Kerala

സിപിഎം സംസ്ഥാന സമിതിയില്‍ നിന്നൊഴിവാക്കല്‍: എല്ലാം കഴിഞ്ഞല്ലോയെന്ന് ജി സുധാകരന്‍ ; പാര്‍ട്ടി മറ്റു ചുമതലകള്‍ നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ജി സുധാകരന്‍ പാര്‍ട്ടിയുടെ നേതാവ് തന്നെയാണ് അദ്ദേഹത്തിന് പാര്‍ട്ടി ഉത്തരവാദിത്വം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍.ഒഴിവാക്കലിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും എല്ലാം കഴിഞ്ഞല്ലോയെന്നും മാധ്യമ പ്രവര്‍ത്തകരോട് ജി സുധാകരന്‍

സിപിഎം സംസ്ഥാന സമിതിയില്‍ നിന്നൊഴിവാക്കല്‍:   എല്ലാം കഴിഞ്ഞല്ലോയെന്ന് ജി സുധാകരന്‍ ; പാര്‍ട്ടി മറ്റു ചുമതലകള്‍ നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
X

കൊച്ചി:സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയ മുന്‍ മന്ത്രി ജി സുധാകരന് പാര്‍ട്ടി മറ്റു ചുമതല നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ സംസ്ഥാന സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കിയിരുന്നു.75 വയസ് പ്രായപരിധി മാനദണ്ഡവും ജി സുധാകരനെ ഒഴിവാക്കാന്‍ കാരണമായി.ജി സുധാകരന്‍ പാര്‍ട്ടിയുടെ നേതാവ് തന്നെയാണ് അദ്ദേഹത്തിന് പാര്‍ട്ടി ഉത്തരവാദിത്വം നല്‍കും.പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയാണോ സുധാകരന് നല്‍കുന്നതെന്ന് ചോദ്യത്തിന് പാര്‍ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് വിട്ടു തരണമെന്നായിരുന്നു കോടിയേരിയുടെ മറുപടി.പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയവര്‍ക്കെല്ലാം ചുമതല നിശ്ചയിച്ചു നല്‍കുമെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സമിതിയില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരു വനിതയുണ്ട്.സംസ്ഥാന സമിതിയില്‍ മൂന്നു വനിതകളെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആനുപാതികമായിട്ടല്ല വനിതാ പ്രാതിനിധ്യം നിശ്ചയിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പി ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച ചോദ്യത്തിന് പി ശശി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായി കുറച്ചു കാലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുംലോയേഴ്‌സ് യൂനിയന്റെ ജില്ലാപ്രസിഡന്റാണ് ശശിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാവര്‍ക്കും പരിഗണന നല്‍കിയതുപോലെ അദ്ദേഹത്തിനും പരിഗണന നല്‍കിയെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആരെയെടുക്കണമെന്ന് സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുന്നത്.തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോടിയേരിയെ തന്നെ മൂന്നാം തവണയും പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തത് സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടി സെക്രട്ടറിയായി ഒരു വ്യക്തിയെ മൂന്നു തവണ തിരഞ്ഞെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മൂന്നു തവണയില്‍ കൂടുതല്‍ പാടില്ല.തന്റെ രണ്ടു ടേം കഴിഞ്ഞു.മൂന്നാം തവണയും തന്നെ തിരഞ്ഞെടുത്തത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയ്ക്ക് തന്നിലുള്ള വിശ്വാസം നിമിത്തമാണ്.താന്‍ അത് അംഗീകരിക്കുന്നു.സംസ്ഥാന സെക്രട്ടറിയായി വീണ്ടും തന്റെ പേര് നിര്‍ദ്ദേശിച്ചത് പിണറായി വിജയനാണ്.അത് മറ്റുള്ളവര്‍ ഒന്നു ചേര്‍ന്ന് പിന്താങ്ങി.മറ്റൊരു പേര് ആരും നിര്‍ദ്ദേശിച്ചില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.സമ്മേളനം അംഗീകരിച്ച വികസന നയരേഖ എല്‍ഡിഎഫിലെ ഘടക കക്ഷികളുമായും വിദഗ്ദ വ്യക്തികളുമായും ചര്‍ച്ച ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേ സമയം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നും എല്ലാം കഴിഞ്ഞല്ലോയെന്നുമായിരുന്നു ജി സുധാകരന്റെ മറുപടി.കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണോ ഒഴിവാക്കിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും സുധാകരന്‍ പ്രതികരിച്ചില്ല.

Next Story

RELATED STORIES

Share it