Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മന്ത്രി ജി സുധാകരനെ പിന്തുണച്ചും എതിര്‍ത്തും ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വം

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മന്ത്രി ജി സുധാകരനെ പിന്തുണച്ചും എതിര്‍ത്തും ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വം
X

ആലപ്പുഴ: മന്ത്രി ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിന്‍മേലുള്ള നിലപാടിനെ ചൊല്ലി ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വം രണ്ടുതട്ടിലായി. വിവാദപരാമര്‍ശത്തില്‍ സുധാകരനെ പിന്തുണച്ചും എതിര്‍ത്തും കോണ്‍ഗ്രസിനുള്ളില്‍നിന്ന് വ്യത്യസ്ത അഭിപ്രായമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. പരാതിയില്‍ അടിയന്തര നടപടി വേണമെന്ന കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷൂക്കൂറിന്റെ നിലപാട് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു തള്ളി. സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണെന്ന് അഭിപ്രായമില്ലെന്നും പരാതിക്ക് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്നുമായിരുന്നു ലിജുവിന്റെ നിലപാട്.

അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സുധാകരന്‍ പരോക്ഷമായി സഹായിച്ചെന്ന ആരോപണം നിലനില്‍ക്കെ എം ലിജു അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത് ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ജി സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മുന്‍ പെഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കിയത്.

തന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുപോലും തനിക്കെതിരേ ആരോപണമുയര്‍ന്നുവെന്നാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഈ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്നും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് സുധാകരനെതിരേ പരാതി നല്‍കിയത്. എന്നാല്‍, പോലിസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കേസെടുക്കാന്‍ തക്ക ഗൗരവമുള്ളതല്ലെന്നാണ് പോലിസിന് ലഭിച്ച നിയമോപദേശം.

Next Story

RELATED STORIES

Share it