Kerala

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ രണ്ടാം ദിനത്തിലേക്ക്; ഇന്ന് മുതല്‍ പോലിസ് പാസ് നിര്‍ബന്ധം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ രണ്ടാം ദിനത്തിലേക്ക്; ഇന്ന് മുതല്‍ പോലിസ് പാസ് നിര്‍ബന്ധം
X

സമ്പൂര്‍ണ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ആളൊഴിഞ്ഞ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്ന് മുതലുള്ള ദിവസങ്ങളില്‍ പോലിസിന്റെ കര്‍ശന പരിശോധനകളുണ്ടാവും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് തീരുമാനം. ആദ്യദിനം പോലിസ് പാസ് സംവിധാനമില്ലാതിരുന്നതിനാല്‍ സത്യവാങ്മൂലം പരിശോധിച്ചാണ് അത്യാവശ്യയാത്രകള്‍ക്ക് അനുമതി നല്‍കിയത്.

സമ്പൂര്‍ണ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ആളൊഴിഞ്ഞ കോട്ടയം കഞ്ഞിക്കുഴി ജങ്ഷന്‍

എന്നാല്‍, പോലിസിന്റെ പാസ് നല്‍കുന്നതിനായുള്ള വെബ്‌സൈറ്റ് നിലവില്‍ വന്നതോടെ ഇന്ന് മുതല്‍ പാസ് നിര്‍ബന്ധമായിരിക്കുകയാണ്. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പോലിസിന്റെ പാസ് നിര്‍ബന്ധമാണ്. അവശ്യസര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം.

യാത്രാനുമതി കിട്ടിയാല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം. ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖ ഇല്ലാത്ത തൊഴിലാളികള്‍ക്ക് പാസ് ഉപയോഗിച്ച് യാത്രചെയ്യാം. ജില്ലവിട്ടുള്ള യാത്ര നിരുല്‍സാഹപ്പെടുത്തും. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേക്കു കൊണ്ടുപോവല്‍ എന്നിവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്ര അനുവദിക്കൂ. പോലിസ് പാസിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്‌സിനേഷന് പോവുന്നവര്‍ക്കും അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്തുള്ള കടകളില്‍ പോവുന്നവര്‍ക്കും സത്യവാങ്മൂലം മതി.

അടച്ചിടലിന്റെ ഭാഗമായി ഇടുക്കി ജില്ലാ അതിര്‍ത്തിയായ അച്ചന്‍കവലയില്‍ തൊടുപുഴ, വാഴക്കുളം പോലിസ് സംയക്തമായി നടത്തിയ വാഹനപരിശോധന

അതിന്റെ മാതൃകയും വെബ്‌സൈറ്റില്‍ കിട്ടും. ഈ മാതൃകയില്‍ വെള്ളക്കടലാസില്‍ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി. ഞായറാഴ്ച ദിവസമായ ഇന്നും ജില്ലാ അതിര്‍ത്തി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കര്‍ശന പരിശോധനയാവും നടക്കുക. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാവും പ്രവര്‍ത്തനാനുമതി. അതേസമയം, അനാവശ്യയാത്ര നടത്തുന്നവരെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ഗ്രാമീണ മേഖലകളില്‍ കൂടി പോലിസ് പട്രോളിങ്ങും പരിശോധനയും ശക്തമാക്കും.

ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലിക്ക് എത്തുന്നതിനായുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തുടരും. ഇന്നലെ നിര്‍മാണത്തൊഴിലാളികളെ പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ പാസ് സംവിധാനം നിലവില്‍ വന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് കണക്കുകൂട്ടല്‍.

സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആദ്യദിനം ജനം പരമാവധി സഹകരിച്ചുവെന്നാണ് വിലയിരുത്തല്‍. അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല. പോലിസ് പരിശോധനയും ശക്തമായിരുന്നു. മെയ് 16 വരെയാണ് അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടച്ചിടല്‍ നീട്ടേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Next Story

RELATED STORIES

Share it