Kerala

നോ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടു, മാറ്റാന്‍ പറഞ്ഞ എഎസ്ഐക്ക് സിഐ വക തെറിയഭിഷേകം

തിരുവനന്തപുരം സൗത്ത് സോൺ ഐജിയാണ് സിഐയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‍തത്. ഫോർട്ട് എ സി, ഡിസിപി എന്നിവരുടെ റിപോർട്ടിനെത്തുടർന്നാണ് നടപടി എന്നാണ് റിപോര്‍ട്ടുകള്‍.

നോ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടു, മാറ്റാന്‍ പറഞ്ഞ എഎസ്ഐക്ക് സിഐ വക തെറിയഭിഷേകം
X

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നോ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന വാഹനം മാറ്റാൻ ആവശ്യപ്പെട്ട ട്രാഫിക് എഎസ്ഐയെ അസഭ്യം പറയുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുടയ്ക്കുകയും ചെയ്‍ത് സര്‍ക്കിള്‍ ഇന്‍സ്‍പെക്ടര്‍. സംഭവത്തില്‍ സിഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‍തു.

കഴിഞ്ഞ മാസം 30-ന് വൈകീട്ട് പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. നോ പാർക്കിങ് ബോർഡിനു കീഴിൽ നിർത്തിയിട്ടിരുന്ന കാർ മാറ്റാൻ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് എഎസ്ഐ ആവശ്യപ്പെട്ടതാണ് പ്രശ്‍നങ്ങൾക്ക് തുടക്കം. നെടുമങ്ങാട് സിഐ ആയിരുന്നു കാറില്‍. എന്നാല്‍ താൻ സിഐ. ആണെന്ന് വെളിപ്പെടുത്താതെ ഇദ്ദേഹം ട്രാഫിക്ക് പോലിസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയായിരുന്നു. നിയമനടപടി നേരിടുമെന്ന് പറഞ്ഞതോടെ അസഭ്യംവിളിയും തുടങ്ങി.

തുടര്‍ന്ന് മൊബൈൽഫോണിൽ ട്രാഫിക്ക് എഎസ്ഐ കാറിന്റെ ചിത്രം പകർത്തി. ഇതോടെ പ്രകോപിതനായ സിഐ ഫോൺ പിടിച്ചുവാങ്ങി കാറിനുള്ളിൽ എറിഞ്ഞുടച്ചു. കാറിന്റെ ഗ്ലാസിൽ തട്ടി തുറക്കാനാവശ്യപ്പെട്ടിട്ടും തുറക്കുകയോ ഫോൺ തിരികെ നൽകുകയോ ചെയ്‍തില്ല. ഒടുവിൽ വയർലെസിലൂടെ ട്രാഫിക് പട്രോൾ സംഘത്തെ വിവരമറിയിച്ചു.

കൂടുതൽ പോലിസുകാർ സ്ഥലത്തെത്തിയിട്ടും സി ഐ വാഹനം മാറ്റാൻ തയ്യാറായില്ല. തുടര്‍ന്ന് വാഹനം പിടിച്ചെടുക്കാൻ നടപടി ആരംഭിച്ചപ്പോഴാണ് താൻ സി ഐ ആണെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. പൊട്ടിച്ച ഫോൺ തിരികെനൽകിയ ഇയാൾ ഭീഷണിപ്പെടുത്തിയ ശേഷമാണ് മടങ്ങിയതെന്നും ട്രാഫിക്ക് എഎസ്ഐയുടെ പരാതിയിൽ പറയുന്നു.

തുടര്‍ന്ന് തിരുവനന്തപുരം സൗത്ത് സോൺ ഐജിയാണ് സിഐയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‍തത്. ഫോർട്ട് എ സി, ഡിസിപി എന്നിവരുടെ റിപോർട്ടിനെത്തുടർന്നാണ് നടപടി എന്നാണ് റിപോര്‍ട്ടുകള്‍. തിരുവനന്തപുരം ഡിസിആർബി ഡിവൈഎസ്‍പിക്കാണ് തുടർ അന്വേഷണച്ചുമതല. ഈ ഡിവൈഎസ്‌പിക്ക് മുന്നിൽ 14 ദിവസത്തിനകം സിഐ നേരിട്ടെത്തി നേരിട്ട് തെളിവെടുപ്പിന് ഹാജരാകാനും നിർദേശമുണ്ട്.

Next Story

RELATED STORIES

Share it