Kerala

കൊവിഡ്- 19 പ്രതിരോധം: സന്നദ്ധസേനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഹകരിക്കുമെന്ന് മുല്ലപ്പള്ളി

'സന്നദ്ധ' എന്ന വെബ്പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ചെയ്തു ഓരോ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സന്നദ്ധസേനയുടെ ഭാഗമാവണം.

കൊവിഡ്- 19 പ്രതിരോധം: സന്നദ്ധസേനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഹകരിക്കുമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: കൊവിഡ്- 19 രോഗപ്രതിരോധത്തിലും മറ്റുസേവനപ്രവര്‍നങ്ങളിലും പരമാവധി യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഹിളാകോണ്‍ഗ്രസ് സഹോദരിമാരും പൂര്‍ണമായി സഹകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു. അരോഗ്യരംഗത്തെ ഉദ്യോഗസ്ഥരും നിയമപാലകരും നല്‍കുന്ന നിബന്ധനങ്ങള്‍ക്ക് വിധേയമായി ഓരോ പ്രവര്‍ത്തകനും സഹകരിച്ചുപ്രവര്‍ത്തിക്കേണ്ടതാണ്. കൊവിഡെന്ന മഹാമാരിയെ നാം എല്ലാം മറന്നുകൊണ്ട് ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ദുരന്തകാലത്ത് കഷ്ടതയനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് സഹായമെത്തിക്കേണ്ട സാമൂഹികമായ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരനുമുണ്ട്.

'സന്നദ്ധ' എന്ന വെബ്പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ചെയ്തു ഓരോ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സന്നദ്ധസേനയുടെ ഭാഗമാവണം. 2,36,000 പേരടങ്ങുന്ന സന്നദ്ധസേനയ്ക്കാണ് രൂപം കൊടുത്തതെന്ന് അറിയുന്നു. പഞ്ചായത്തില്‍- 200, മുനിസിപ്പാലിറ്റികളില്‍- 500, കോര്‍പറേഷനുകളില്‍- 700 പേര്‍ അടങ്ങുന്നതാണ് സേനയുടെ ഘടന. ദേശീയപ്രസ്ഥാനകാലത്ത് മഹാദുരന്തങ്ങളുണ്ടായ സന്ദര്‍ഭങ്ങളിലൊക്കെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ അര്‍പ്പണബോധത്തോടെ സേവനമനുഷ്ടിച്ച പാരമ്പ്യരമാണ് കോണ്‍ഗ്രസിനുള്ളത്.

പ്ലേഗ്, വസൂരി, കോളറ, 1923ലെ മഹാപ്രളയം, 1943ലെ ബംഗാള്‍ ക്ഷാമം എന്നീ പ്രതിസന്ധിഘട്ടത്തില്‍ പ്രശംസനീയവും മാതൃകാപരവുമായ പ്രവര്‍ത്തനമാണ് ഓരോ കോണ്‍ഗ്രസുകാരനും നടത്തിയത്. സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും ഭൂകമ്പമുണ്ടായകാലത്ത് ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ സന്നദ്ധസേവകരായി രംഗത്തുണ്ടായിരുന്നു. പശ്ചിമതീരത്തുണ്ടായ ഭീകരമായ ചുഴലിക്കാറ്റ് കാലത്ത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ അന്ന് നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം ഇത്തരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ എഐസിസി സെക്രട്ടറിയെന്ന നിലയില്‍ തനിക്കും അവസരം ലഭിച്ചിട്ടുണ്ട്.

കേരളത്തിലുണ്ടായ രണ്ടുപ്രളയങ്ങളിലും ഓഖി ചുഴലിക്കാറ്റ് സമയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കേരളീയസമൂഹത്തിന് വിസ്മരിക്കാനാവുന്നതല്ല. അതിനാല്‍, ഈ മാഹാമാരിയെയും ശക്തമായി പ്രതിരോധിക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായസഹകരണം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാവാനുള്ള ബാധ്യത ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ടെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it