Kerala

'നിന്റെ നിലപാട് വീട്ടില്‍പോയി പറഞ്ഞാല്‍ മതി'; ജാമിഅ വിദ്യാര്‍ഥി റെന്നയ്‌ക്കെതിരേ ആക്രോശവുമായി സിപിഎം പ്രവര്‍ത്തകര്‍ (വീഡിയോ)

പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാര്‍ഥികളെ ജാമ്യംപോലും നല്‍കാതെ 11 ദിവസമായി ജയിലില്‍ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തില്‍ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

നിന്റെ നിലപാട് വീട്ടില്‍പോയി പറഞ്ഞാല്‍ മതി; ജാമിഅ വിദ്യാര്‍ഥി റെന്നയ്‌ക്കെതിരേ ആക്രോശവുമായി സിപിഎം പ്രവര്‍ത്തകര്‍ (വീഡിയോ)
X

മലപ്പുറം: കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥിയും പൗരത്വഭേദഗതിക്കെതിരായ സമരങ്ങളുടെ ദേശീയമുഖവുമായ ആയിശ റെന്നയ്‌ക്കെതിരേ അധിക്ഷേപവും ഭീഷണിയുമായി സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാര്‍ഥികളെ ജാമ്യംപോലും നല്‍കാതെ 11 ദിവസമായി ജയിലില്‍ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തില്‍ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.


ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ തടവിലിട്ടത് അന്യായമാണെന്ന് പറഞ്ഞ റെന്ന, പൊന്നാനിയിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്ന കേരള സര്‍ക്കാര്‍ നിലപാടിനെയും വിമര്‍ശിച്ചു. വിദ്യാര്‍ഥികളെ എത്രയുംവേഗം മോചിപ്പിക്കണമെന്നും റെന്ന ആവശ്യപ്പെട്ടു. പ്രസംഗം അവസാനിച്ചയുടന്‍ കേരള സര്‍ക്കാരിനെ കുറ്റംപറഞ്ഞ റെന്ന മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അതിന് മാപ്പൊന്നും പറയില്ലെന്നായിരുന്നു റെന്നയുടെ പ്രതികരണം. ഇതോടെ നിന്റെ നിലപാട് വീട്ടില്‍പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ആക്രോശിക്കുകയായിരുന്നു.

സ്വന്തം അഭിപ്രായമൊന്നും ഇവിടെ പറയാന്‍ പറ്റില്ലെന്നും പിണറായി സഖാവിനെ നീ എന്താണ് പറഞ്ഞതെന്നും ചോദിച്ചായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി. വേദിയിലുണ്ടായിരുന്നവര്‍ ഇടപെട്ടിട്ടും സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിയും അധിക്ഷേപവും തുടര്‍ന്നു. അതേസമയം, റെന്ന മാപ്പ് പറഞ്ഞുവെന്നും റെന്ന തീവ്രവാദിയാണെന്നും ആരോപിച്ച് സൈബര്‍ സഖാക്കള്‍ വ്യാപകമായ പ്രചാരണം അഴിച്ചുവിടുന്നുണ്ട്. അതേസമയം, താന്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും ഇതെന്റെ നിലപാടാണെന്നും ആവര്‍ത്തിച്ചുപറഞ്ഞിട്ടാണ് വേദിയില്‍നിന്ന് മടങ്ങിയതെന്നും റെന്ന പ്രതികരിച്ചു. റെന്നയുടെ നിലപാടില്‍ പ്രതിഷേധിച്ച് പരിപാടിക്കുശേഷം സിപിഎം പ്രവര്‍ത്തകര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പതാക കത്തിച്ചു.

Next Story

RELATED STORIES

Share it