Kerala

രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന കൊടുത്തു, ഇനിയും കൊടുക്കും; ആരും പേടിപ്പിക്കാന്‍ വരേണ്ടെന്ന് പി സി ജോര്‍ജ്

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജില്‍നിന്ന് അയോധ്യ ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥക്ഷേത്ര നിധി ആര്‍എസ്എസ് കോട്ടയം സേവാപ്രമുഖ് ആര്‍ രാജേഷ് ഏറ്റുവാങ്ങുന്നു' എന്ന ക്യാപ്ഷനോടെയുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന കൊടുത്തു, ഇനിയും കൊടുക്കും; ആരും പേടിപ്പിക്കാന്‍ വരേണ്ടെന്ന് പി സി ജോര്‍ജ്
X

കോട്ടയം: രാമക്ഷേത്രനിര്‍മാണ നിധിയിലേക്ക് സംഭാവന നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് രംഗത്ത്. താന്‍ ദൈവവിശ്വാസിയാണെന്നും ആരാധനാലയം പണിയാന്‍ ആര് പണം ചോദിച്ചാലും കൊടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. അതിന്റെ പേരില്‍ പേടിപ്പിക്കാന്‍ ആരും വരേണ്ടെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.

ഞാന്‍ റോമന്‍ കത്തോലിക്കനാണ്. പക്ഷെ, ഒരു കാര്യമുണ്ട്. ഞാന്‍ ദൈവ വിശ്വാസിയാണ്. ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു. ചിലര്‍ അല്ലാഹുവില്‍, ചിലര്‍ പരമേശ്വരനില്‍, എല്ലാം ദൈവവിശ്വാസം. ദൈവവിശ്വാസികളുടെ അഭിപ്രായം അനുസരിച്ച് ചെയ്യുക. മോസ്‌ക് പണിയാനും പള്ളി പണിയാനും കാശ് കൊടുത്തിട്ടുണ്ട്. രാമക്ഷേത്രത്തിന് പണം കൊടുത്തു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. എന്നാല്‍, ഇത് പറഞ്ഞ് ആരും പേടിപ്പിക്കാന്‍ വരേണ്ടെന്ന് ജോര്‍ജ് പറഞ്ഞു. രാമക്ഷേത്രനിര്‍മാണ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ തെറ്റുപറ്റിയെന്ന എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാടിനെയും ജോര്‍ജ് വിമര്‍ശിച്ചു.

എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ല. എല്‍ദോസിന്റ നടപടി എംഎല്‍എ വര്‍ഗത്തിന് തന്നെ മാനക്കേടാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി. പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജില്‍നിന്ന് അയോധ്യ ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥക്ഷേത്ര നിധി ആര്‍എസ്എസ് കോട്ടയം സേവാപ്രമുഖ് ആര്‍ രാജേഷ് ഏറ്റുവാങ്ങുന്നു' എന്ന ക്യാപ്ഷനോടെയുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

പി സി ജോര്‍ജിന്റെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. നിരന്തരം മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പി സി ജോര്‍ജ് ഇപ്പോള്‍ വീണ്ടും സംഘപരിവാര്‍ പ്രീണനവുമായി രംഗത്തെത്തിയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍.

Next Story

RELATED STORIES

Share it