Kerala

കൊവിഡ് പ്രതിസന്ധി: വൈദ്യുതി ബോര്‍ഡില്‍ പവര്‍ ബ്രിഗേഡുകള്‍ രൂപീകരിക്കുന്നു

വൈദ്യുതി മന്ത്രി എം എം മണി വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫിസര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

കൊവിഡ് പ്രതിസന്ധി: വൈദ്യുതി ബോര്‍ഡില്‍ പവര്‍ ബ്രിഗേഡുകള്‍ രൂപീകരിക്കുന്നു
X

തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതരണം തടസരഹിതമായും കാര്യക്ഷമമായും നടത്തുന്നതിനും ജനങ്ങള്‍ക്ക് വിവിധ വൈദ്യുതി സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും റിസര്‍വ് ടീമായി പവര്‍ ബ്രിഗേഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഉല്‍പാദന, പ്രസരണ മേഖലകളിലും ഇത്തരത്തില്‍ റിസര്‍വ് സംവിധാനങ്ങള്‍ നിലവില്‍ വരും. വൈദ്യുതി മന്ത്രി എം എം മണി വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫിസര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

കൊവിഡ് മൂലം വൈദ്യുതി ഓഫിസുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമൊഴിവാക്കുന്നതിന് ജീവനക്കാര്‍ മുഴുവന്‍ നേരിട്ട് ഓഫിസിലെത്തി ഫീല്‍ഡ് ജോലികള്‍ക്ക് പോവുന്നതിന് പകരം ഓരോ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലും മൂന്നോ അതില്‍കൂടുതലോ എക്സ്റ്റന്റഡ് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക. ഇതോടൊപ്പം ഓരോ ഓഫിസില്‍നിന്നും ആറുപേരെ വീതം ഉള്‍പ്പെടുത്തി ഓരോ റിസര്‍വ് ടീമും ഓരോ ഓഫിസ് പരിധിയിലും രൂപീകരിക്കും. ഇങ്ങനെ ജീവനക്കാരുടെ കൂടിക്കലരുകള്‍ ഒഴിവാക്കി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചാലും കൊവിഡ് വ്യാപനസാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

അത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഓഫിസ് ചുമലത ഏറ്റെടുക്കുന്നതിനും വൈദ്യുതി വിതരണം സുഗമമായി മുന്നോട്ടുകൊണ്ടുപോവുന്നതിനും ഓരോ ഓഫിസുകളിലും മുന്‍കാലങ്ങളില്‍ ജോലിചെയ്തിരുന്നവര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തി പവര്‍ ബ്രിഗേഡുകള്‍ രൂപീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏത് സാഹചര്യത്തെയും നേരിടാന്‍ കഴിയുംവിധം ബ്രിഗേഡുകളെ സജ്ജമാക്കി നിര്‍ത്തും. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിതരണ സര്‍ക്കിള്‍ ഡെപ്യുട്ടി ചീഫ് എന്‍ജിനീയര്‍ ആയിരിക്കും ഓരോ ജില്ലയിലും ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്ന നിലയില്‍ ഇത്തരം ക്രമീകരണങ്ങളുടെ പൂര്‍ണചുമതല നിര്‍വഹിക്കുക.

ജില്ലയിലെ ഉല്‍പാദന, പ്രസരണ, വിതരണമേഖലകളിലും മറ്റുള്ള ഓഫിസുകളിലുമൊക്കെയുള്ള എല്ലാവിഭാഗം ജീവനക്കാരേയും ആവശ്യാനുസരണം ബ്രിഗേഡിന്റെ ഭാഗമായി ഉപയോഗിക്കാന്‍ ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും. റീജിയണ്‍ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അതതു തലങ്ങളില്‍ സംവിധാനങ്ങളുണ്ടാവും. കൊവിഡ് പ്രതിസന്ധി ഉടനെ അവസാനിക്കുമെന്ന് കരുതാന്‍ കഴിയില്ലെന്നും ദീര്‍ഘകാലത്തേക്ക് കൊവിഡിനൊപ്പം പോവേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.

ഈ സാഹചര്യത്തില്‍ വൈദ്യുതി വിതരണം സുഗമമായി മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും ശൃംഖലാ നവീകരണജോലികളുമൊക്കെ നടത്തിപ്പോവേണ്ടതുണ്ട്. പുതിയ കണക്ഷനുകള്‍ നല്‍കുക അടക്കം ജനങ്ങള്‍ക്ക് വിവിധ സേവനങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. പദ്ധതിപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടു പോകണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ആലോചിക്കുന്നതെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള വിവിധ ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. കെഎസ്ഇബി ഡയറക്ടര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഓഫിസര്‍ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it