Kerala

വായ തുറന്നാല്‍ വിജയരാഘവന് വര്‍ഗീയത മാത്രം, ഞങ്ങളെ പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ല; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തദ്ദേശതിരഞ്ഞെടുപ്പില്‍ തുടങ്ങിവച്ച വര്‍ഗീയ ചേരിതിരുവുണ്ടാക്കാനുളള ശ്രമം ഇപ്പോഴും സിപിഎം തുടരുകയാണ്. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ചുകൊണ്ടുപോകേണ്ട സര്‍ക്കാര്‍ വര്‍ഗീയപ്രചാരണത്തിന് കുടപിടിക്കുന്നു. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്.

വായ തുറന്നാല്‍ വിജയരാഘവന് വര്‍ഗീയത മാത്രം, ഞങ്ങളെ പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ല; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല
X

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശത്തിനെതിരേ വര്‍ഗീയപരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രണ്ടുവോട്ടിന് വേണ്ടി ഏത് വര്‍ഗീയപ്രചാരണവും നടത്താന്‍ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എം വിജയരാഘവനില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്തിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നത്. വായ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് വിജയരാഘവന്‍ പറയുന്നത്. മുഖ്യമന്ത്രിയും ഇതിന് കൂട്ടുനില്‍ക്കുന്നു.

ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ചര്‍ച്ചയെ വര്‍ഗീയവത്കരിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. എന്നാല്‍, ഇത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്‌ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെതിരേയാണ് വിജയരാഘവന്‍ വിവാദപ്രസ്താവന നടത്തിയത്. മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഇരുവരുടെയും സന്ദര്‍ശനലക്ഷ്യമെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മല്‍സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നു.

തദ്ദേശതിരഞ്ഞെടുപ്പില്‍ തുടങ്ങിവച്ച വര്‍ഗീയ ചേരിതിരുവുണ്ടാക്കാനുളള ശ്രമം ഇപ്പോഴും സിപിഎം തുടരുകയാണ്. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ചുകൊണ്ടുപോകേണ്ട സര്‍ക്കാര്‍ വര്‍ഗീയപ്രചാരണത്തിന് കുടപിടിക്കുന്നു. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. കോണ്‍ഗ്രസും യുഡിഎഫും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വളര്‍ന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയാല്‍ അതില്‍ വര്‍ഗീയത കണ്ടെത്താന്‍ ഇടുങ്ങിയ മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ കഴിയൂ. അത് കേരളം അംഗീകരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ട് വിജയരാഘവനും വിവാദപ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it