Kerala

കൊവിഡ്: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കരുതല്‍ കൈവിടരുത്- വയനാട് കലക്ടര്‍

കൊവിഡ്: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കരുതല്‍ കൈവിടരുത്- വയനാട് കലക്ടര്‍
X

കല്‍പ്പറ്റ: കൊവിഡ് വ്യാപന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളില്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അഭ്യര്‍ഥിച്ചു. പൊതുജനങ്ങളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അതിജാഗ്രത പാലിക്കണം.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണം. മാസ്‌ക് മുഖത്തുനിന്നും താഴ്ത്തി ആരെയും അഭിസംബോധന ചെയ്യരുത്. ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്. ജാഥകളും പൊതുയോഗങ്ങളും കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ.

കുടുംബയോഗങ്ങളും പൊതുയോഗങ്ങളും തുറസ്സായ സ്ഥലങ്ങളില്‍ നടത്തണം. കോവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുടെ വീടുകളിലും ക്വാറന്റൈനില്‍ ആളുകള്‍ താമസിക്കുന്ന വീടുകളിലും പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

മൊബൈല്‍ അദാലത്ത് പര്യടനം

കോവിഡ് 19 രോഗബാധയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി ദേശീയ നിയമ സേവന സമിതിയുടെ നിര്‍ദ്ദേശപ്രകാരം മൊബൈല്‍ അദാലത്ത് പര്യടനം നടത്തും.

അദാലത്ത് മാനന്തവാടി താലൂക്കില്‍ മാര്‍ച്ച് 30 ന് പര്യടനം ആരംഭിക്കും. 30 ന് തലപ്പുഴ പഞ്ചായത്ത് ഹാളിലും 31ന് പനമരം ഗ്രാമപഞ്ചായത്ത് ഹാളിലും ഏപ്രില്‍ 8 ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളിലും 9 ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളിലും മൊബൈല്‍ അദാലത്ത് പര്യടനം എത്തും.

പരാതികള്‍ ഉള്ളവര്‍ രാവിലെ 10.30 ന് അതത് സ്ഥലങ്ങളിലെത്തി സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

Next Story

RELATED STORIES

Share it