Kerala

കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന് 75 വയസ്സ്; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടിക്ക് തുടക്കം

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിക്ക് തുടക്കമിട്ടു.1947ല്‍ ഫെബ്രുവരി മൂന്നിന് മറൈന്‍ ഫിഷറീസ് റിസര്‍ച്ച് സ്‌റ്റേഷന്‍ എന്ന പേരില്‍ മദ്രാസ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ മദ്രാസിലാണ് സിഎംഎഫ്ആര്‍ഐ സ്ഥാപിക്കപ്പെട്ടത്.

കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന് 75 വയസ്സ്; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടിക്ക് തുടക്കം
X

കൊച്ചി: ആഴക്കടലിന്റെ അറിവുകള്‍ തേടിയുള്ള കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) യാത്രക്ക് 75 വയസ്സ്. കടലില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടിച്ചെടുക്കുന്ന മല്‍സ്യങ്ങളുടെ കണക്കെടുപ്പു മുതല്‍ സമുദ്ര മത്സ്യ സമ്പത്തിന്റെ മൂല്യനിര്‍ണയവും കടലില്‍ നിന്നുള്ള ഔഷധ നിര്‍മ്മാണം വരെ എത്തി നില്‍ക്കുന്ന നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സിഎംഎഫ്ആര്‍ഐ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിക്ക് തുടക്കമിട്ടു.1947ല്‍ ഫെബ്രുവരി മൂന്നിന് മറൈന്‍ ഫിഷറീസ് റിസര്‍ച്ച് സ്‌റ്റേഷന്‍ എന്ന പേരില്‍ മദ്രാസ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ മദ്രാസിലാണ് സിഎംഎഫ്ആര്‍ഐ സ്ഥാപിക്കപ്പെട്ടത്.

സ്ഥാപകദിനാഘോഷ ചടങ്ങില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ജെ കെ ജെന മുഖ്യാതിഥിയായിരുന്നു. നാടിന്റെ ആവശ്യകതക്കനുസരിച്ച് ഗവേഷണത്തിന്റെ മുന്‍ഗണനകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ബദല്‍ ഉപജീവനമാര്‍ഗത്തിന് കരുത്ത് പകരുന്ന കടല്‍പായല്‍ കൃഷി, സമുദ്ര അലങ്കാരമത്സ്യകൃഷി പോലുള്ള സമുദ്രജലകൃഷിരീതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. ഇവ തീരദേശ മേഖലയിലുള്ളവര്‍ക്ക് വരുമാനവര്‍ധനവിനും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രമേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി കാലാവസ്ഥാവ്യതിയാന പഠനം പോലുള്ളവയ്ക്ക് സിഎംഎഫ്ആര്‍ഐ ഊന്നല്‍ നല്‍കുമെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാവിയിലെ മല്‍സ്യോല്‍പാദനം ത്വരിതപ്പെടുത്തുന്നതിനും തീരദേശ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വലിയ പങ്ക് വഹിക്കുന്ന സമുദ്രജലകൃഷി അനുയോജ്യമായ സമുദ്ര പ്രദേശങ്ങളില്‍ വിപുലമാക്കാന്‍ നിര്‍മിതബുദ്ധി പോലുള്ള സങ്കേതകങ്ങള്‍ പ്രയോജനപ്പെടുത്തി മല്‍സ്യകൃഷിരീതികള്‍ നവീകരിക്കും. കൂടാതെ, സമുദ്ര പരിസ്ഥിതി പരിപാലനം, സമുദ്രജൈവവൈവിധ്യ ഗവേഷണം, സമുദ്രമലിനീകരണ പഠനം, സാമൂഹിക സാമ്പത്തിക അവലോകനം, മത്സ്യരോഗനിര്‍ണയം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളില്‍ തുടര്‍ന്നും സിഎംഎഫ്ആര്‍ഐ വിപുലമായ ഗവേഷണ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ലോഗോയും തീം സോങും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ മിറിയം പോള്‍ ശ്രീറാം നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it