Kerala

കൊവിഡ് പേടിയില്‍ ഭീഷണി: പോലിസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റേതാണ് ഉത്തരവ്. രണ്ട് റിപോര്‍ട്ടുകളും ഉടന്‍ സമര്‍പ്പിക്കണം.

കൊവിഡ് പേടിയില്‍ ഭീഷണി: പോലിസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
X

തിരുവനന്തപുരം: കൊവിഡ് പേടിയില്‍ ഗര്‍ഭിണിയായ പ്രവാസിയെ നാട്ടുകാരും അച്ഛനെയും മക്കളെയും വീട്ടുടമയും ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വലിയതുറയിലെ വാടകവീട്ടില്‍നിന്നും കൊല്ലം സ്വദേശിയായ അച്ഛനെയും മക്കളെയും വീട്ടുടമ ഇറക്കിവിട്ടതിനെക്കുറിച്ച് തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി അന്വേഷിച്ച് അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കണം. ഫോര്‍ട്ട് സ്‌കൂളില്‍ അഭയം തേടിയ ഇവരെ പിന്നീട് സാമൂഹികനീതി വകുപ്പ് ഏറ്റെടുത്തു.

ഗള്‍ഫില്‍നിന്ന് വീട്ടിലെത്തി ക്വാറന്റൈനിനില്‍ കഴിഞ്ഞിരുന്ന ചിറയിന്‍കീഴ് ആനത്തലവട്ടം സ്വദേശിനിയും എട്ടുമാസം ഗര്‍ഭിണിയുമായ ആശയെ വീട്ടില്‍നിന്നും മാറിത്താമസിക്കണമെന്ന് നാട്ടുകാര്‍ ഭീഷണി മുഴക്കിയ സംഭവം തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റേതാണ് ഉത്തരവ്. രണ്ട് റിപോര്‍ട്ടുകളും ഉടന്‍ സമര്‍പ്പിക്കണം. മനുഷ്യാവകാശപ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതികളിലാണ് നടപടി.

Next Story

RELATED STORIES

Share it