സര്‍ക്കാര്‍ ഇതിനകം പിന്‍വലിച്ചിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ഇരകളോടൊപ്പം കരഞ്ഞ് വേട്ടക്കാരോടൊപ്പം ഓടുന്ന ഈ സമീപനം സി പി എം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഭരണഘടനയെ പിച്ചിചീന്തുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുളള നിരന്തര പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it