Kerala

വയല്‍ നികത്തുന്നതിനെതിരേ സഖാക്കള്‍ കൊടികുത്തും; അര്‍ധരാത്രിയില്‍ രഹസ്യമായി നീക്കുകയും ചെയ്യും

ഒരുവിഭാഗം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ സാമ്പത്തികനേട്ടം മുന്നില്‍കണ്ടാണ് ഇരുട്ടിന്റെ മറവില്‍ എടുത്തുമാറ്റാനായി പകല്‍ കൊടിനാട്ടുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കംപറയുന്നത്.

വയല്‍ നികത്തുന്നതിനെതിരേ സഖാക്കള്‍ കൊടികുത്തും; അര്‍ധരാത്രിയില്‍ രഹസ്യമായി നീക്കുകയും ചെയ്യും
X

പരപ്പനങ്ങാടി: നികത്താനൊരുങ്ങുന്ന നെല്‍പാടങ്ങളില്‍ കൊടികുത്തുന്നതും അര്‍ധരാത്രിയില്‍ മാറ്റുന്നതും സഖാക്കള്‍ തന്നെയെന്ന് ആക്ഷേപം. ഒരുവിഭാഗം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ സാമ്പത്തികനേട്ടം മുന്നില്‍കണ്ടാണ് ഇരുട്ടിന്റെ മറവില്‍ എടുത്തുമാറ്റാനായി പകല്‍ കൊടിനാട്ടുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കംപറയുന്നത്. അടുത്ത കാലത്തായി നെടുവ വില്ലേജില്‍ നിരവധി സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയതാണ് ഇതിന് ഉപോല്‍ബലകമായ തെളിവുകളായി ഇത്തരം കേന്ദ്രങ്ങള്‍ നിരത്തുന്നത്.

ഉള്ളണം, കരിങ്കല്ലത്താണി, പാലത്തിങ്ങല്‍, മുരിക്കള്‍ റോഡ്, കോട്ടത്തറ, കീഴ്ചിറ ഭാഗങ്ങളില്‍ നെല്‍പാടം നികത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നാട്ടിയ പാര്‍ട്ടി പതാകകള്‍ അപ്രത്യക്ഷമാവുകയും പാടങ്ങള്‍ നികത്തപ്പെടുകയും ചെയ്തിരുന്നു. ഭൂമാഫിയകളുമായി പാര്‍ട്ടിയിലെ ഒരുവിഭാഗം നടത്തുന്ന ഒത്തുകളിയാണ് കൊടികുത്തുന്നതിനും നീക്കംചെയ്യുന്നതിന്റെയും പിന്നിലുള്ള രഹസ്യമെന്നും ഈ സംഘം പറയുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണാശുപത്രി കെട്ടിടം പണിയാന്‍ കരിങ്കല്ലത്താണിയില്‍ നികത്തിയത് ഏക്കര്‍കണക്കിനു നെല്‍പാടങ്ങളാണ്.

കരിങ്കല്ലത്താണിയില്‍തന്നെ വയല്‍ നികത്തി കള്ളുഷാപ്പ് നിര്‍മിച്ചതിലും ഇവിടെത്തന്നെ പാര്‍ട്ടി നേതൃത്വത്തിലുള്ള സഹകരണസംഘം കെട്ടിടം നിര്‍മിച്ചതിലൊന്നും ചെറുവിരലനക്കാത്തവരാണ് പാവപ്പെട്ടവര്‍ മൂന്നും അഞ്ചും സെന്റില്‍ വയല്‍വക്കില്‍ കൊച്ചുകൂര പണിയുന്നതില്‍ ധാര്‍മികരോഷം കൊള്ളുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വല്ലവരും വയലിനടുത്ത് മണ്ണോ കല്ലോ ഇറക്കിയാല്‍ ഒരുകൂട്ടം നേതാക്കള്‍ക്ക് കീശവീര്‍പ്പിക്കാനുള്ള അവസരം വീണുകിട്ടുകയാണിവിടെ. ഇപ്പോള്‍ കോട്ടത്തറയിലെ വയലോരത്ത് ഇറക്കിയ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മണ്‍കൂനയിലാണ് സിപിഎം കൊടികുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it