Kerala

കൊവിഡ് ചികില്‍സ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദഗ്ധസമിതിയുടെ മേല്‍നോട്ടം; കൂടുതല്‍ ഡോക്ടര്‍മാര്‍, മരണം കുറയ്ക്കുക ലക്ഷ്യം

കൊവിഡ് ചികില്‍സ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദഗ്ധസമിതിയുടെ മേല്‍നോട്ടം; കൂടുതല്‍ ഡോക്ടര്‍മാര്‍, മരണം കുറയ്ക്കുക ലക്ഷ്യം
X

കോഴിക്കോട്: ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോടെ പ്രവേശിപ്പിക്കപ്പെടുന്ന കൊവിഡ് രോഗികള്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കുന്നതിനും കൊവിഡ് മരണസംഖ്യ കുറച്ചുകൊണ്ടുവരുന്നതിനുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംവിധാനമൊരുങ്ങുന്നു. ബ്ലാക്ക് ഫംഗസ് രോഗത്തിന്റെയും കൂടി സാഹചര്യത്തില്‍ ചികില്‍സാ കാര്യങ്ങളില്‍ മേല്‍നോട്ടത്തിനായി വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സമിതി രൂപീകരിക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മെഡിക്കല്‍ കോളജിലെ കൊവിഡ് ചികില്‍സാ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിനും ജില്ലാ ഭരണകൂടത്തിന്റെ സഹായ നടപടികളുടെ ഏകോപനത്തിനുമായി ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരിയെ ചുമതലപ്പെടുത്തി. കൊവിഡ് രോഗികളെ ചികില്‍സയ്ക്ക് നിയോഗിക്കുന്ന വിദഗ്ധഡോക്ടര്‍മാരുടേയും നഴ്‌സുമാരുടെയും എണ്ണം വര്‍ധിപ്പിക്കും. ഡോക്ടര്‍മാരുടെ കൊവിഡ് ഡ്യൂട്ടി ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ 55 വയസ്സിനു മുകളിലുള്ളവരെയും പ്രൊഫസര്‍മാരെയും മാറ്റിനിര്‍ത്തും.

ബാക്കിയുള്ള ഡോക്ടര്‍മാരില്‍നിന്നും 50 ശതമാനം പേരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മറ്റുള്ളവരെ കൊവിഡിതര രോഗചികില്‍സയ്ക്കായി ചുമതലപ്പെടുത്തും. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ എംബിബിഎസ് വിദ്യാര്‍ഥികളുടെ സേവനവും ഉപയോഗപ്പെടുത്തും. നഴ്‌സുമാരുടെ ഡ്യൂട്ടി സമയക്രമം ഓരോ ആഴ്ചയും പുതുക്കും. ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സുമാരുടേയും ആശുപത്രി വികസന സമിതിയും എന്‍എച്ച്എം വഴിയും നിയമിതരായ നഴ്‌സുമാരുടേയും പ്രത്യകം ഡ്യൂട്ടി ലിസ്റ്റ് തയ്യാറാക്കും. ഓരോ ആഴ്ചയിലേയും ഡ്യൂട്ടി ലിസ്റ്റ് പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും സമര്‍പ്പിക്കും.

നഴ്‌സുമാരുടെ താമസത്തിനായി സൗകര്യമൊരുക്കാനും തീരുമാനിച്ചു. ബ്ലാക്ക് ഫംഗസ് രോഗികളെ ചികില്‍സിക്കുന്നതിനായി ആശുപത്രിയില്‍ രണ്ട് സ്‌പെഷ്യല്‍ വാര്‍ഡുകള്‍ ഒരുക്കും. അമോര്‍ട്ടറിസിന്‍ ബി മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ കോളജിന് അനുവദിച്ച പ്ലാന്‍ ഫണ്ടില്‍നിന്നും അഞ്ചുകോടി രൂപ ഉപയോഗിച്ച് വെന്റിലേറ്ററുകള്‍, ഐസിയു ഉപകരണങ്ങള്‍ എന്നിവ എത്രയും പെട്ടെന്ന് വാങ്ങുന്നതിന് കലക്ടര്‍ നിര്‍ദേശിച്ചു. കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടപടി. ടെലി ഐസിയുവിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും.

കൊവിഡ് ചികില്‍സയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എംഎംസി, ഇഖ്‌റ, കെഎംസിടി, ഇഎസ്‌ഐ എന്നീ ആശുപത്രികളിലെ ഐസി യൂനിറ്റുകളുടെ മേല്‍നോട്ടത്തിന് സൗകര്യമൊരുക്കും. ഇതിന് എന്‍എച്ച്എം പ്രോഗ്രാം മാനേജരെ ചുമതലപ്പെടുത്തി. ടെലി ഐസിയു സേവനം മെച്ചപ്പെടുത്തുന്നതിനായി ക്രിട്ടിക്കല്‍ കെയര്‍ കമ്മിറ്റി അംഗങ്ങള്‍ ദിവസവും അവലോകനം ചെയ്യും. കോഴിക്കോട് മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അനുബന്ധ ഐസിയുകളുടെ ഏകോപനത്തിന് നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it