Kerala

കൊവിഡ്: പത്രസമ്മേളനത്തിനായി പരിശോധനാഫലം രഹസ്യമാക്കുന്നില്ല; ഉടന്‍തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലങ്ങള്‍ നെഗറ്റീവായാല്‍ സാംപിളുകള്‍ അയച്ച ആശുപത്രികള്‍ക്കും പോസിറ്റീവായാല്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുമാണ് അയയ്ക്കുന്നത്.

കൊവിഡ്: പത്രസമ്മേളനത്തിനായി പരിശോധനാഫലം രഹസ്യമാക്കുന്നില്ല; ഉടന്‍തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായിവയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത്തരമൊരു പ്രസ്താവന നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലങ്ങള്‍ നെഗറ്റീവായാല്‍ സാംപിളുകള്‍ അയച്ച ആശുപത്രികള്‍ക്കും പോസിറ്റീവായാല്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുമാണ് അയയ്ക്കുന്നത്.

പോസിറ്റീവായ കേസുകള്‍ സൂക്ഷ്മപരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍ക്ക് അയച്ചുകൊടുക്കുന്നു. ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍ അതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളയാളിന്റെയോ സാംപിളുകളാണ് എടുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. അതിനാല്‍തന്നെ ഇവരെ ഉടന്‍തന്നെ രോഗപ്പകര്‍ച്ച ഉണ്ടാവാതെ ഐസൊലേഷന്‍ ചികില്‍സയിലാക്കാന്‍ സാധിക്കുന്നു. ഇതോടൊപ്പം സമാന്തരമായി കോണ്ടാക്ട് ട്രെയിസിങ്ങും നടക്കുന്നുണ്ട്. 6 മണിയുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളും ഒട്ടും വൈകാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്.

അതേസമയം, ഈ കണക്കുകള്‍കൂടി പിറ്റേദിവസത്തെ പത്രസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ചെയ്യുക. അതായത് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി അതത് ജില്ലകളില്‍ അപ്പപ്പോള്‍ വിവരമറിയിക്കുന്നെങ്കിലും ആകെ എണ്ണത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നത് തൊട്ടടുത്ത ദിവസമാണ്. കണക്കില്‍ കൃത്യത ഉണ്ടാവാന്‍ ഇതാണ് ശരിയായ രീതി. ഇതാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. വളരെ സുതാര്യമായാണ് ഈ പ്രക്രിയ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച കുഞ്ഞിന് ജന്‍മനാതന്നെ ഗുരുതരമായ അസുഖങ്ങളാണുണ്ടായിരുന്നത്. ഗുരുതരമായ ന്യൂമോണിയ ബാധിച്ച കുട്ടിയെ മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.

ജന്‍മനാ ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയുടെ സ്ഥിതി അതീവഗുരുതരമായതിനെ തുടര്‍ന്ന് ഏപ്രില്‍ 20ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഐഎംസിഎച്ച്‌ലേക്ക് ആംബുലന്‍സില്‍ മാറ്റി. ഏപ്രില്‍ 21ന് കൂട്ടിയെ കൊാവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും പോസിറ്റീവ് ഫലം ലഭിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധപരിചരണം നല്‍കിയെങ്കിലും വെന്റിലേറ്ററിലായിരുന്ന കുട്ടി 24ന് രാവിലെ 8 മണിയോടെ മരണപ്പെട്ടു. കുഞ്ഞിന് ജന്‍മനാ തന്നെ ബര്‍ത്ത് ആസഫിക്സ്യ, കഞ്ചനിറ്റല്‍ ഹര്‍ട്ട് ഡിസീസ്, ആന്റീരിയര്‍ ചെസ്റ്റ് വാള്‍ ഡീഫോര്‍മിറ്റി തുടങ്ങിയ അസുഖങ്ങളുണ്ടായിരുന്നു. ഇത്രയൊക്കെ ചികില്‍സാചരിത്രമുള്ള ഈ കുഞ്ഞിന്റെ മരണത്തില്‍ പോലും വ്യാഖ്യാനം കണ്ടെത്തുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it