Kerala

ലക്ഷദ്വീപില്‍ കടല്‍ പായല്‍ കൃഷിയുമായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം

സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക സഹായത്തില്‍ 9 ദ്വീപുകളിലായി വന്‍തോതിലുള്ള കടല്‍പായല്‍ കൃഷിക്ക് തുടക്കമിട്ടു.പ്രേരണ സിഎംഎഫ്ആര്‍ഐ പഠനം.പ്രതിവര്‍ഷം മുപ്പതിനായിരം ടണ്‍ കടല്‍ പായല്‍, 75 കോടി രൂപ നേടാമെന്ന് പഠനം

ലക്ഷദ്വീപില്‍ കടല്‍ പായല്‍ കൃഷിയുമായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം
X

കൊച്ചി: ലക്ഷദ്വീപില്‍ കടല്‍പായല്‍ കൃഷിക്കും തുടക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ദ്വീപില്‍ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടല്‍പായല്‍ കൃഷി വന്‍ വിജയമായതിനെ തുടര്‍ന്നാണിത്. ജനവാസമുള്ള ഒമ്പത് ദ്വീപുകളില്‍ വ്യാപകമായ തോതില്‍ കടല്‍പായല്‍ കൃഷി പരിചയപ്പെടുത്തുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ഇതിന്റെ ഭാഗമായി, സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക സഹായത്തോടെ വിവിധ ദ്വീപുകളിലായി 2500 ഓളം മുളകൊണ്ട് നിര്‍മിച്ച ചങ്ങാടങ്ങള്‍ ഉപയോഗിച്ച് പായല്‍കൃഷി ആരംഭിച്ചു. ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന കടല്‍പായലാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 10 സ്വയംസഹായക സംഘങ്ങളുള്‍പ്പെടെ ദ്വീപിലെ 100 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കടല്‍പായല്‍ കൃഷിയുടെ ഗുണഫലം ലഭിക്കുക.


ലക്ഷദ്വീപിലെ കടല്‍തീരങ്ങള്‍ പായല്‍കൃഷിക്ക് ഏറ്റവും അനയോജ്യവും മരുന്ന്ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഗുണകരമാകുന്ന മികച്ച കടല്‍പായലുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും സിഎംഎഫ്ആര്‍ഐ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. തദ്ദേശീയ പായല്‍വര്‍ഗങ്ങളുടെ കൃഷിക്ക്് ദ്വീപ് തീരങ്ങളില്‍ 45 ദിവസനത്തിനുള്ളില്‍ 60 മടങ്ങ് വരെ വളര്‍ച്ചാനിരക്ക് ലഭിക്കുമെന്നും പഠനം വെളിപ്പെടുത്തി. ഈ പഠനത്തിന്റെ വെളിച്ചത്തിലാണ് ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്ആര്‍ഐയുമായി ചേര്‍ന്ന് കില്‍ത്താന്‍, ചെത്ത്‌ല, കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷം കടല്‍പായല്‍ കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. പ്രതിവര്‍ഷം മുപ്പതിനായിരം ടണ്‍ കടല്‍ പായല്‍, 75 കോടി രൂപ

ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 75 കോടി രൂപയുടെ കടല്‍പായല്‍ ഉല്‍പാദിപ്പിക്കാമെന്ന് ഈ പഠനത്തിലൂടെ ബോധ്യപ്പെട്ടെന്ന് സിഎംഎഫ്ആര്‍ഐയിലെ സയന്റിസ്റ്റ് ഡോ മുഹമ്മദ് കോയ പറഞ്ഞു. വിവിധ ദ്വീപുകളിലെ 21,290 ഹെക്ടര്‍ വിസ്തൃതിയിലുള്ള ലഗൂണുകളുടെ (തീരക്കടല്‍) ഒരു ശതമാനം മാത്രം (200 ഹെക്ടര്‍) ഉപയോഗിച്ചാണിത്. ഏകദേശം മുപ്പതിനായിരം ടണ്‍ ഉണങ്ങിയ പായല്‍ ഓരോ വര്‍ഷവും വിളവെടുക്കാം. ഒരു ഹെക്ടറില്‍ നിന്നും 150 ടണ്‍ വരെ ഉല്‍പാദനം നേടാമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക നേട്ടത്തിന് പുറമെ, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും കടല്‍പായല്‍ കൃഷി അനുയോജ്യമാണ്. വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് പിടിച്ചുവെക്കാന്‍ കടല്‍പായലുകള്‍ക്ക് ശേഷിയുണ്ട്. സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ച അളവില്‍ കൃഷി ചെയ്യുന്നതിലൂടെ മാത്രം പ്രതിദിനം 6500 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഇത്തരത്തില്‍ പായലുകള്‍ക്ക് സംഭരിച്ചുവെക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക പിന്തുണയോടെ, ലക്ഷദ്വീപിലെ ഫിഷറീസ്, വനംപരിസ്ഥിതി, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി. കവരത്തിയില്‍ പ്രവര്‍ത്തിക്കുന്ന സിഎംഫ്ആര്‍ഐയുടെ കീഴിലുള്ള ലക്ഷദ്വീപ് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹകരണവുമുണ്ട്. കടല്‍പായല്‍ കൃഷി ജനകീയമാക്കല്‍, നൈപുണ്യ വികസനം എന്നിവയാണ് ആദ്യഘട്ട കൃഷിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം, കൃഷിയുടെ പാരിസ്ഥിതിക പ്രതിഫലനങ്ങള്‍, സ്ഥലനിര്‍ണയത്തിനുള്ള മാപ്പിംഗ്, ആഴമുള്ള സ്ഥലങ്ങളിലെ കൃഷിരീതി വികസനം തുടങ്ങിയ പഠനങ്ങള്‍ സിഎംഎഫ്ആര്‍ഐ ചെയ്ത് വരുന്നുണ്ട്.

Next Story

RELATED STORIES

Share it