Kerala

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാഷ്ട്രീയ എതിരാളികളെ അപമാനിക്കാനുള്ള സ്ഥിരംവേദി: മുല്ലപ്പള്ളി

മുമ്പ് പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇപ്പോഴത്തെ ഭരണകക്ഷി സംഘടനകള്‍ നടത്തിയിട്ടുള്ള അങ്ങേയറ്റം മ്ലേച്ഛമായ സമരമുറകള്‍ കേരളം മറന്നിട്ടില്ല.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാഷ്ട്രീയ എതിരാളികളെ അപമാനിക്കാനുള്ള സ്ഥിരംവേദി: മുല്ലപ്പള്ളി
X

തിരുവനന്തപുരം: കൊവിഡ് 19നെക്കുറിച്ച് നടത്തുന്ന വാര്‍ത്താസമ്മേളനം രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവരെ വിമര്‍ശിക്കാനും അപമാനിക്കാനുമുള്ള സ്ഥിരംവേദിയാക്കി മുഖ്യമന്ത്രി മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവുമൊടുവില്‍ പ്രതിപക്ഷ സംഘടനകളാണ് അദ്ദേഹത്തിന്റെ ഇര. സര്‍ക്കാരിന്റെ ധൂര്‍ത്തും പാഴ്ച്ചെലവും അല്‍പംപോലും കുറയ്ക്കാതെ സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരായാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ഭരണപക്ഷത്തുള്ള സര്‍ക്കാര്‍ ജീവനക്കാരും ഇതില്‍ പ്രതിഷേധിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി മനസ്സിലാക്കണം.

സര്‍ക്കാരിന്റെ പ്രതികാരനടപടിക്കു സാധ്യത ഉള്ളതിനാല്‍ അവര്‍ പ്രത്യക്ഷമായി രംഗത്തുവരുന്നില്ല. മുമ്പ് പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇപ്പോഴത്തെ ഭരണകക്ഷി സംഘടനകള്‍ നടത്തിയിട്ടുള്ള അങ്ങേയറ്റം മ്ലേച്ഛമായ സമരമുറകള്‍ കേരളം മറന്നിട്ടില്ല. കൊവിഡനെതിരേ രാപ്പകല്‍ ജീവന്‍ തൃണവല്‍ക്കരിച്ചും പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ലോക്ക് ഡൗണ്‍ വിജയിപ്പിക്കാന്‍ ഒരുമാസത്തോളമായി തെരുവുകളിലുള്ള പോലിസുകാര്‍, തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളും ജീവനക്കാരും, ഫയര്‍ഫോഴ്സുകാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഒരു വലിയ വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളവും അലവന്‍സും നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണ്.

ജീവനക്കാരില്‍നിന്ന് സ്വമനസാലെ വാങ്ങുക എന്നതാണ് ഏറ്റവും നല്ലമാര്‍ഗം. തിരിച്ചുനല്‍കാമെന്നു പ്രചരിപ്പിച്ചാണ് സര്‍ക്കാര്‍ ശമ്പളം പിടിച്ചെടുത്തത്. എന്നാല്‍, ഉത്തരവ് ഇറങ്ങിയപ്പോള്‍ തിരിച്ചടവിനെക്കുറിച്ച് മിണ്ടാട്ടമില്ല. അത് ജീവനക്കാരോടുകാട്ടിയ വഞ്ചനയായി അവര്‍ക്കു തോന്നിയാല്‍ കുറ്റംപറയാനാവില്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കെഎം ഷാജി എംഎല്‍എയെയും പ്രതിപക്ഷ നേതാവിനെയും തന്നെയുമൊക്കെ അപമാനിക്കാന്‍ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി ദുരുപയോഗിച്ചിട്ടുണ്ട്. കണ്ണൂരിലെ സിപിഎം നേതാവ് എന്നതില്‍നിന്ന് മുഖ്യമന്ത്രിയെന്ന നിലയിലേക്ക് പിണറായി വിജയന്‍ എന്നുവളരുമെന്ന് മുല്ലപ്പള്ളി ചോദിച്ചു.

Next Story

RELATED STORIES

Share it