Kerala

ദമ്പതികളുടെ മരണം ഭരണകൂട ഭീകരത; നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ദമ്പതികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. മേല്‍ക്കോടതി നടപടി വരുന്നതുവരെ സാവകാശം നല്‍കാതെ പോലിസ് നടത്തിയ മനപ്പൂര്‍വമായ നരഹത്യയാണിത്.

ദമ്പതികളുടെ മരണം ഭരണകൂട ഭീകരത; നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീക്കൊളുത്തി മരിക്കാനിടയാക്കിയ സംഭവം സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജന്റെയും അമ്പിളിയുടെയും നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദമ്പതികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. മേല്‍ക്കോടതി നടപടി വരുന്നതുവരെ സാവകാശം നല്‍കാതെ പോലിസ് നടത്തിയ മനപ്പൂര്‍വമായ നരഹത്യയാണിത്.


ഇരുവരുടെയും മരണത്തിന് കാരണമായ സംഭവം നടന്നുമണിക്കൂറുകള്‍ക്കകം കുടിയൊഴിപ്പിക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. പോലിസ് അവധാനതയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സമൂഹത്തിന്റെ നൊമ്പരമായി മാറിയ ആ രണ്ടുകുട്ടികളുടെ മതാപിതാക്കള്‍ക്ക് ജീവന്‍ നഷ്ടമാക്കില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും വേര്‍പാടില്‍ ദു:ഖിക്കുന്ന കുട്ടികള്‍ക്ക് കെപിസിസി സഹായം നല്‍കും. ബുധനാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അത് കെപിസിസി പ്രഖ്യാപിക്കുകയും അന്നുതന്നെ അത് കൈമാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ദാരുണസംഭവത്തിന് ഉത്തരവാദികളായവരെ എത്രയുംവേഗം കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണം. ഇത്തരം സംഭവങ്ങള്‍ക്ക് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിരാലംബരായ ആ കുടുംബത്തെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ വൈകിവന്ന വിവേകത്തെ സ്വാഗതം ചെയ്യുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല.

നെയ്യാറ്റിന്‍കരയില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം വാഹനം കയറി യുവാവിന് ജീവന്‍ നഷ്ടമായതും പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടംനേടിയിട്ടും ജോലികിട്ടാത്തതിനെത്തുടര്‍ന്ന് മറ്റൊരു യുവാവ് ആത്മഹത്യചെയ്തതും കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍കുമാര്‍, മണക്കാട് സുരേഷ്, രതികുമാര്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറി ഹരീന്ദ്രനാഥ് തുടങ്ങിയവരും കെപിസിസി പ്രസിഡന്റിനൊപ്പം വീട് സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it