Kerala

കൊവിഡ് 19 ബാധിച്ച് മരിച്ചാല്‍ എന്ത് ചെയ്യണം ? കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

കൊവിഡ് 19 ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

കൊവിഡ് 19 ബാധിച്ച് മരിച്ചാല്‍ എന്ത് ചെയ്യണം ? കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: കൊവിഡ് 19 രോഗികള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊവിഡ് ബാധിച്ച രോഗികള്‍ക്ക് മികച്ച ചികില്‍സയാണ് ആരോഗ്യവകുപ്പ് നല്‍കിവരുന്നതെങ്കിലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരിച്ചാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ രോഗം ബാധിച്ച് മരിച്ചാല്‍ മൃതദേഹത്തില്‍നിന്നും വളരെപ്പെട്ടന്ന് രോഗവ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല.

രോഗവ്യാപനമുണ്ടാവാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും പരിശീലനം നേടിയ ജീവനക്കാരെ ആശുപത്രികള്‍ നിയോഗിക്കണം. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗതസുരക്ഷാ ഉപകരണങ്ങളായ പിപിഇ കിറ്റ് ഉപയോഗിക്കേണ്ടതാണ്. സംസ്‌കാരവേളയില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം മൃതദേഹം കൊണ്ടുപോയ സ്ട്രക്ചര്‍ അണുവിമുക്തമാക്കണം. കൊവിഡ് 19 അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്തുനിന്ന് കാണരുത്. നിശ്ചിത അകലത്തിലുള്ള അന്ത്യകര്‍മങ്ങള്‍ കുഴപ്പമില്ലെങ്കിലും ഒരുകാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.

സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെക്കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാംതന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം. മൃതദേഹങ്ങളില്‍നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവും ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കും. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it