Kerala

അട്ടപ്പാടിയിലെ മാവോവാദികളുടെ കൊലപാതകം: സിപിഐ സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും

അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎല്‍എമാരായ ഇ കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് അട്ടപ്പാടിയിലേക്ക് പോവുന്നത്. തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് പറയപ്പെടുന്ന വനത്തിനകത്തെ പ്രദേശമാണ് സിപിഐ സംഘം സന്ദര്‍ശിക്കുക.

അട്ടപ്പാടിയിലെ മാവോവാദികളുടെ കൊലപാതകം: സിപിഐ സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും
X

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലാണെന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ സിപിഐ സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎല്‍എമാരായ ഇ കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് അട്ടപ്പാടിയിലേക്ക് പോവുന്നത്. തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് പറയപ്പെടുന്ന വനത്തിനകത്തെ പ്രദേശമാണ് സിപിഐ സംഘം സന്ദര്‍ശിക്കുക.

പ്രതികൂല കാലാവസ്ഥയും ആക്രമണമുണ്ടാവുമെന്നും ചൂണ്ടിക്കാട്ടി തണ്ടര്‍ബോള്‍ട്ട് പ്രദേശത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത് നിലനില്‍ക്കെയാണ് സിപിഐ നേതാക്കളുടെ സംഘം സ്ഥലം സന്ദര്‍ശിക്കുന്നത്. മേലെ മഞ്ചിക്കണ്ടി ഊരിലെത്തുന്ന സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച നടത്തും. മാവോവാദികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. കൂടാതെ മുതിര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വവും തണ്ടര്‍ബോള്‍ട്ടിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തുവന്നിരുന്നു.

മാവോവാദി വേട്ട നിയമസഭയിലും വലിയ ചര്‍ച്ചാവിഷയമായി. വ്യാജ ഏറ്റുമുട്ടല്‍ ആരോപണം തള്ളിയ മുഖ്യമന്ത്രി, മാവോവാദികളാണ് തണ്ടര്‍ബോള്‍ട്ടിനെതിരേ ആദ്യം വെടിവച്ചതെന്നും സ്വയരക്ഷയ്ക്കായാണ് തിരിച്ചുവെടിവച്ചതെന്നും വ്യക്തമാക്കി. ഇതിനിടയില്‍ സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ നടന്നതിന്റെ യാതൊരു ലക്ഷണവുമില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഐ സംഘം സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ അറിയാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it